പ്രണയം പൊളിക്കുന്ന ബെസ്റ്റി; ട്രെൻഡായി കൺഫഷൻ പേജ്; ഇതാ ക്യാംപസ് വാലന്റൈൻ!
Mail This Article
ഉള്ളിലിരുന്നു വിങ്ങുന്ന ഇഷ്ടം ആ ആളോടു പറയാൻ ചങ്ങാതിമാരെയും പ്രണയലേഖനങ്ങളെയും ടൂൾ ആക്കിയിരുന്ന കാലമൊക്കെ പോയ്മറഞ്ഞു. ഒരു വിരൽത്തുമ്പിൽ ഇഷ്ടവും അനിഷ്ടവുമൊക്കെ ഇൻസ്റ്റ സ്റ്റോറിയായും വാട്സാപ് സ്റ്റാറ്റസായും വൈറലാകുന്ന പുതിയ കാലത്തെ ക്യാംപസ് എങ്ങനെയാണ് പ്രണയത്തെ നിർവചിക്കുന്നത്? ആ കൗതുകവുമായി ചെന്നു കയറിയത് കോട്ടയം ബസേലിയസ് കോളജിലെ ഒരു കൂട്ടം അധ്യാപകരുടെയും വിദ്യാർഥികളുടെയും മുന്നിലാണ്. പറയാതെ പോയ പ്രണയത്തെ ഓട്ടോഗ്രാഫ് താളുകളിൽ കോറിയിട്ട ഓർമകളെക്കുറിച്ച് അധ്യാപകർ ഗൃഹാതുരമായ ഓർമകൾ പങ്കുവച്ചപ്പോൾ പുതിയ കുട്ടികൾ വാചാലരായത് വാലന്റൈൻസ് ദിനത്തിൽ മുളച്ചു പൊങ്ങുന്ന ഫേക്ക് കൺഫഷൻ പേജുകളെക്കുറിച്ചാണ്.
കാലത്തിന്റേതായ എല്ലാ മാറ്റങ്ങളും ക്യാംപസ് പ്രണയത്തിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും പ്രണയത്തിന്റെ പടിക്കു പുറത്തു നിർത്തേണ്ട സംഗതികളെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട് പുതിയ തലമുറയ്ക്ക്. പ്രണയത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന അതേ ഗൗരവത്തോടെ പ്രണയ നിരാസത്തെക്കുറിച്ചും പ്രണയത്തകർച്ചയെക്കുറിച്ചും ചർച്ച ചെയ്യണമെന്നും പക്വതയോടെ അത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ യുവത്വം പഠിക്കണമെന്നും അവർ ഓർമിപ്പിക്കുന്നു. ബെസ്റ്റിയെക്കുറിച്ച് പറയാതെ എങ്ങനെ ക്യാംപസിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ തുടങ്ങാൻ പറ്റും? അതും ബെസ്റ്റികളുള്ളവരെ ഡേറ്റിങ്ങിനു പോലും ക്ഷണിക്കാൻ മടിക്കുന്നവർ സമൂഹത്തിലുള്ളപ്പോൾ. ഈ ബെസ്റ്റി അത്രയ്ക്കും പ്രശ്നക്കാരനാണോ? ശരിക്കും ആരാണ് ബെസ്റ്റി? ബെസ്റ്റ് ഫ്രണ്ടാണോ അതോ ലവറോ? അതുമല്ലെങ്കിൽ ഇതിനിടയിൽ നിൽക്കുന്ന ഒരാൾ? പുതിയ തലമുറയിലെ കുട്ടികളും അധ്യാപകരും നൽകുന്ന രസകരങ്ങളായ ഉത്തരങ്ങൾ കേൾക്കാം.
