ഒരുമയുടെ താളത്തിൽ കൊട്ടിയാടി മൂന്നിയൂർ കോഴിക്കളിയാട്ടം
Mail This Article
തിരൂരങ്ങാടി ∙ ഭക്തരെ ആനന്ദലഹരിയിൽ ആറാടിച്ചു മൂന്നിയൂർ കോഴിക്കളിയാട്ടം കൊണ്ടാടി. ഒരുമയുടെ താളത്തിൽ കൊട്ടിയാടി നൃത്തംവച്ചു വഴിനിറഞ്ഞൊഴുകിയെത്തിയ പൊയ്ക്കുതിര സംഘങ്ങൾ കാവിലമ്മയുടെ ഉത്സവത്തിനു വിസ്മയക്കാഴ്ചകളൊരുക്കി. മഴ മാറിനിന്ന പകലിൽ കളിയാട്ടക്കാവിലേക്കുള്ള വഴികൾ രാവിലെ മുതൽ ദേവീസ്തുതികളാൽ നിറഞ്ഞു. ചെണ്ടകൊട്ടി നൃത്തം ചെയ്തു കളിയാട്ടക്കാവിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ പൊയ്ക്കുതിരകളെ ദേവിക്കു സമർപ്പിച്ചു. കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും.
ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലിയോടെ തുടങ്ങുന്ന കളിയാട്ടത്തിലെ ഏക പകൽ ഉത്സവമാണ് രണ്ടാം വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം. ദേവീചിത്രങ്ങൾക്കു പുറമേ മുസ്‌ലിം, ക്രിസ്ത്യൻ പ്രതീകങ്ങളടങ്ങുന്ന ഒട്ടേറെ പൊയ്ക്കുതിരകളുമായി വിവിധ ദേശക്കാർ എത്തിയതു നാടിന്റെ മതസൗഹാർദ സന്ദേശവുമായി. വിവിധ ആൽത്തറകൾക്കു പുറമേ, മമ്പുറം മഖാമിൽ പ്രദക്ഷിണം നടത്തിയും മുട്ടിച്ചിറ പള്ളിയിൽ കാണിക്കയിട്ടുമാണു പൊയ്ക്കുതിര വരവു കടന്നു പോയത്.
പുലർച്ചെ മുതൽ വിവിധ ദേശങ്ങളിൽനിന്നു ഭക്തർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ ആചാരപ്രകാരം സാംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘം പൊയ്ക്കുതിരകളുമായി ആദ്യം ക്ഷേത്രത്തിൽ പ്രവേശിച്ചു കാവുതീണ്ടൽ കർമം നടത്തി. കാരണവർ കാവുടയ നായർ മുറത്തിലിരുന്നു കുതിരപ്പണം വാങ്ങി പൊയ്ക്കുതിരകളുടെ ഓലചീന്തി കുതിരപ്ലാക്കൽ തറയിൽ പൊയ്ക്കുതിരകളെ തച്ചുടയ്ക്കുന്നതിനുള്ള അനുവാദം നൽകി. അതോടെ വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. ആചാരപൂർവം ദക്ഷിണ നൽകി പൊയ്ക്കുതിരകളെ തച്ചുടച്ചു.
പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്നു വിശ്വസിക്കുന്ന ആൽത്തറ എന്നിവ ചുറ്റിയാണു പൊയ്ക്കുതിരസംഘങ്ങൾ ക്ഷേത്രത്തിലെത്തിയത്. വൈകിട്ടോടെ കളിയാട്ടക്കാവ് പതിനായിരങ്ങളുടെ സംഗമവേദിയായി. മതസൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട കളിയാട്ടത്തിനു ജാതി -മത ഭേദമന്യേ ജനം സംഗമിച്ചു. ചെറിയ കുതിരകൾ മുതൽ കൂറ്റൻ കുതിരകൾ വരെ ഇത്തവണയുണ്ടായിരുന്നു. കൃഷി ഉത്സവം കൂടിയായ കളിയാട്ടത്തോടനുബന്ധിച്ചു വിവിധയിനം വിത്തുകളുടെയും കൃഷി ഉപകരണങ്ങളുടെയും വിപണനത്തിനും ആവശ്യക്കാരേറെയായിരുന്നു.