ADVERTISEMENT

യൂറോപ്യൻ രാഷ്ട്രമായ പോളണ്ട് മധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്നു. ലോകയുദ്ധങ്ങളിലും മറ്റും ഒരുപാട് സംഭവങ്ങളുണ്ടായിട്ടുള്ള ഈ രാജ്യം പ്രകൃതിസൗന്ദര്യത്താലും മനോഹരമാണ്. നൂറിലേറെ കോട്ടകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ രാജ്യം കാണാൻ ഒട്ടേറെ വിദേശ സഞ്ചാരികളും എത്താറുണ്ട്. പോളണ്ടിലെ വളരെ വിചിത്രമായ ഒരു വിനോദസഞ്ചാര ആകർഷണമാണ് ക്രൂക്കഡ് ഫോറസ്റ്റ്.

അരിവാൾ പോലെ വളഞ്ഞുനിൽക്കുന്ന നാനൂറോളം പൈൻമരങ്ങളാണ് ഈ കാടിന്റെ ആകർഷണം. വടക്കുപടിഞ്ഞാറൻ പോളണ്ടിലെ വെസ്റ്റ് പൊമറേനിയനിലെ ഗ്രിഫിനോ പട്ടണത്തിനു സമീപം നോവെ സാർനോവോ ഗ്രാമത്തിലാണ് ഈ പൈൻമരക്കാട് സ്ഥിതി ചെയ്യുന്നത്.

(Photo: X/@p_shephard)
(Photo: X/@p_shephard)

1930ലാണ് ഈ മരങ്ങൾ നട്ടത്. വളഞ്ഞ മരങ്ങളുടെ ഈ കൂട്ടത്തെ പൊതിഞ്ഞ് വളയാത്ത പൈൻമരങ്ങളുടെ ഒരു കാടുമുണ്ട്. മനുഷ്യപ്രവർത്തനമോ ഏതോ ഉപകരണങ്ങളോ കാരണമാണ് ഈ മരങ്ങൾ വളഞ്ഞുപോയതെന്ന് കരുതപ്പെടുന്നു. എന്നാൽ എന്താണ് ഇതിനു വഴിവച്ചതെന്ന് ഇന്നും കണ്ടെത്താൻ കഴിയാത്ത ദുരൂഹതയാണ്.

ബോട്ടുണ്ടാക്കുന്നതിനോ മറ്റോ കൃത്രിമമായി ഈ രീതിയിൽ മരങ്ങൾ വളച്ചതാണെന്ന് ഒരു വാദമുണ്ട്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയിലാണ് ഈ മരങ്ങൾ ഈ രൂപത്തിലായതെന്ന് മറ്റൊരു വാദമുണ്ട്. മേഖലയിലെ ഗുരുത്വാകർഷണമാണ് മരങ്ങളെ ഇങ്ങനെ വളച്ചതെന്നും ചിലർ കരുതുന്നുണ്ട്. ഏതായാലും ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം മുതൽ ഏകദേശം 1970 വരെ ഗ്രിഫിനോ പട്ടണവും സമീപമേഖലകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതിനാൽ എന്താണ് ഈ കാട്ടിൽ സംഭവിച്ചതെന്ന് അറിയാവുന്നവർ വളരെ കുറവാണ്.

നിരവധി ടിവി പരിപാടികളിലും ഡോക്യുമെന്ററികളിലുമൊക്കെ ഈ കാട് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും ക്രൂക്കഡ് ഫോറസ്റ്റ് ഒരു ദുരൂഹതയായി പോളണ്ടിൽ സ്ഥിതി ചെയ്യുന്നു.

English Summary:

Discover Poland's Enigmatic Beauty: 100 Forts and the Mysterious Curved Pines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com