ADVERTISEMENT

തിരുവനന്തപുരം∙ ജീവനോടെ കാണാൻ കൊതിച്ചവരുടെ സങ്കടക്കടലിനു നടുവിലേക്ക് നമ്പി രാജേഷ് നിശ്ചലനായെത്തി. മസ്കത്തിൽ ആൻജിയോപ്ലാസ്റ്റിക്ക്  വിധേയനായ രാജേഷിനടുത്തെത്താൻ ടിക്കറ്റെടുത്തിട്ടും എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം  2 തവണ യാത്ര മുടങ്ങിയ ഭാര്യ അമൃതയും 2 കുഞ്ഞുമക്കളും ഒന്നുറക്കെ കരയാൻ പോലും ശേഷിയില്ലാതെ അരികിൽ തളർന്നിരുന്നു.രാജേഷിന്റെ അമ്മ മലർവിഴി അലമുറയിട്ടു. ഉറ്റവരെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർ പാടുപെട്ടു. കരമന നെടുങ്കാട്ടെ വാടക വീട്ടിലും സംസ്കാരം നടന്ന  തൈക്കാട് പുത്തൻചന്ത വിശ്വകർമ സമുദായ ശ്മശാനത്തിലും നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 

വിമാനക്കമ്പനി സമരം ഒരു കുടുംബത്തിനേൽപിച്ച ആഘാതത്തിന്റെ നേർസാക്ഷ്യമായി മാറിയ സംഭവത്തിൽ മൃതദേഹവുമായി എയർ ഇന്ത്യ ഓഫിസിനു മുന്നിൽ   പ്രതിഷേധവും   നടന്നു. രാവിലെ ഏഴിന് ഒമാൻ എയർവേയ്സിൽ എത്തിച്ച മൃതദേഹം ഫ്രീസറിലേക്കു മാറ്റി വീട്ടിലേക്കു കൊണ്ടുവരും വഴി ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ ഓഫിസിനു മുന്നിൽ ഇറക്കി വച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.സംസ്കാരത്തിനു ശേഷം ചർച്ച നടത്താമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

ഒരു മണിയോടെയായിരുന്നു സംസ്കാരം. രാജേഷിന്റെ മൂന്നര വയസ്സുള്ള മകൻ നമ്പി ശൈലേഷിനൊപ്പം അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അരുണാണ് അന്ത്യ കർമങ്ങൾ ചെയ്തത്. സഞ്ചയനം ഇന്ന് വീട്ടിൽ നടക്കും. മസ്കത്തിലെ സ്കൂളിൽ ഐടി മാനേജരായി ജോലി നോക്കുന്ന രാജേഷിന് കഴിഞ്ഞ 7ന് പുലർച്ചെയാണ് ഹൃദയാഘാതമുണ്ടായത്. ആൻജിയോപ്ലാസ്റ്റി ചെയ്തതിനെ തുടർന്ന് ഭാര്യ നഴ്സിങ് വിദ്യാർഥിയായ അമൃത പരീക്ഷ പോലും എഴുതേണ്ടെന്നു വച്ച് പോകാൻ ടിക്കറ്റെടുത്തെങ്കിലും 2 ദിവസവും യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് ഇന്നലെ നാട്ടിലേക്കു വരാൻ രാജേഷ് ടിക്കറ്റെടുത്ത ശേഷമായിരുന്നു തിങ്കളാഴ്ച ഉറക്കത്തിൽ മരണം സംഭവിച്ചത്.

 നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്നു
നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്നു

അനുനയ നീക്കവുമായി വിമാന കമ്പനി
നമ്പി രാജേഷിനെ കാണാനുള്ള ഭാര്യ അമൃതയുടെ യാത്ര എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം മുടങ്ങുകയും തുടർന്ന് രാജേഷ് മരിക്കുകയും ചെയ്ത സംഭവത്തിൽ അനുനയ നീക്കവുമായി വിമാന കമ്പനി.  ഉച്ചയ്ക്ക് മൃതദേഹം സംസ്കരിച്ച ശേഷം കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ട എയർ ഇന്ത്യ ഉദ്യോഗസ്ഥർ ആവശ്യങ്ങൾ ഇ–മെയിൽ വഴി അറിയിക്കാൻ നിർദേശിച്ചു.

ചടങ്ങുകളെല്ലാം പൂർത്തിയായ ശേഷം ആലോചിച്ച് മറുപടി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം അമൃതയും അമ്മയും 8ന് മസ്കത്തിലേക്കു യാത്ര ചെയ്യാനായി ബുക്ക് ചെയ്തിരുന്ന ടിക്കറ്റിന്റെ തുക ബുധനാഴ്ചയാണ് എയർ ഇന്ത്യ ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്കു മടക്കി നൽകിയത്. മുടക്കിയ തുകയിൽ നിന്ന് 310 രൂപ കുറച്ചാണു തിരികെ കിട്ടിയത്. 9നു തന്നെ തുക തിരികെ നൽകിയെന്നായിരുന്നു എയർ ഇന്ത്യ ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com