ADVERTISEMENT

മലപ്പുറം 
∙ റമസാനും പെരുന്നാളും കഴിഞ്ഞതോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചൂടേറി. മലപ്പുറം മണ്ഡലം യുഡിഎഫ് ലോക്സഭാ  സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ പ്രചാരണം ശക്തമാക്കി. ഇന്നലെ മലപ്പുറം മണ്ഡലത്തിലെ മൊറയൂർ പ‍ഞ്ചായത്തിൽനിന്നായിരുന്നു തുടക്കം.പര്യടന പരിപാടി മോങ്ങത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മലപ്പുറം ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ മജീദ് ആധ്യക്ഷ്യം വഹിച്ചു.






മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ മൊറയൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ മൊറയൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.സൈതലവി, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, പി.അബ്ദുൽ ഹമീദ്, ടി.വി.ഇബ്രാഹിം, പി.ഉബൈദുല്ല, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മഞ്ഞളാംകുഴി അലി, കെ.എൻ.എ.ഖാദർ, മുസ്തഫ അബ്ദുൽ ലത്തീഫ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സി.വേലായുധൻ കുട്ടി, കൺവീനർ പി.എ.സലാം തുടങ്ങിയവർ പ്രസംഗിച്ചു.മൊറയൂരിൽ കാരാതടം, ബിരിയപ്പുറം, എടാടി, തോട്ടേരിപ്പാറ, പൂതന പറമ്പ്, സ്കൂൾ പടി, ചുള്ളീരി, താഴെ മോങ്ങം, വാലഞ്ചേരി, താന്നിക്കൽ, കുടുംബിക്കൽ, നെരവത്ത്, പള്ളിമുക്ക്, പലേക്കോട്, വെസ്റ്റ് ബസാർ, ചോലക്കൽ, കളത്തിപറമ്പ്, എടപ്പറമ്പ്, പൂന്തലപറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ പര്യടനം നടത്തി.


മലപ്പുറം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.അബ്ദുൽസലാം പെരിന്തൽമണ്ണ മണ്ഡലത്തിലെ ഒലിങ്കരയിൽ നഗരസഭയുടെ നേതൃത്വത്തിലുള്ള ഫ്ലാറ്റ് സന്ദർശിച്ചു കാര്യങ്ങൾ ചോദിച്ചറിയുന്നു.
മലപ്പുറം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.അബ്ദുൽസലാം പെരിന്തൽമണ്ണ മണ്ഡലത്തിലെ ഒലിങ്കരയിൽ നഗരസഭയുടെ നേതൃത്വത്തിലുള്ള ഫ്ലാറ്റ് സന്ദർശിച്ചു കാര്യങ്ങൾ ചോദിച്ചറിയുന്നു.

∙ ജാഥകളോ സമ്മേളനങ്ങളോ ഇല്ലാതെ പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് അഭ്യർഥിക്കാനാണ് എൽഡിഎഫ് സ്ഥാനാർഥിയായ വി.വസീഫ് ഇന്നലെ സമയം ചെലവഴിച്ചത്. രാവിലെ ഒൻപതോടെ കൊണ്ടോട്ടിയിലായിരുന്നു തുടക്കം. പ്രധാന വ്യക്തികളെയെല്ലാം നേരിട്ടുകണ്ട് വോട്ട് അഭ്യർഥിച്ചു. പിന്നീട് മ​ഞ്ചേരിയിലെത്തി, സിഐടിയു സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുത്തു. പ്രദേശത്തുള്ളവരോടെല്ലാം വോട്ട് അഭ്യർഥിച്ചു.

പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി 
എം.പി.അബ്ദുസ്സമദ് സമദാനി തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ.
പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ.

വള്ളിക്കുന്ന് മണ്ഡലത്തിലും ആളുകളെ നേരിട്ടു കണ്ട് വോട്ട് അഭ്യർഥിക്കാൻ വസീഫ് സമയം കണ്ടെത്തി. ഇന്നു മുതലാണ് എൽഡിഎഫിന്റെ വാഹനറാലിക്കു തുടക്കമാകുന്നത്. ഇന്നു രാവിലെ കൊണ്ടോട്ടിയിലാണ് ഇതിന്റെ തുടക്കം. ഒരു നിയോജക മണ്ഡലത്തിൽ ഒരു ദിവസമെന്ന രീതിയിലാണ് വാഹനറാലി ആസൂത്രണം ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തിലെ 33 ഇടങ്ങളിൽ വോട്ടഭ്യർഥനയുമായി വാഹനറാലിയും സ്ഥാനാർഥി വസീഫും എത്തും. 

പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാ‍ർഥി കെ.എസ്.ഹംസ തൃപ്രങ്ങോട് പ്രചാരണത്തിനിടെ.
പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാ‍ർഥി കെ.എസ്.ഹംസ തൃപ്രങ്ങോട് പ്രചാരണത്തിനിടെ.

