ADVERTISEMENT

കൽപറ്റ ∙ മുഴുവൻ പട്ടികവർഗക്കാർക്കും 6 ആധികാരിക രേഖകൾ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാംപെയ്ൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈഷേൻ (എബിസിഡി) പദ്ധതി വഴിയാണു ജില്ല ചരിത്രനേട്ടം കൈവരിച്ചത്.

റേഷൻകാർഡ്, ആധാർകാർഡ്, ഇലക്‌ഷൻ ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ 6 പ്രധാന രേഖകളാണ് ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയത്. 64,670 പട്ടികവർഗക്കാർക്ക് 1,42,563 സേവനങ്ങളാണ് ക്യാംപുകളിലൂടെ ലഭ്യമാക്കിയത്. 22,888 രേഖകൾ ഡിജി ലോക്കറിലാക്കി.

15,796 റേഷൻ കാർഡുകൾ, 31,252 ആധാർ കാർഡുകൾ, 11,300 ജനന-മരണ സർട്ടിഫിക്കറ്റുകൾ. 22,488 തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ, 7,258 ബാങ്ക് അക്കൗണ്ടുകൾ, 2,337 ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ, 1,379 പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കിയതെന്നു ഒ.ആർ. കേളു എംഎൽഎ, കലക്ടർ എ. ഗീത എന്നിവർ അറിയിച്ചു. 

ആകെ സേവനങ്ങളിൽ 11,175 പേർക്കായി 17,385 സേവനങ്ങൾ നൽകിയത് അക്ഷയയുടെ ഗോത്രസൗഹൃദ കൗണ്ടറുകൾ വഴിയാണ്. ജില്ലാ ഭരണകൂടം, പട്ടികവർഗ വികസന വകുപ്പ്, ഐടി വകുപ്പ് എന്നിവർ ചേർന്ന് 2021 നവംബറിൽ തൊണ്ടർനാട് പഞ്ചായത്തിലാണു പരീക്ഷണാടിസ്ഥാനത്തിൽ എബിസിഡി ക്യാംപ് തുടങ്ങിയത്.

കഴിഞ്ഞ 8ന് തരിയോട് പഞ്ചായത്തിലായിരുന്നു അവസാന ക്യാംപ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ, ജില്ല കൈവരിച്ച നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇവർ പറഞ്ഞു.  റവന്യു, തദ്ദേശ സ്വയം ഭരണം, പട്ടികവർഗ വികസനം, ആരോഗ്യം, സിവിൽ സപ്ലൈസ്, ഇലക്‌ഷൻ, ഐടി മിഷൻ, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റൽ വകുപ്പ്, കാരുണ്യ,

കെഎസ്ഇബി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വർഗക്കാർക്കായി ക്യാംപുകൾ നടത്തിയത്. മൊബൈൽ ഫോണുകൾ ഇല്ലാത്തവരുടെ കാര്യത്തിൽ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖകൾ വീണ്ടെടുക്കാനുള്ള സാധ്യത സംബന്ധിച്ചു ആധാർ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഇവർ പറഞ്ഞു. 

ലഭ്യമാക്കിയ രേഖകൾ

റേഷൻ കാർഡുകൾ 15,796

ആധാർ കാർഡുകൾ 31,252

ജനന സർട്ടിഫിക്കറ്റുകൾ 11,300

ഇലക്‌ഷൻ ഐഡി കാർഡുകൾ 22,488

ബാങ്ക് അക്കൗണ്ടുകൾ 7,258

വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ 7,790

ഡിജി ലോക്കർ 22,888

ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ 2,337

ഇ-ഡിസ്ട്രിക്ട് സേവനം 12,797

പെൻഷൻ 1,379

മറ്റു സേവനങ്ങൾ 7,278

ആകെ നൽകിയ സേവനങ്ങൾ 1,42,563

ആകെ ഗുണഭോക്താക്കൾ 64,670

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com