ഇഷ്ടം എന്താണെങ്കിലും തുറന്നു പറയുന്ന തലമുറ
∙ ഡോ. നിബു ലാൽ,
മലയാള വിഭാഗം അധ്യാപകൻ
പണ്ടൊക്കെ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് അയാളെ അറിയിക്കാൻ ഭയങ്കര പ്രയാസമായിരുന്നു. ഒരു നോട്ടത്തിലൂടെയോ വാക്കിലൂടെയോ ഒക്കെയായിരുന്നു അന്ന് പ്രണയം കൈമാറിയിരുന്നത്. കോളജ് ക്ലാസ്മുറിയിൽ പ്രണയിനിയിരിക്കുന്ന ബെഞ്ചിനു മുന്നിലുള്ള ഡെസ്ക്കിൽ അവളുടെ പേരെഴുതുക, അവളുടെ പേരിന്റെ ആദ്യ വരിയിൽ തുടങ്ങുന്ന സിനിമാപ്പാട്ടിന്റെ വരികൾ ഡെസ്ക്കിൽ കോറി വരയ്ക്കുക തുടങ്ങിയവയായിരുന്നു അന്നത്തെ കാമുകന്മാരുടെ വിനോദങ്ങളിൽ ചിലത്. കലാലയ ജീവിതം തീരുന്നതുവരെ പ്രണയം പറയാൻ ധൈര്യം കിട്ടാതിരുന്ന ചിലരുണ്ടായിരുന്നു. അവർ അന്നോളമനുഭവിച്ച പ്രണയ വേദന മുഴുവൻ ഹൃദയത്തിന്റെ ഭാഷയിൽ ഓട്ടോഗ്രാഫിന്റെ താളുകളിൽ കുറിച്ച് നിർവൃതിയടഞ്ഞിരുന്നു. ഇനിയും ചിലർക്ക് ഓട്ടോഗ്രാഫിൽപ്പോലും പ്രണയം തുറന്നെഴുതാനുള്ള ധൈര്യം കിട്ടിയിരുന്നില്ല.
സ്മാർട്ഫോണും സമൂഹമാധ്യമങ്ങളും നൂതന സാങ്കേതിക വിദ്യകളും സജീവമായ പുതിയ കാലത്ത് പ്രണയം പറയാൻ കുട്ടികൾക്ക് ബുദ്ധിമുട്ടേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഇഷ്ടം മെസേജായോ വോയിസ് ക്ലിപ് ആയോ പ്രണയിയുടെ മൊബൈൽ ഫോണിലേക്ക് നിമിഷാർഥം കൊണ്ടെത്തും. മറുപടിയും അതേ വേഗത്തിൽ കിട്ടും. പ്രണയം പറഞ്ഞാൽ കൃത്യമായി മറുപടി കിട്ടുന്നത് പുതിയ കാലത്താണെന്ന് തോന്നിയിട്ടുണ്ട്. പണ്ടൊക്കെ മനസ്സിലുള്ള ഇഷ്ടം പറഞ്ഞാൽ മൗനമായിരിക്കും മിക്കവാറും മറുപടി. അല്ലെങ്കിൽ കൃത്യമായി മറുപടി ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കണമായിരുന്നു. പക്ഷേ ഇന്നത്തെ കുട്ടികൾ പ്രണയത്തെ തുറന്ന മനോഭാവത്തോടെ കാണുന്നവരാണ്. മറുപടി യേസ് ആണെങ്കിലും നോ ആണെങ്കിലും അവർ തുറന്നു പറയാറുണ്ട്.
എല്ലാ പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. അത് എപ്പോഴും എവിടെ വച്ചും സംഭവിക്കാവുന്ന ഒന്നാണ്. ഒരു വ്യക്തിയോട് പ്രണയം തോന്നിയാൽ അതു തുറന്നു പറയണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതേസമയം അപ്പുറത്തു നിൽക്കുന്ന ആളിന് സമ്മതവും വിസമ്മതവും നൽകാനുള്ള അവകാശമുണ്ടെന്ന കാര്യവും മറന്നു പോകരുത്.
