ചെറുതോണിയിൽ ചെറുതല്ല അപകടങ്ങൾ; എപ്പോൾ വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാവുന്ന സ്ഥിതി

Mail This Article
ചെറുതോണി∙ ജില്ലാ ആസ്ഥാനത്ത് വാഹന അപകട സാധ്യതാ മേഖലയുടെ പട്ടികയെടുത്താൽ ഒന്നാം സ്ഥാനത്താണ് ചെറുതോണി ടൗണും പരിസര പ്രദേശങ്ങളും. രണ്ടു വശത്തും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള ടൗണിൽ എപ്പോൾ വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാ വുന്ന സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ 5 വർഷത്തെ ചരിത്രമെടുത്താൽ ഒട്ടേറെ അപകടങ്ങൾ ടൗണിനോട് അനുബന്ധിച്ചുള്ള റോഡുകളിൽ നടന്നുകഴിഞ്ഞു. ഒട്ടേറെ പേരുടെ ജീവനുകളാണ് ഈ അപകടങ്ങളിൽ പൊലിഞ്ഞത്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം മാടുകളുമായി വരികയായിരുന്ന വാൻ അടിമാലി റോഡിലെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായി പിറകോട്ട് ഓടി ഏതാനും പേർക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. അവധി ദിനമായതിനാൽ ദുരന്തം വഴിമാറുകയായിരുന്നു. കുത്തിറക്കവും കയറ്റവും നിറഞ്ഞ റോഡുകൾ തന്നെയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ടൗണിലെ അശാസ്ത്രീയ ട്രാഫിക് സംവിധാനവും വാഹന തിരക്കും അപകടം ക്ഷണിച്ചു വരുത്തുന്നു. തൊടുപുഴ – പുളിയൻമല റോഡിൽ പൈനാവിൽനിന്നു ചെറുതോണിയിലേക്കു വരുന്ന വാഹനങ്ങ ളാണ് പലപ്പോഴും നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നത്.
ദീർഘദൂരയാത്ര നടത്തിവരുന്ന ചരക്കു വാഹനങ്ങൾക്ക് മെഡിക്കൽ കോളജിന്റെ ഭാഗത്തെ ഇറക്കത്തിൽ വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയാണ്. ഇത്തരം വാഹനങ്ങൾ പൈനാവ് കഴിയുമ്പോൾ അൽപ നേരം നിർത്തി വിശ്രമിച്ചിട്ടു യാത്ര തുടർന്നാൽ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധ ഡ്രൈവർമാർ പറയുന്നു. അപകട സാധ്യതാ മേഖലകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും വേണം. ഇതിനൊപ്പം ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്തുകയും വേണം.