‘പീഡനശ്രമക്കേസ് പ്രതിയെ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്നു പുറത്താക്കണം’

Mail This Article
ആലപ്പുഴ ∙ പീഡനശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഇടതുപക്ഷ ട്രാൻസ്ജെൻഡർ സംഘടന നേതാവിനെ ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം. ഡിസിസി ഓഫിസിൽ നിന്നു പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് കലക്ടറേറ്റിനു മുന്നിൽ തടഞ്ഞു. ജസ്റ്റിസ് ബോർഡ് ചെയർമാനായ കലക്ടറെ നേരിൽ കണ്ട ശേഷമേ മടങ്ങു എന്നു പ്രഖ്യാപിച്ച് എട്ടോളം പ്രവർത്തകർ പൊരിവെയിലിൽ കലക്ടറേറ്റ് ഗേറ്റിന് മുന്നിൽ കിടന്നു മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത പീഡനശ്രമക്കേസിൽ 28 ദിവസം ജയിൽവാസം അനുഭവിച്ച പ്രതിയെ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്നു പുറത്താക്കാതെ കലക്ടർ സംരക്ഷിക്കുകയാണെന്നു പ്രവർത്തകർ ആരോപിച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഗ രഞ്ജിനി, സംസ്ഥാന രക്ഷാധികാരി അരുണിമ എം.കുറുപ്പ്, വൈസ് പ്രസിഡന്റ് അന്ന രാജു, സംസ്ഥാന സെക്രട്ടറി അദിക ജയ്മോൻ, അമയ പ്രസാദ്, ജില്ലാ പ്രസിഡന്റ് ശിവ എസ്.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.