ഇനി കാത്തിരിപ്പ് ഔദ്യോഗിക പ്രഖ്യാപനത്തിന്
Mail This Article
മലപ്പുറം∙തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കുന്നതിന് ഔദ്യോഗിക പ്രഖ്യാപനം കാത്ത് രാഷ്ട്രീയ പാർട്ടികൾ. പ്രധാന മുന്നണികളെല്ലാം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാൽ പ്രചാരണം ചൂടുപിടിച്ചിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ റോഡ് ഷോയും പ്രമുഖരെ സന്ദർശിക്കലുമായി കളം നിറഞ്ഞെങ്കിലും പിന്നീട് വേഗം കുറച്ചു. കടുത്ത ചൂടിനൊപ്പം റമസാൻ വ്രതം ആരംഭിക്കുക കൂടി ചെയ്തതോടെ പ്രചാരണത്തിന്റെ ആവേശം പിന്നെയും തണുത്തു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കാണ് എൽഡിഎഫും യുഡിഎഫും മുൻഗണന നൽകുന്നത്. മുസ്‌ലിം ലീഗ്, നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നൽകിയത് പ്രചാരണായുധമാക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച ശക്തമായ നിലപാടാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. ഇരു മുന്നണികളും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണമാണ് ബിജെപിയുടേത്.
പൊന്നാനിയിലും മലപ്പുറത്തും മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ അണിനിരന്നതിനാൽ മത്സരചിത്രം തെളിഞ്ഞു. ഇരു മണ്ഡലങ്ങളിലും യുഡിഎഫിനും എൽഡിഎഫിനും ശേഷം കളത്തിലിറങ്ങിയ ബിജെപി സ്ഥാനാർഥികൾ ആദ്യവട്ട ഓട്ടപ്പാച്ചിലിലാണ്. വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. രാഹുൽ ഗാന്ധി മത്സരിക്കുമെന്നുറപ്പായതിനാൽ പ്രചാരണ സംവിധാനങ്ങൾ ഉടൻ പൂർണ തോതിൽ പ്രവർത്തിച്ചുതുടങ്ങുമെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു.
ഇവിടെ ബിജെപി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ പേര് ചർച്ചയിലുണ്ടെങ്കിലും ഉറപ്പിക്കാറായിട്ടില്ല.തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്നും ഏപ്രിൽ പകുതിയോടെ പൂർത്തിയാകുമെന്നുമാണ് രാഷ്ട്രീയ പാർട്ടികളുടെ നിഗമനം. ഇതു നീണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവാത്തതിനാൽ ഓട്ടപ്പാച്ചിലിന്റെ വേഗമൊന്നു കുറയ്ക്കാൻ തന്നെയാണ് പാർട്ടികളുടെ തീരുമാനം.