തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റും; ‘ഫിറ്റ’ല്ലാത്തവർ കുറവ്
Mail This Article
തൃശൂർ ∙ സാങ്കേതിക കാരണങ്ങളാൽ 2 മണിക്കൂറോളം ഫലം വൈകിയെങ്കിലും ഒടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫിറ്റ്നസ് പരിശോധന പാസായി. വൈകിട്ട് അഞ്ചരയോടെ രാമചന്ദ്രനെ ലോറിയിൽ തേക്കിൻകാട് മൈതാനത്തെത്തിച്ചു പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും പാസായോ എന്ന കാര്യത്തിൽ ഫലം പ്രഖ്യാപിക്കാൻ 2 മണിക്കൂറോളം വൈകിയിരുന്നു. വിശദമായ പരിശോധനയ്ക്കും കൂടിയാലോചനകൾക്കും ശേഷമാണു ഫിറ്റ്നസ് അനുവദിച്ചത്. ഇന്നു കുറ്റൂർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി രാമചന്ദ്രൻ പൂരത്തിനെത്തും.
ഫിറ്റല്ലാത്തവർ കുറവ്
തൃശൂർ ∙ ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയരാക്കിയവയിൽ മദപ്പാടുള്ളതോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതോ ആയ ആനകളൊന്നുമില്ലെന്നു മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തി. എന്നാൽ, പരിപൂർണ ഫിറ്റ്നസ് തെളിയിക്കാൻ കഴിയാതിരുന്ന ഏതാനും ആനകളെ തെക്കോട്ടിറക്കത്തിൽ നിന്നൊഴിവാക്കി ഘടകപൂരങ്ങളിലേക്കും മറ്റ് എഴുന്നള്ളിപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളിലായി 85 ആനകളും പത്തോളം റിസർവ് ആനകളുമാണു പരിശോധനയ്ക്കെത്തിയത്.