കേളത്ത്: മേളത്തിന്റെ പൊന്നോളം
Mail This Article
തൃശൂർ ∙ ‘പൂരത്തിനു പ്രമാണിത്തം ഏറ്റെടുക്കണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ?’ അഭിമുഖങ്ങൾക്കു നിന്നുകൊടുക്കാൻ വൈമനസ്യമുള്ള കേളത്തിനോട് ഒന്നിലേറെപ്പേർ ഈ ചോദ്യം പിന്നാലെ നടന്നു ചോദിച്ചിട്ടുണ്ട്. ഇവരിലേറെപ്പേർക്കും ലഭിച്ചത് ഏറെക്കുറെ സമാനമായ ഉത്തരമാണ്. ‘ഇലഞ്ഞിത്തറ മേളത്തിനു കൊട്ടാൻ കഴിയുന്നതിനേക്കാൾ വലിയ ഭാഗ്യം ജീവിതത്തിലില്ല. മരണംവരെ പൂരത്തിനു കൊട്ടണമെന്നേ എനിക്കാഗ്രഹമുള്ളൂ..’ ഈ മറുപടി പോലെ സംതൃപ്തി നിറഞ്ഞതായിരുന്നു കേളത്തിന്റെ മേളജീവിതവും.
ഇലഞ്ഞിത്തറ മേളം പെരുകിയാർക്കുമ്പോൾ പെരുവനം കുട്ടൻ മാരാരുടെ ഇടത്തും വലത്തുമായി ചിരിയോടെ നിറഞ്ഞുകൊട്ടുന്ന സാന്നിധ്യമായാണു പൂരപ്രേമികൾക്കു കേളത്തിനെ പരിചയം. 79ാം വയസ്സുവരെ ഇലഞ്ഞിത്തറയിൽ കൊട്ടി. കൊലുന്നനെയുള്ള ശരീരവും പ്രായത്തിന്റെ അവശതകളും കാണുമ്പോൾ രണ്ടര മണിക്കൂർ ചെണ്ട തോളിലേറ്റി പാണ്ടിമേളം കൊട്ടാൻ ഇദ്ദേഹത്തിനു കഴിയുന്നതെങ്ങനെയെന്നു സംശയം പൂണ്ടവരാണു പലരും. പക്ഷേ, ചെണ്ട തോളിൽ കയറേണ്ട താമസം, കേളത്തിന്റെ മട്ടും ഭാവവും മാറും. പെരുവനത്തിന്റെ മുഖംകണ്ട്, ഭാവം വായിച്ചെടുത്ത്, ഇംഗിതമറിഞ്ഞു കേളത്ത് കൊട്ട് നിയന്ത്രിക്കും.
രണ്ടുപതിറ്റാണ്ടിലേറെ ഇലഞ്ഞിത്തറയിൽ മേളവിസ്മയം തീർത്ത ആ കൂട്ടുകെട്ടു പിരിഞ്ഞതു 2021ൽ ആണ്. ശാരീരിക അവശതകൾ മൂലം ഇനി വിശ്രമിക്കാമെന്നദ്ദേഹം തീരുമാനിച്ചു. 14ാം വയസ്സിൽ തോളിൽ കയറിയ ചെണ്ട 65 വർഷത്തിനു ശേഷം തിരികെ ഇറങ്ങിയ നിമിഷം. ഓരോ പൂരവും കഴിയുമ്പോഴും പൂരപ്രേമികളിൽ പലരും കേളത്തിനോടു ചോദിക്കും, ‘പൂരത്തിനു കൊട്ടാൻ തുടങ്ങിയിട്ട് എത്രവർഷമായി?’ ഏറെ നേരം ആലോചിച്ചു നിന്നാണ് അദ്ദേഹം ഉത്തരം ഓർത്തെടുത്തിരുന്നത്. ബഹുമതികൾ അനേകം തേടിയെത്തിയപ്പോഴെല്ലാം അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു, ഇലഞ്ഞിത്തറയിൽ കൊട്ടാൻ കഴിയുന്നതാണ് ഏറ്റവും വലിയ ബഹുമതി.
ഓരോവട്ടവും പറയും, ‘ക്ഷീണിച്ചു’
തൃശൂർ ∙ കഴിഞ്ഞ കുറേ വർഷങ്ങളായി ഓരോ പൂരത്തിനും ഇലഞ്ഞിത്തറ മേളം കഴിഞ്ഞു ചെണ്ട താഴെവയ്ക്കുമ്പോൾ കേളത്ത് അരവിന്ദാക്ഷൻ മാരാർ കൂട്ടുകലാകാരന്മാരോടു പറയും, ‘ക്ഷീണിച്ചെടോ. പ്രായമൊക്കെയായില്ലേ..’ ഇനി മതിയാക്കാം എന്ന സൂചനയാണ് ആ വാക്കുകളിൽ. പക്ഷേ, കൊട്ടിന്റെ മികവും പ്രസരിക്കുന്ന ഊർജവും കാണുമ്പോൾ കൂട്ടുകലാകാരന്മാർ ചിരിയോടെ പറയും, ‘നിർത്താറായിട്ടില്ല കേളത്താശാനേ..’ ഇലഞ്ഞിത്തറ മേളത്തിന് ഒടുവിൽ കൊട്ടിയപ്പോൾ 79 വയസ്സായിരുന്നു കേളത്തിന്. അതിഗംഭീരമായി മേളം കലാശിച്ചതിനു പിന്നാലെ പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പൊന്നാടയണിയിക്കാൻ എത്തിയപ്പോൾ കേളത്തിനെ ചൂണ്ടിക്കാട്ടി പെരുവനം കുട്ടൻ മാരാർ പറഞ്ഞു, ‘അദ്ദേഹത്തിന്റെ ചുമലിലും അണിയിക്കൂ’. പ്രായമേശാത്ത മികവിനുള്ള അംഗീകാരമായിരുന്നു ആ വാക്കുകൾ.
കേളത്ത് ഒടുവിൽ കൊട്ടിയത് എടക്കുന്നി ഭഗവതി ക്ഷേത്രത്തിലെ കാർത്തിക വിളക്കിന്. എടക്കുന്നി ക്ഷേത്രത്തിൽ തന്നെയാണു കേളത്ത് 14ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചത്. മരണാനന്തരം പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ തുടങ്ങിയ മേള, വാദ്യ പ്രമുഖരും പാറമേക്കാവ്, തിരുവമ്പാടി ഉൾപ്പെടെ വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമെത്തി അന്തിമോപചാരം അർപ്പിച്ചു.