സാമ്പത്തിക പിന്നാക്ക സംവരണം: 10% സംവരണം ലഭിക്കാനുള്ള മാനദണ്ഡങ്ങളുടെ ചുരുക്കമിങ്ങനെ..
Mail This Article
മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാ ക്വോട്ടയിൽ 8 ലക്ഷവും കേരള സംസ്ഥാന ക്വോട്ടയിൽ 4 ലക്ഷവും ആണ് വരുമാനപരിധി എന്നു കണ്ടു. കേരളത്തിലെ പ്രവേശനത്തിന് സാമ്പത്തിക പിന്നാക്ക സംവരണം ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ എന്തെല്ലാമാണ്?
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം ലഭിക്കാനുള്ള കേരളത്തിലെ മാനദണ്ഡങ്ങളുടെ ചുരുക്കമിങ്ങനെ:
∙ സംവരണ വിഭാഗത്തിൽ പെടരുത്.
∙ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയരുത്. ആശ്രയിച്ചു കഴിയുന്ന 18 വയസ്സു കവിഞ്ഞവരും കുടുംബത്തിൽപ്പെടും.
∙ ഇനിപ്പറയുന്നവ വരുമാനത്തിൽ ഉൾപ്പെടുത്തില്ല – മുനിസിപ്പാലിറ്റി/കോർപറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിച്ച ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം, കുടുംബ പെൻഷൻ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത.
∙ കുടുംബ ഭൂസ്വത്ത് പഞ്ചായത്തിൽ രണ്ടര ഏക്കർ കവിയരുത്. മുനിസിപ്പാലിറ്റിയിൽ 75 സെന്റും, കോർപറേഷനിൽ 50 സെന്റും. സംസ്ഥാനത്തിനു പുറത്തുള്ളവയടക്കം എല്ലാത്തരം ഭൂമിയും ഇതിലുൾപ്പെടും.
∙ ഹൗസ്–പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പാലിറ്റിയിൽ 20 സെന്റ് കവിയരുത്. കോർപറേഷനിൽ 15 സെന്റും.
∙ Anthyodaya Annayojana (AAY)/ Priority House Holds (PHH) വിഭാഗങ്ങളിൽപ്പെടുന്ന റേഷൻ കാർഡുകാരെ മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സാമ്പത്തിക പിന്നാക്കമായി കരുതും.
∙ അപേക്ഷിക്കുന്നതിനു തൊട്ടുമുൻപുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണു പരിഗണിക്കുക.
∙ ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു സംവരണമുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10% സംവരണം ലഭിക്കും.
∙ ഉദ്യോഗ നിയമനത്തിനും ഈ മാനദണ്ഡങ്ങൾ പാലിക്കും
∙ 3 വർഷം കൂടുമ്പോൾ മാനദണ്ഡങ്ങൾ പരിശോധിച്ച്, ആവശ്യമെങ്കിൽ മാറ്റം വരുത്തും.
പൂർണവിവരങ്ങൾ 2020 ഫെബ്രുവരി 12ലെ G.O(P)No. 2/2020/P & ARD എന്ന സർക്കാർ ഉത്തരവിലുണ്ട്.
Content Summary : Changes in reservation for Economically Weaker Sections (EWS) - Government Order