ട്രെയിനുകളിൽ ഇനി ‘അവൾ’ സുരക്ഷിത; സ്റ്റേഷനും പരിസരവും കൂടുതൽ സ്ത്രീ സൗഹൃദമാക്കാൻ പശ്ചിമ റെയിൽവേ

Mail This Article
മുംബൈ∙ ട്രെയിൻ യാത്രയും റെയിൽവേ പരിസരവും കൂടുതൽ സ്ത്രീ സൗഹൃദമാക്കാൻ പശ്ചിമ റെയിൽവേ ഒരുങ്ങുന്നു. ഇതിനായി സമഗ്ര പ്രോട്ടോക്കോൾ റെയിൽവേ അവതരിപ്പിച്ചു. ചർച്ച്ഗേറ്റിനും ഡഹാണുവിനും ഇടയിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ആദ്യ ഘട്ടത്തിൽ നടപ്പാക്കും. മികച്ച സൗകര്യങ്ങളുള്ള ശുചിമുറികൾ, പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ, മുലയൂട്ടൽ കേന്ദ്രം, ലേഡീസ് കോച്ചുകൾ നിർത്തുന്നിടത്ത് പ്ലാറ്റ്ഫോമിൽ പ്രത്യേകം ബൾബുകൾ, സിസിടിവി ക്യാമറ എന്നിവ ഒരുക്കും. വനിതാ റെയിൽവേ ജീവനക്കാർക്ക് നൽകേണ്ട പ്രത്യേക സൗകര്യങ്ങളും പ്രോട്ടോക്കോൾ മുന്നോട്ടുവയ്ക്കുന്നു.
മുലയൂട്ടൽ കേന്ദ്രത്തിൽ മെച്ചപ്പെട്ട സൗകര്യം, ബേബി ബാഗുകൾ വയ്ക്കാനുള്ള ഇടം എന്നിവയും ശുചിമുറിയിൽ ഹാങർ, സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ എന്നിവയും ഒരുക്കും. ഇവിടങ്ങളിൽ സ്ത്രീ തൊഴിലാളികളെ നിയമിക്കും. റെയിൽവേ സ്റ്റേഷനിൽ ഇരുട്ടുള്ള പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കും. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയുന്നതിനും അക്രമം നേരിടുന്ന സ്ത്രീകൾക്ക് പരാതിപ്പെടാനുള്ള സഹായം ഒരുക്കാനും ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. സ്റ്റേഷനുകളിലെല്ലാം അതിക്രമങ്ങൾക്ക് എതിരെയുള്ള പോസ്റ്ററുകളും ഹെൽപ്‌ലൈൻ നമ്പറുകളും പതിക്കും.
30 ശതമാനവും സ്ത്രീ യാത്രക്കാർ
∙ ലോകത്തെ ആദ്യത്തെ വനിതാ സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയത് 1992ൽ പശ്ചിമ റെയിൽവേയിലാണ്.
∙ പത്ത് വനിതാ സ്പെഷൽ ട്രെയിനുകൾ നിലവിൽ പശ്ചിമ റെയിൽവേയിൽ സർവീസ് നടത്തുന്നു
∙ മുംബൈ സബേർബനിലെ ആകെ യാത്രക്കാരിൽ 25 ശതമാനം സ്ത്രീകൾ
∙ ദീർഘദൂര യാത്രക്കാരിൽ 30 ശതമാനവും സ്ത്രീകൾ