സ്വകാര്യ ബസ് സമരം പിൻവലിച്ചു

Mail This Article
ചക്കരക്കൽ ∙ ഓട്ടോറിക്ഷ തൊഴിലാളികൾ ഡ്രൈവറെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് സ്വകാര്യ ബസുകൾ നടത്തിവന്ന പണിമുടക്ക് സമരം പിൻവലിച്ചു. ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ സിഐ ശ്രീജിത് കൊടേരി വിളിച്ചുചേർത്ത ബസ് ഉടമസ്ഥ സംഘടന, തൊഴിലാളി സംഘടന, ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇന്നുമുതൽ സാധാരണ നിലയിൽ ബസുകൾ സർവീസ് നടത്തും.
ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. കണ്ണൂർ–കാപ്പാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ മുന്നിൽ ഓട്ടോറിക്ഷ സമാന്തര സർവീസ് നടത്തിയെന്നാരോപിച്ച് ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ തിലാന്നൂർ കുന്നിൽ വച്ച് തർക്കമുണ്ടായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾ ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക് തുടങ്ങിയത്.
കാപ്പാട് റൂട്ടിൽ സർവീസ് നടത്തിയ ബസുകൾ മാത്രമായിരുന്നു ബുധനാഴ്ച പണിമുടക്ക് നടത്തിയതെങ്കിൽ ഇന്നലെ സമരം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കണ്ണൂരിൽ നിന്ന് കാപ്പാട്, ഏച്ചൂർ വഴി ചക്കരക്കൽ ഭാഗത്തേക്ക് പോകുന്ന ബസുകളും ചക്കരക്കല്ലിൽ നിന്ന് മുഴപ്പാല, കൂത്തുപറമ്പ്, മട്ടന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഇന്നലെ പണിമുടക്കി. ഇതോടെ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമാവുകയും ചെയ്തു.
സ്വകാര്യ ബസിനു മുന്നിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ യാത്രക്കാരെ വിളിച്ചു കയറ്റുന്നതു സംബന്ധിച്ച് പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കാനും കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത ഓട്ടോ തൊഴിലാളികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചക്കരക്കൽ വഴി സർവീസ് നടത്തുന്ന എല്ലാ ബസുകളും രാവിലെ 7 മുതൽ രാത്രി 7 വരെയുള്ള സമയങ്ങളിൽ ബസ് സ്റ്റാൻഡിൽ കയറുക, ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് തടയുക എന്നിവയും യോഗത്തിൽ ധാരണയായി.
ബസ് ഉടമസ്ഥ സംഘടനകളെ പ്രതിനിധീകരിച്ച് രാജ്കുമാർ കരുവാരത്ത്, പി.കെ.പവിത്രൻ, കെ.പി.മുരളീധരൻ, തൊഴിലാളി സംഘടനാ പ്രതിനിധി വി.വി.പുരുഷോത്തമൻ, കെ.രാജൻ, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധികളായി പി.പ്രകാശൻ, എം.ലജിത്ത്, ഇ.കെ.മുസമ്മിൽ, ടി.ഫിറോസ്, കെ.കുമരേശൻ, ചക്കരക്കൽ എസ്ഐ എം.സി.പവനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.