പ്രണയത്തിൽ പങ്കാളികൾക്ക് പരസ്പരം വളരാനുള്ള ഇടം വേണം
∙ ജിതിൻ ജോൺ,
ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ
പ്രണയം പരസ്പര ബഹുമാനത്തിന്റെ കൂടി ഒരിടമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത, പരസ്പരം വളരാനുള്ള അവസരം ഇരുവർക്കും ഒരുപോലെ ലഭിക്കുന്നതാണ് എന്റെ സങ്കൽപത്തിലെ പ്രണയം. വിശാല മനസ്കതയോടെ സമീപിക്കേണ്ട ഒരു വിഷയമാണിത്. കഴിഞ്ഞു പോയ കാലത്തെ തെറ്റുകൾ തിരുത്തി സർഗാത്മകമായി ആഘോഷിക്കപ്പെടേണ്ടതാണ് പ്രണയദിനം എന്നാണ് എന്റെ അഭിപ്രായം.
എല്ലായ്പ്പോഴും പ്രണയ ബന്ധങ്ങൾ വിജയിക്കണമെന്നില്ല. പ്രണയ നിരാസങ്ങളും പ്രണയത്തകർച്ചകളും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പ്രണയത്തകർച്ചയെ അസഹിഷ്ണുതയോടെ നേരിട്ട് കുറ്റകൃത്യങ്ങളിലേക്ക് അതിനെ വലിച്ചിഴയ്ക്കുന്ന സംഭവങ്ങൾ നമ്മളെല്ലാവരും മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. പ്രണയത്തകർച്ചയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് വല്ലാതെ ആശങ്കപ്പെടുത്താറുമുണ്ട്. കുറ്റകൃത്യങ്ങൾ എല്ലാക്കാലത്തും നടക്കാറുണ്ടെന്ന കാര്യം വിസ്മരിച്ചു കൊണ്ടല്ല ഇങ്ങനെ പറയുന്നത്. പ്രണയത്തോടും പ്രണയ നിരാസത്തോടും പ്രണയത്തകർച്ചയോടുമുള്ള മനോഭാവത്തിൽ വ്യത്യാസം വരുത്തിയാൽ തീർച്ചയായും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രണയത്തിന്റെ ഇടം കളിമണ്ണു പോലെയാണെന്ന് ഞാൻ പറയും. നമ്മൾ അതിനെ എങ്ങനെ ഷേപ്പ് ചെയ്തെടുക്കുന്നു എന്നതനുസരിച്ചാണ് അത് മോൾഡ് ചെയ്യപ്പെടുന്നത്. പിരിയാനാണു തീരുമാനമെങ്കിലും പരസ്പര ബഹുമാനത്തോടെ പിരിയാനുള്ള സൗന്ദര്യം പ്രണയങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. പ്രണയത്തിൽ തുടങ്ങി ആ ബന്ധം പ്രണയമല്ലാതാവുന്നതോടെയാണ് അത് കുറ്റകൃത്യത്തിൽ അവസാനിക്കുന്നത്.
പ്രണയത്തകർച്ചയിലേക്കു നയിക്കുന്ന ഉടമസ്ഥതാ മനോഭാവം
∙ ഗോപിക മോഹൻ
മലയാളം വിഭാഗം വിദ്യാർഥിനി
ബന്ധങ്ങളുടെ കാര്യം പറയുമ്പോൾ അതിനോട് ഏറ്റവും കൂടുതൽ ചേർത്തു വായിക്കപ്പെടുന്ന വാക്കാണ് പൊസസീവ്‌നെസ് (ഉടമസ്ഥതാ മനോഭാവം). സ്നേഹവുമായി യാതൊരു ബന്ധവുമില്ലാത്ത ആ വാക്കിനെ വളരെ സാധാരണമാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പ്രണയബന്ധത്തിലായാൽപിന്നെ ‘അയാൾ എന്റെ മാത്രമാണ്. എന്നോടു മാത്രം മിണ്ടിയാൽ മതി, കൂട്ടുകൂടിയാൽ മതി, സ്നേഹിച്ചാൽ മതി’ എന്നൊരു അധികാര മനോഭാവം പ്രകടിപ്പിക്കുന്ന ചിലരെങ്കിലുമുണ്ട്. താൻ പ്രണയിക്കുന്നയാളുടെ വസ്ത്രധാരണ രീതി വരെ തനിക്കിഷ്ടമുള്ളതുപോലെ മതിയെന്നു തീരുമാനിക്കുന്നവരുണ്ട്. അവൻ അല്ലെങ്കിൽ അവൾ എന്റെയാണ് അതുകൊണ്ട് അവരെ ഞാൻ മാത്രം കണ്ടാൽ മതി എന്ന ചിന്താഗതിയിലേക്ക് പ്രണയം പോകുന്നുണ്ട്. പൊസസീവ്നെസ് വ്യക്തിയെന്ന നിലയിൽ ശ്വാസം മുട്ടിച്ചു കൊണ്ട് അതിരു കടക്കുമ്പോഴാണ് പല പ്രണയങ്ങളും ബ്രേക്ക്‌അപ്പിലേക്ക് പോകുന്നത്.
