അലാസ്കയിൽ ഭൂമിക്ക് 11 കിലോമീറ്റർ താഴെ അദ്ഭുതം! ഇവിടെ തിളച്ചുമറിയുന്ന ഒരു മാഗ്മ തടാകമുണ്ട്
Mail This Article
അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ദെനാലി മേഖലയിൽ ഭൂമിക്ക് 11 കിലോമീറ്റർ താഴെ ഒരു വലിയ മാഗ്മാ നിക്ഷേപം സ്ഥിതി ചെയ്യുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ ദെനാലിക്കു ചുറ്റുമുള്ള മേഖലയിൽ നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞർക്ക് ഇക്കാര്യം സ്ഥിരീകരിക്കാനായത്. ദെനാലി അഗ്നിപർവതമാണോയെന്ന് നീണ്ടകാലമായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
കാനഡയുമായി അതിർത്തി പങ്കിടുന്ന അമേരിക്കൻ സംസ്ഥാനമാണ് അലാസ്ക. ഇവിടെ മറ്റ് മേഖലകളെ അപേക്ഷിച്ച് ഭൂചലന സാധ്യത കൂടുതലാണ്. ഭൗമപ്ലേറ്റുകളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം ഇവിടെ കൂടുതലാണെന്ന് പറയപ്പെടുന്നു. വലുതും ചെറുതുമായ ഭൂചലനങ്ങൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
1964ൽ അലാസ്കയിലുണ്ടായത് അമേരിക്കയിലെ ഏറ്റവും തീവ്രതയേറിയതും, ലോകത്തെ രണ്ടാമത്തെ വമ്പൻ ഭൂചലനവുമാണ്. 9.2 തീവ്രത അടയാളപ്പെടുത്തിയ ഈ ഭൂചലനം ഗ്രേറ്റ് അലാസ്കൻ എർത്ത്ക്വിക്ക് എന്ന് അറിയപ്പെടുന്നു. 131 പേർ മരിച്ചു, നിരവധി കെട്ടിടങ്ങൾ തകർന്നു. സൂനാമിക്കും ഈ പ്രകമ്പനം വഴിയൊരുക്കി. അലാസ്കയുടെ ഏറ്റവും വലിയ നഗരമായ ആങ്കറേജിനു സമീപമായിരുന്നു പ്രഭവകേന്ദ്രം. വ്യാപകനാശനഷ്ടമാണ് നഗരത്തിലുണ്ടാക്കിയത്.
2018ലും ആങ്കറേജ് നഗരത്തിനു സമീപം ഭൂചലനം നടന്നിരുന്നു. അതിനുശേഷം ദെനാലിയിലും മറ്റും തുടർചലനങ്ങളുണ്ടായി. ഇവയുടെ ഭൗമശാസ്ത്ര പഠനത്തിനായി ദെനാലിയിലെത്തിയ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ചില ‘പിഴവുകൾ’ ശ്രദ്ധയിൽപെട്ടത്. മാഗ്മാ തടാകങ്ങളും നിക്ഷേപങ്ങളുമൊക്കെ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്നതു മൂലമുണ്ടാകുന്നതാണ് ഈ പിഴവുകൾ.
അലാസ്‌കയ്ക്ക് അമേരിക്കൻ വൻകരകളുമായി പരിസ്ഥിതിപരവും ചരിത്രപരവുമായ ബന്ധമുണ്ട്. കൊളംബസ് അമേരിക്കൻ വൻകരകളിലെത്തും മുൻപേ അലാസ്കയിൽ യൂറോപ്പിൽ നിന്നും മുത്തുകളെത്തിയിരുന്നു. 1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തുടർന്ന് അലാസ്‌കയുടെ ഭാഗമായ കോഡിയാക് ദ്വീപിൽ റഷ്യക്കാർ കോളനി ഉറപ്പിച്ചു. എന്നാൽ 19–ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യയ്ക്ക് അലാസ്‌കയിൽ താൽപര്യം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അലാസ്‌കയെ യുഎസിനു വിൽക്കുകയും ചെയ്തു. അന്നത്തെ അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച്. സീവാർഡ് 72 ലക്ഷം യുഎസ് ഡോളറിനാണ് അലാസ്‌കയെ യുഎസിന്റെ ഭാഗമാക്കിയത്.
ഇതൊരു വലിയ മണ്ടത്തരമായാണ് അന്ന് യുഎസിലെ ജനങ്ങൾ കണക്കാക്കിയത്. സീവാർഡിന്റെ വിഡ്ഢിത്തം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ പിൽക്കാലത്ത് 1880ൽ അലാസ്‌കയിൽ സ്വർണം കണ്ടെത്തി. വമ്പൻ ധാതു നിക്ഷേപങ്ങളും പ്രകൃതി വാതക നിക്ഷേപങ്ങളുമൊക്കെ മേഖലയിൽ നിന്നു കണ്ടെടുത്തു. ഇന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് അലാസ്ക.