ഇന്റഗ്രേറ്റഡ് ബിഎഡ് എങ്ങനെ ? പഠിക്കാവുന്ന സ്ഥാപനങ്ങൾ, യോഗ്യത അറിയാം

Mail This Article
ചോദ്യം: പ്ലസ്ടുവിനുശേഷം ബിഎസ്‌സി (മാത്‌സ്) + ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് പഠിക്കണമെന്നാണ് ആഗ്രഹം ? പഠിക്കാവുന്ന സ്ഥാപനങ്ങൾ, യോഗ്യത തുടങ്ങിയ കാര്യങ്ങൾ പറയാമോ ?- ഗോപിക
ഉത്തരം: നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകൾക്ക് (ITEP) നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (NCTE) അംഗീകാരം നൽകിയതോടെ BSc BEd, BA BEd കോഴ്സുകൾ വ്യാപകമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് ബിഎഡ് പ്രോഗ്രാമുകളെല്ലാം 2030ന് അകം ഈ രീതിയിലേക്കു മാറണം. നിലവിൽ ബിരുദത്തിനു 3 വർഷവും ബിഎഡിനു 2 വർഷവും വേണ്ട സ്ഥാനത്ത് പുതിയ പ്രോഗ്രാമിൽ ഒരു വർഷം ലാഭിക്കാമെന്ന മെച്ചമുണ്ട്.
ചില പ്രധാന സ്ഥാപനങ്ങളും പ്രോഗ്രാമുകളും:
∙ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ, മൈസൂരു: ബിഎസ്‌സി- ബിഎഡ്, ബിഎ- ബിഎഡ്
∙ അസിം പ്രേംജി യൂണിവേഴ്സിറ്റി, ബെംഗളൂരു: ബിഎസ്‌സി- ബിഎഡ്
∙ ചിന്മയ വിശ്വ വിദ്യാപീഠ്, കൊച്ചി: ബിഎ-ബിഎഡ് (ഇംഗ്ലിഷ്), ബിഎസ്‌സി- ബിഎഡ് (മാത്‌സ്)
∙ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ: ബിഎസ്‌സി- ബിഎഡ്
മൈസൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ 6 വർഷ MScEd പ്രോഗ്രാമുകളുമുണ്ട്. സയൻസ് പ്ലസ്ടു കഴിഞ്ഞ് ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ ചേരാം. ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനും ഗവേഷണ കോഴ്സുകൾക്കും ഇതു മതിയായ യോഗ്യതയാണ്.
ബിരുദശേഷം 3 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ്-എംഎഡ് പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങൾ ഇവ - TISS Mumbai, Institute of Advanced Study in Education, Srinagar
2023-24 അധ്യയന വർഷം മുതൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ തുടങ്ങാൻ സാധ്യതയുണ്ട്. അതേസമയം, നിലവിലുള്ള 2 വർഷ ബിഎഡ് കുറച്ചുവർഷങ്ങൾകൂടി തുടരുകയും ചെയ്യും.
Content Summary : Ask Guru - Integrated Teacher Education Programme (ITEP) Details