∙ പെരിന്തൽമണ്ണയിലെ ഒലിങ്കരയിലുള്ള നഗരസഭയുടെ ഫ്ലാറ്റ് സമുച്ചയത്തിലേക്കായിരുന്നു എൻഡിഎ സ്ഥാനാർഥി ഡോ. എം.അബ്ദുൽസലാമിന്റെ ആദ്യ പര്യടനം. രാവിലെ 10.30ന് എത്തിയ അദ്ദേഹം അവിടെയുള്ള താമസക്കാരോട് സംവദിച്ചു. ഫ്ലാറ്റ് സമുച്ചയത്തിന്റെ സ്ഥിതി വളരെ പരിതാപകരമാണെന്നും ശുചിമുറി മാലിന്യം വരെ പുറത്തേക്കൊഴുകുന്ന സ്ഥിതിയുണ്ടെന്നും താമസക്കാരിലൊരാൾ പരാതിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിലെ ഒരു ബിജെപി പ്രവർത്തകന്റെ വീടു സന്ദർശിച്ച ശേഷം ബിജെപി കോർ കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുക്കാനായി ഡോ. എം.അബ്ദുൽ സലാം മലപ്പുറത്തേക്കു തിരിച്ചെത്തി. തുടർന്ന് മലപ്പുറം നിയോജകമണ്ഡലം തല കൺവൻഷനിൽ പങ്കെടുത്തു. രാത്രി പാണ്ടിക്കാട്ട് നടന്ന കൺവൻഷനായിരുന്നു അബ്ദുൽ സലാമിന്റെ ഇന്നലത്തെ കാര്യപരിപാടികളിൽ അവസാനത്തേത്.



പൊന്നാനി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ കപ്പൂർ ചാലിശ്ശേരിയിൽ വോ‍ട്ട് അഭ്യർഥിക്കുന്നു.
പൊന്നാനി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ കപ്പൂർ ചാലിശ്ശേരിയിൽ വോ‍ട്ട് അഭ്യർഥിക്കുന്നു.

പൊന്നാനി
∙ എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ ഇന്നലെ തൃത്താല നിയോജക മണ്ഡലത്തിലെ കപ്പൂരിലാണ് പ്രചാരണം നടത്തിയത്. രാവിലെ കപ്പൂർ ക്രിസ്ത്യൻ പള്ളിയിലെ സന്ദർശനത്തോടെയാണ് പ്രചാരണം തുടങ്ങിയത്. ന്യൂനപക്ഷ മോർച്ച യോഗത്തിൽ പങ്കെടുത്തു. നാലു സെന്റ് കോളനി, ചാലിശ്ശേരി, അല്ലൂർ, കക്കാട്ടിരി എന്നിവിടങ്ങളിലുമെത്തി സ്ഥാനാർഥി വോട്ട് തേടി. ഇതിനിടെ കപ്പൂരിലെ അടയ്ക്ക കമ്പനിയിലുമെത്തി ഇവിടെയുള്ള തൊഴിലാളികളോടു വോട്ട് അഭ്യർഥിച്ചു. പാറക്കുളത്തും പള്ളങ്ങാട്ടുചിറയിലും നടന്ന ബൂത്ത് കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. 15ന് കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ പങ്കെടുത്ത ശേഷം മണ്ഡലത്തിലേക്ക് തിരിച്ചെത്തുന്ന നിവേദിത പിന്നീടുള്ള പ്രചാരണം തുറന്ന വാഹനത്തിലാക്കും.

∙ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽനിന്നായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ പ്രചാരണത്തുടക്കം. ഇവിടെ ഉത്സവത്തിന്റെ ഭാഗമായി ദ്രവ്യകലശം നടക്കുകയാണ്. ഇതിന്റെ ഭാഗമായി എത്തിയവരെയും ഭക്തരെയും കണ്ട് സമദാനി വോട്ടു തേടി. തുടർന്ന് തിരുനാവായ വാരിയർ മഠം സന്ദർശിച്ചു. പിന്നീട് കോട്ടയ്ക്കലിലേക്കു പോയി. ഇവിടെ എൽഇഡി സ്ക്രീനുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി നിർമിച്ച ഡോക്യുമെന്ററി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനാണ് ഇത്തരം വണ്ടികൾ എത്തിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈ വണ്ടികൾ ഫ്ലാഗ് ഓഫ് ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർക്കൊപ്പം സ്ഥാനാർഥിയും ഈ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കോട്ടയ്ക്കലിലെ തന്നെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി. നാളെ മുതൽ തുറന്ന വാഹനത്തിലാണ് സമദാനിയുടെ പ്രചാരണം.

∙ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസ ഇന്നലെ തുഞ്ചൻപറമ്പിൽനിന്നാണ് പ്രചാരണം തുടങ്ങിയത്. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിലും സന്ദർശനം നടത്തിയ ശേഷം തൃപ്രങ്ങോട്ടെത്തി. ഇവിടെ ക്ഷേത്രത്തിനു സമീപത്ത് പ്രചാരണം നടത്തി. തുടർന്ന്, സാഹിത്യ നിരൂപകനായിരുന്ന തൃപ്രങ്ങോട് കുട്ടിക്കൃഷ്ണ മാരാരുടെ തറവാട്ടിലും സന്ദർശനം നടത്തി. തിരുനാവായ മണിക്കിണർ, നിലപാടുതറ, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങളിലും ഹംസ സന്ദർശനം നടത്തി. പൊന്നാനിയിലെ ഇടശ്ശേരി മന്ദിരത്തിലെത്തിയ സ്ഥാനാർഥി ഇടശ്ശേരിയുടെ 50–ാം ചരമവാർഷികത്തിന്റെ ഭാഗമായി നടന്ന സെമിനാറിലും പങ്കെടുത്തു. ഇവിടെ നിന്ന് ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, ഇടശ്ശേരി എന്നിവരുടെ സ്മാരകങ്ങളുള്ള കൊല്ലൻപടിയിലെ കവിമുറ്റത്തും സന്ദർശനം നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കരുവാട്ട് മനയിലും പൊന്നാനി മിസിരിസ് പള്ളിയിലും സന്ദർശനം നടത്തി. ഇന്നു മുതൽ ഹംസ തുറന്ന വാഹനത്തിലാണ് പര്യടനം നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com