ഒരാഴ്ച മുൻപ് ചോർച്ച അടച്ച പൈപ്പുകളെല്ലാം പൊട്ടിത്തുടങ്ങി

Mail This Article
ചെറുതോണി ∙ തടിയമ്പാട് ടൗണിനോടു ചേർന്ന് ഒരാഴ്ച മുൻപ് ജല അതോറിറ്റി ചോർച്ച അടച്ച പൈപ്പുകളെല്ലാം ഒന്നൊന്നായി വീണ്ടും പൊട്ടിത്തുടങ്ങി. ഇതോടെ തടിയമ്പാട് – വാഴത്തോപ്പ് – ചെറുതോണി റോഡിന്റെ പുനരുദ്ധാരണ ജോലികൾ പ്രതിസന്ധിയിലായി. റോഡ് നിർമാണത്തിനു മുന്നോടിയായി അടിയന്തരമായി ചോർച്ച അടയ്ക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദേശത്തെ തുടർന്നായിരുന്നു മാസങ്ങളായി ശുദ്ധജലം പാഴായി കൊണ്ടിരുന്ന ഭാഗങ്ങളിലെ ചേർച്ച തടയാൻ ജല അതോറിറ്റിയുടെ കരാറുകാർ റോഡിൽ ഇറങ്ങിയത്.ടൗണിൽ നിന്ന് 600 മീറ്ററിനുള്ളിൽ അഞ്ചിടത്ത് ഉണ്ടായിരുന്ന ചോർച്ചയാണ് കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കരാർ ജീവനക്കാർ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് മാറ്റി അടച്ചത്.
എന്നാൽ ആദ്യ ദിവസം തന്നെ ടൗണിനോട് ചേർന്നുള്ള ആദ്യ ഭാഗത്തെ പൈപ്പ് വീണ്ടും പൊട്ടി. മലയാള മനോരമയിൽ ഇതു വാർത്തയായതിനു പിന്നാലെ ഇവിടെ വീണ്ടും പൈപ്പ് മാറ്റി ചോർച്ച അടച്ചിരുന്നു. തുടർന്ന് ഇന്നലെ പൊതുമരാമത്ത് റോഡിന്റെ നിർമാണത്തിനായി തൊഴിലാളികൾ എത്തിയപ്പോൾ ആശുപത്രി ജംക്‌ഷനു സമീപമുള്ള പൈപ്പ് വീണ്ടും പൊട്ടിയ കാഴ്ചയാണ് കണ്ടത്. ഈ സാഹചര്യത്തിൽ ചോർച്ച അടച്ച മറ്റ് ഭാഗങ്ങളിലെ പൈപ്പുകളും ഏതു നിമിഷവും പൊട്ടുമെന്നാണു കരുതുന്നത്. നിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ച് ചോർച്ച അടച്ചതിനാലാണു വീണ്ടും വീണ്ടും പൈപ്പുകൾ പൊട്ടുന്നതെന്നു നാട്ടുകാർ പറയുന്നു.
ഇതോടെ റോഡ് നിർമാണം പ്രതിസന്ധിയിലായി. വർഷങ്ങളായി അറ്റകുറ്റ പണികൾ ഇല്ലാതെ തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു ജില്ലാ ആസ്ഥാനത്തെ ഈ പ്രധാന റോഡ്. വഴി നീളെയുള്ള ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയാണ് റോഡ് ഈ രീതിയിൽ തകർന്നതെന്നും ആക്ഷേപമുണ്ട്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ അറ്റകുറ്റ പണികൾ നടത്തുന്നതിനു പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഫലപ്രദമായി ചോർച്ച അടയ്ക്കാതെ റോഡ് നിർമാണം നടത്തിയാൽ ഒരു മാസത്തിനുള്ളിൽ തന്നെ റോഡിന്റെ കഥ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.