അയർലൻഡിനെ ഞെട്ടിച്ച കൊലപാതകം; പ്രതി പൂവൻകോഴി, തെളിഞ്ഞത് നിഗൂഢത

Mail This Article
അയർലൻഡിൽ തെളിയാതെ കിടന്ന ഒരു കൊലപാതകക്കേസിൽ വമ്പൻ ട്വിസ്റ്റ്. കൊലപാതകി ഒരു പൂവൻകോഴിയാണെന്നാണ് ഇപ്പോൾ ഐറിഷ് പൊലീസ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അയർലൻഡിലെ കോർക്കിലുള്ള ബാലിനസ്‌ലോയെന്ന പ്രദേശത്താണ് ജാസ്പർ ക്രോസ് എന്ന 67 വയസ്സുകാരനെ തളംകെട്ടിനിന്ന രക്തത്തിനു നടുക്കായി കണ്ടെത്തിയത്. കാലിൽ വലിയൊരു മുറിവുണ്ടായിരുന്നു. കണ്ടെത്തിയവർ വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ സംഘം സ്ഥലത്തെത്തി ക്രോസിനു പ്രഥമശുശ്രൂഷ നൽകി. എന്നാൽ ചികിത്സ ഫലവത്തായില്ല. അപ്പോഴേക്കും ക്രോസ് മരിച്ചു.
അപകടമരണമെന്ന നിലയിലാണ് അധികാരികൾ ക്രോസിന്റെ മരണത്തെ കണക്കാക്കിയത്. എന്നാൽ ക്രോസിന്റെ മകളായ വെർജീനിയയ്ക്ക് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. ഒരു കോഴിയാണ് കൊലപാതകത്തിനു പിന്നിലെന്ന് അവർ സംശയിച്ചു. ക്രോസിന്റെ ശരീരം കിടന്നിടത്തുനിന്ന് തൊട്ടടുത്ത കോഴിക്കൂട് വരെ രക്തം വീണ പാടുകൾ കിടന്നിരുന്നതും വെർജീനിയ ഓർമിച്ചു. ക്രോസ് മരണസമയത്ത് നിലവിളിക്കുന്നത് കേട്ടെത്തിയ അയൽക്കാരനായ ഒകീഫ് എന്ന വ്യക്തി, മരിക്കുന്നതിനിടെ ‘പൂവൻ കോഴി’ എന്ന് ഒകീഫ് പറഞ്ഞെന്ന് ജുഡീഷ്യൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതും ഈ സാധ്യതയ്ക്ക് ഉറപ്പു നൽകുന്ന കാര്യമായി.
ക്രോസ് വളർത്തിയിരുന്ന ബ്രഹ്മ ചിക്കൻ എന്ന വിഭാഗത്തിൽപെടുന്ന പൂവൻകോഴിയാണ് സംഭവത്തിലെ പ്രതി. കിടന്നുറങ്ങുകയായിരുന്ന ക്രോസിനെ കോഴിയെത്തി ആക്രമിച്ച് തന്റെ കാൽവിരലുകൾ അദ്ദേഹത്തിന്റെ കാലിലേക്ക് ആഴ്ത്തിയിറക്കി. ഇതെത്തുടർന്ന് ലീറ്റർ കണക്കിന് രക്തം ക്രോസിന്റെ ശരീരത്തിൽ നിന്നു നഷ്ടമായി. തുടർന്ന് ക്രോസിനു ഹൃദയസ്തംഭനം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ഈ കോഴി നേരത്തെ വെർജീനിയയുടെ വീട്ടിലായിരുന്നു.
എന്നാൽ ഇടയ്ക്ക് വെർജീനിയയുടെ മൂന്നുവയസ്സുകാരിയായ മകളെ ഇതാക്രമിച്ചു. തുടർന്നാണ് ക്രോസ് കോഴിയെ തന്റെ വീട്ടിലേക്കു കൊണ്ടുപോയത്. ചൈനയിലെ ഷാങ്ഹായിയിൽ നിന്നെത്തിച്ച കോഴികളെ ബ്രീഡ് ചെയ്ത് യുഎസിലാണ് ബ്രഹ്മ ചിക്കൻ വിഭാഗത്തിലുള്ള കോഴികളെ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ സൃഷ്ടിച്ചത്. 1930 വരെ യുഎസിലെ പ്രധാന ഇറച്ചിക്കോഴികളായിരുന്നു ഈ വിഭാഗം. പൊതുവെ ശാന്തരും കുട്ടികളുമായി സുരക്ഷിതരുമായി ഇടപെടുമെന്ന ഖ്യാതിയുള്ളവരുമാണ് ഇത്തരം കോഴികൾ.
English Summary: Man attacked by 'aggressive' chicken dies after bird previously targeted granddaughter