തിരിച്ചറിയണം ‘നോ’യുടെ പ്രസക്തി
∙ അഞ്ജു ജോൺ
ഇംഗ്ലിഷ് വിഭാഗം അധ്യാപിക
ക്യാംപസുകളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ഒന്നാണ് പ്രണയം. പ്രണയത്തെപ്പോലെ തന്നെ പ്രസക്തിയുള്ള കാര്യമാണ് പ്രണയ നിരാസത്തെ എങ്ങനെ ആരോഗ്യപരമായി നേരിടണം എന്നുള്ളതും. ഇഷ്ടമല്ല എന്ന പ്രതികരണത്തോട് വളരെ അസഹിഷ്ണുതയോടെയാണ് പലരും പെരുമാറുന്നത്. പ്രണയം പറയുമ്പോൾ അപ്പുറത്തു നിൽക്കുന്നയാളുടെ മറുപടി എന്തു തന്നെയായാലും അതിനെ അംഗീകരിക്കാനും സ്വീകരിക്കാനും മനസ്സൊരുക്കുക എന്നത് പ്രധാനമാണ്. ഇനി പ്രണയ ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിൽ അതും പരസ്പര ബഹുമാനത്തോടെ തന്നെ ചെയ്യുക. പ്രണയം നിരസിച്ചതിന്റെ പേരിൽ, പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ ആസിഡ് ഒഴിച്ചും പെട്രോൾ ഒഴിച്ചും പകതീർക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന ഈ കാലത്ത് നോ എന്ന വാക്കിന്റെ പ്രസക്തിയെക്കുറിച്ച് തീർച്ചയായും യുവാക്കൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. നോ എന്ന വാക്കിനെ നെഗറ്റീവായെടുക്കാതെ, അപ്പുറത്തു നിൽക്കുന്നയാൾക്കും നോ പറയാൻ അവകാശമുണ്ടെന്നു മനസ്സിലാക്കണം. അവർക്കും ആത്മാഭിമാനമുണ്ട്. സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കാനുള്ള അവകാശമുണ്ട്. അതിന്റെ പ്രതിഫലനമാണ് അവർ പറയുന്ന നോ എന്ന തിരിച്ചറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്.
പ്രണയത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒപ്പം ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് പ്രണയത്തകർച്ചയും. പ്രണയത്തിൽ മറ്റൊരാളെ നമ്മോടു ചേർത്തു വച്ചുകൊണ്ട് നാം അംഗീകരിക്കുകയാണ്. ഒരുപാട് പ്രതിബദ്ധതയും പരിശ്രമവും പ്രണയത്തിൽ ഉള്ളതു കൊണ്ടു തന്നെ ഒരു സുപ്രഭാതത്തിൽ ‘ഈ നിമിഷം മുതൽ നീ എന്റെ ആരുമല്ല’ എന്നു പറഞ്ഞ് അവസാനിപ്പിക്കേണ്ടതല്ല പ്രണയം. പ്രണയത്തിൽ അസഹിഷ്ണുത വന്നു കഴിഞ്ഞാൽ ആ ബന്ധം തുടരാൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്നൊരു ദിവസം മെസേജുകൾക്കും കോളുകൾക്കും റിപ്ലേ നൽകുന്നതു നിർത്തി ആ ബന്ധം അവസാനിപ്പക്കരുത്. എന്തുകൊണ്ടാണ് ആ ബന്ധം ഇനി തുടരാൻ സാധിക്കാത്തത് എന്ന് വ്യക്തമാക്കിയ ശേഷം പരസ്പര ബഹുമാനത്തോടെ, ആരോഗ്യപരമായി അവസാനിപ്പിക്കുന്നതാണുചിതം.
