ദേശീയപാത വികസനം: കോട്ടയം ജില്ലയിൽ 4 ബൈപാസുകൾ വരുന്നു; അലൈൻമെന്റുകൾ ഇങ്ങനെ..

Mail This Article
കോട്ടയം ∙ വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നതു പരമാവധി ഒഴിവാക്കാൻ ജില്ലയിൽ ദേശീയപാത വികസനത്തിൽ 4 ബൈപാസ് ശുപാർശകൾ.ദേശീയപാത 183ന്റെ വികസനത്തിന്റെ ഭാഗമായി കോട്ടയം, പാമ്പാടി, കൊടുങ്ങൂർ, പുളിക്കൽ കവല ബൈപാസുകൾക്കാണു നിർദേശം. ഫ്രാൻസിസ് ജോർജ് എംപി വിളിച്ച, ദേശീയപാത വികസനം സംബന്ധിച്ച യോഗത്തിലെ നിർദേശങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയം (മോർത്ത്) ഉടൻ ചർച്ച ചെയ്യും.
ബൈപാസുകൾ സംബന്ധിച്ച നിർദേശങ്ങൾ കൺസൽറ്ററ് ഏജൻസി അടുത്ത ദിവസം മോർത്ത് അധികൃതർക്കു കൈമാറും. കോട്ടയം ബൈപാസ് സംബന്ധിച്ച പ്രാഥമിക അലൈൻമെന്റ് നേരത്തെ കൈമാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ യോഗത്തിലെ നിർദേശങ്ങൾക്കൂടി ചേർത്ത് പുതിയ അലൈൻമെന്റ് മോർത്തിന് കൈമാറും.കോട്ടയം, മണർകാട്, പാമ്പാടി ഭാഗങ്ങളിലെ കെട്ടിടങ്ങൾ വ്യാപകമായി പൊളിക്കുന്നത് ഒഴിവാക്കാനാണു ബൈപാസ് നിർദേശിക്കുന്നത്.
നിർദേശങ്ങൾ
∙കോട്ടയം ബൈപാസ്
ദേശീയപാത 183ൽ മുളങ്കുഴ ജംക്‌ഷനിൽ പുതിയ ബൈപാസ് ആരംഭിക്കും. മുളങ്കുഴയിൽനിന്ന് 100 മീറ്റർ തിരിഞ്ഞ് കാക്കൂർ ജംക്‌ഷനിൽ എത്തി അവിടെ നിന്ന് ലുലുമാളിന്റെ പിൻവശം വഴി ഈരയിൽക്കടവ്– മണിപ്പുഴ ബൈപാസിൽ എത്തും. ഇവിടെനിന്ന് ഈരയിൽക്കടവ് ബൈപാസ് വഴി തന്നെ മുന്നോട്ട് പോയി മുപ്പായിപ്പാടം റോഡിന്റെ ഭാഗത്തു തിരിഞ്ഞ് കൊടൂരാർ തീരം വഴി മുന്നോട്ട്. റെയിൽവേ ലൈൻ കടന്ന് പാടശേഖരങ്ങൾ വഴി തന്നെ റോഡ് നിർമിക്കാനാണു നിർദേശം. കോട്ടയം– പുതുപ്പള്ളി റോഡ് കോട്ടയം ഭാഗത്തുനിന്നു വരുമ്പോൾ പുതുപ്പള്ളി ജംക്‌ഷന് 500 മീറ്റർ മുൻപായി മുറിച്ച് കടക്കും. പുതുപ്പള്ളി– മണർകാട് റോഡ്, പുതുപ്പള്ളി– പയ്യപ്പാടി, പയ്യപ്പാടി– കൊച്ചുമറ്റം റോഡുകൾ കടന്ന് വെള്ളൂരിൽ നിലവിലെ ദേശീയപാതയിൽ എത്തും.
∙ പാമ്പാടി ബൈപാസ്
വട്ടമലപ്പടി ഭാഗത്തു നിന്ന് കോട്ടയം –പാമ്പാടി റൂട്ടിൽ റോഡിന്റെ ഇടതുവശം വഴി ചേന്നംപള്ളി ഭാഗത്ത് എത്തുംവിധമാണ് ബൈപാസ് നിർദേശം.
∙ പുളിക്കൽകവല ബൈപാസ്
പുളിക്കൽ കവലയിലെ വലിയ വളവ് ഒഴിവാക്കുന്നതിനായി പുളിക്കൽ കവലയ്ക്കു മുൻപായി 13ാം മൈൽ വളവിൽ ബൈപാസ് ആരംഭിക്കും. നെടുമാവിന് സമീപം നിലവിലെ പാതയിൽ ചേരും. പാമ്പാടിയിൽനിന്നു പൊൻകുന്നം പോകുമ്പോൾ ഇടതുവശത്താണ് ബൈപാസ്.
∙ കൊടുങ്ങൂർ ബൈപാസ്
15ാം മൈലിൽനിന്ന് 17ാം മൈലിലേക്ക് ബൈപാസിനാണു നിർദേശം. കൊടുങ്ങൂരിൽ നിലവിലെ പാതയിൽ വളവുകളും കയറ്റിറക്കങ്ങളും ബൈറോഡുകളുമുള്ളത് വെല്ലുവിളിയാണ്. ഇവിടെയും ഇപ്പോഴത്തെ റോഡിന്റെ ഇടതുവശത്താണ് ബൈപാസിന്റെ നിർദിഷ്ട സ്ഥാനം.