പൊസസീവ്നെസ് വേണം, പക്ഷേ ടോക്സിക് ആവരുത്
∙ കേശവ് വി.എ.
ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ വിദ്യാർഥി
എല്ലാക്കാര്യത്തിലുമെന്ന പോലെ പ്രണയത്തിലും ആശയപരമായ വ്യത്യാസങ്ങളുണ്ട്. എന്റെ ജീവിതത്തിൽ വാലന്റൈൻസ് ഡേയ്ക്ക് കാര്യമായ പ്രസക്തിയില്ല. പ്രണയ ദിനം ആഘോഷിക്കുന്നതിൽ തെറ്റുണ്ടെന്ന അഭിപ്രായക്കാരനുമല്ല ഞാൻ. കേവലം ഒരു ദിവസത്തെ ആഘോഷത്തിൽ മാത്രം ഒതുക്കേണ്ടതാണോ പ്രണയം എന്നാണെന്റെ സംശയം. പ്രോമിസ് ഡേ, ഹഗ്ഡേ, ടെഡി ഡേ, ചോക്ലേറ്റ് ഡേ, ലൗ ഡേ, കിസ്സ് ഡേ അങ്ങനെ പല ദിവസങ്ങളായി നീണ്ടു നിൽക്കുന്ന വാലന്റൈൻ വീക്കിനോട് വ്യക്തിപരമായി എനിക്കത്ര താൽപര്യമില്ല. സ്നേഹം, പ്രണയം തുടങ്ങിയ വികാരങ്ങളെ സമ്മാനങ്ങളിലൊതുക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. എന്തു വന്നാലും ഞാനുണ്ട് കൂടെ എന്നൊരു ഉറപ്പ് കൊടുക്കുക, ഏതു സാഹചര്യത്തിലും ഞാൻ ഒപ്പമുണ്ട് എന്നൊരു കൈത്താങ്ങ് കൊടുക്കുക എന്നതൊക്കെയാണ് എന്നെ സംബന്ധിച്ച് പ്രണയം. പൊസസീവ്നെസ്സും സ്നേഹവും തമ്മിൽ ബന്ധമില്ല എന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. എന്റെ പങ്കാളി എന്നോട് പൊസസീവ് ആകുന്നത് എന്നെ സന്തോഷിപ്പിക്കുകയേയുള്ളൂ. ഒരു ബന്ധത്തിൽ പൊസസീവ്നെസ്സ് വേണം. പക്ഷേ അതൊരിക്കലും ടോക്സിക് ആവരുത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രണയദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ വലിയ താൽപര്യമില്ലെങ്കിലും പ്രണയം എന്ന വികാരം വളരെ മനോഹരമാണെന്നാണ് എന്റെ അഭിപ്രായം.
വെറും വൈകാരികമല്ല, തിരഞ്ഞെടുപ്പാണ് പ്രണയം
∙ മാളവിക അജിത്
ഇംഗ്ലിഷ് വിഭാഗം വിദ്യാർഥിനി
സിനിമികളിലൊക്കെ കാണുന്ന ആദ്യ കാഴ്ചയിലെ പ്രണയം വളരെ ക്ലീഷേ ആയൊരു കാര്യമായാണ് എനിക്കു തോന്നുന്നത്. യഥാർഥ ജീവിതത്തിൽ ഒട്ടും തന്നെ പ്രായോഗികമല്ലാത്ത ഒന്നാണ് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രണയം വികാരങ്ങളെക്കാളുപരി ഒരു തിരഞ്ഞെടുപ്പാണ്. സ്വഭാവം, വ്യക്തിത്വം, നമ്മുടെ സ്വഭാവവുമായി എത്രമാത്രം ചേർന്നു പോകുമെന്നൊക്കെ തിരിച്ചറിഞ്ഞതിനു ശേഷം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് പ്രണയമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു ദിവസത്തിലൊതുക്കരുത് പ്രണയത്തെ
∙ ആദർശ് ശ്രീറാം
കൊമേഴ്സ് വിഭാഗം വിദ്യാർഥി
എന്നെ സംബന്ധിച്ച് വാലന്റൈൻസ് ഡേയും മറ്റേതൊരു സാധാരണ ദിവസം പോലെ തന്നെയാണ്. പ്രണയം ആ ഒരു ദിവസം മാത്രമേ ആഘോഷിക്കാൻ പാടുള്ളൂ എന്നൊരു ചിന്തയെനിക്കില്ല. ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ അങ്ങനെ ഒരുപാടു ദിനങ്ങളുണ്ട്. അങ്ങനെയുള്ള ദിവസങ്ങളിൽ അച്ഛനെയും അമ്മയേയുമൊക്കെ ചേർത്തു പിടിച്ച് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അതിനു ലഭിക്കുന്ന അഭിനന്ദനങ്ങളിൽ അഭിരമിക്കുന്നതിനോട് എനിക്ക് തീരെ താൽപര്യമില്ല. സ്നേഹം പ്രകടിപ്പിക്കാൻ ഒരു ദിവസം വരാനായി കാത്തിരിക്കാതെ എന്തിനോടും പ്രണയം തോന്നാനും അതു പ്രകടിപ്പിക്കാനുള്ള മനസ്സ് എല്ലായ്പ്പോഴും ഉള്ളിലുണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്.
കൺഫഷൻസ് പേജാണോ പ്രണയം?
∙ സാറാ സാജു ഉമ്മൻ
ഇംഗ്ലിഷ് വിഭാഗം വിദ്യാർഥിനി
കുറേ ചോക്ലേറ്റുകൾ, പൂക്കൾ, ഇതൊക്കെയാണ് പ്രണയ ദിനത്തെക്കുറിച്ചു പറയുമ്പോൾ മനസ്സിലേക്കെത്തുന്നത്. ക്യാംപസ് ഏറ്റവും ആഘോഷിക്കുന്ന ദിവസങ്ങളാണ് വാലന്റൈൻസ് വീക്ക്. മിഠായികളും സമ്മാനങ്ങളുമൊക്കെ മറ്റുള്ളവർക്ക് കിട്ടുന്നത് ചെറിയ വിഷമത്തോടെ കാണാറുണ്ട്. പണ്ടുള്ള ഓട്ടോഗ്രാഫ് ഒക്കെ പുതിയ ക്യാംപസിൽനിന്ന് മാഞ്ഞു പോയെങ്കിലും വാലന്റൈൻസ് വീക്കിൽ പൊങ്ങി വരുന്ന കൺഫഷൻസ് പേജാണ് ഇപ്പോൾ ക്യാംപസിലെ ട്രെൻഡ്. ആ പേജ് തുറന്നാൽ കുറേ ഫേക്ക് കൺഫഷൻസൊക്കെ കാണാം. വാലന്റൈൻസ് ഡേ എങ്ങനെ ആഘോഷിക്കണമെന്നതിനെക്കുറിച്ച് കുറേ മാർഗനിർദേശങ്ങളൊക്കെ ഇപ്പോഴുണ്ട്. മിഠായികൾ, ടെഡിബെയർ, അങ്ങനെ സമ്മാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ആ മാർഗനിർദേശങ്ങളൊക്കെ അനുസരിച്ചു വേണോ പ്രണയദിനം ആഘോഷിക്കേണ്ടത് എന്നതിനെപ്പറ്റി ഒന്നു ചിന്തിച്ചു തീരുമാനമെടുക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
ബെസ്റ്റി: പാരവയ്പുകാരുടെ പുതിയ അവതാരം
∙ അനുജ നെൽസൺ
ഇംഗ്ലിഷ് വിഭാഗം വിദ്യാർഥിനി
ബന്ധങ്ങളുടെ കാര്യം പറയുമ്പോൾ പ്രണയത്തേക്കാളുപരി ഡേറ്റിങ്, കാഷ്വൽ റിലേഷൻഷിപ് ഇവയൊക്കെയാണ് ഇന്ന് കൂടുതലായും കണ്ടു വരുന്നത്. പ്രണയത്തിൽ പ്രതിബദ്ധതയുണ്ട്. ഒരു പ്രണയബന്ധം തുടങ്ങാനും തുടരാനും ഒരുപാട് തയാറെടുപ്പുകൾ ആവശ്യമാണ്. പക്ഷേ ഡേറ്റിങ് വളരെ കാഷ്വലാണ്. പ്രണയവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചു കൂടിയെളുപ്പവുമാണ്. ബെസ്റ്റിയെക്കുറിച്ച് പറയാതെ പ്രണയത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനാവില്ല. സൗഹൃദമാകട്ടെ, പ്രണയമാവട്ടെ രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിനിടയിൽ വരുന്നയാളാണ് ബെസ്റ്റി. രണ്ടു പേർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ആ ബന്ധം വഷളാക്കുന്നയാൾ എന്നു പറയാം. ബന്ധമേതായാലും ആവശ്യമില്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച് അത് കുളമാക്കുകയാണ് ബെസ്റ്റിയുടെ പ്രധാന ഹോബി. ബെസ്റ്റിയുള്ളവരെ ഡേറ്റ് ചെയ്യാനില്ല എന്നും ചിലർ പറയാറുണ്ട്. അൽപം കൂടി ലളിതമായി പറഞ്ഞാൽ പഴയ പാരവെപ്പുകാരുടെ പുതിയ വകഭേദമാണ് ബെസ്റ്റി.
എല്ലാക്കാലത്തുമുണ്ട് പ്രണയ നിരാസത്തെ വൈകാരികമായി കാണുന്നവർ. പ്രണയം നിരസിക്കപ്പെട്ടതിന്റെ പേരിൽ വിവാഹജീവിതം പോലും വേണ്ടന്നുവച്ചവരുണ്ട്. ഇന്ന് അതിനു മാറ്റം വന്നെന്നു പറയുമ്പോഴും, പ്രണയനിരാസത്തെ പകയായി നീറ്റിയെടുത്ത് മറ്റുള്ളവരുടെ ജീവിതം പൊള്ളിക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ട്. പ്രണയത്തെ സംബന്ധിച്ച തീരുമാനമെടുക്കാൻ ആണിനും പെണ്ണിനും ഒരേ അവകാശമാണുള്ളത്. അപ്പുറത്തു നിൽക്കുന്നയാൾക്കും എന്നെപ്പോലെ തന്നെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നുള്ള തിരിച്ചറിവാണ് പ്രണയത്തെ മനോഹരമാക്കുന്നത് എന്ന അഭിപ്രായം പങ്കുവച്ചുകൊണ്ടാണ് മലയാള വിഭാഗം അധ്യാപകൻ നിബുലാൽ ചർച്ചയ്ക്ക് വിരാമമിട്ടത്.
ശേഷം, സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പല അടരുകൾ കാട്ടിത്തന്ന ലാൽ ജോസ് ചിത്രം ‘ക്ലാസ്മേറ്റ്സി’ലെ ഒരു ഫ്രെയിമിനെ ഓർമിപ്പിച്ച്, കാറ്റാടിത്തണലും എന്ന പാട്ടും പാടി ക്യാംപസിന്റെ ആഘോഷങ്ങളിലേക്ക് അവർ തെന്നിപ്പറന്നു.