30,000 വർഷം മുൻപ് തന്നെ മനുഷ്യർ പാകംചെയ്ത ഭക്ഷണം നായകൾക്ക് നൽകി; തെളിവുമായി ഗവേഷകർ
Mail This Article
ഭൂമിയിൽ കോടാനുകോടി കണക്കിന് ജീവജാലങ്ങൾ ഉണ്ടെങ്കിലും അവയിൽ മനുഷ്യന്റെ ഏറ്റവും നല്ല ചങ്ങാതി എന്ന വിളിപ്പേര് വീണു കിട്ടിയിരിക്കുന്നത് നായകൾക്കാണ്. ഒപ്പം കൂട്ടിയാൽ അവ മനുഷ്യനോട് കാണിക്കുന്ന അങ്ങേയറ്റത്തെ വിശ്വാസ്യതയും സ്നേഹവുമാണ് ഈ പറച്ചിലിന് ആധാരം. പക്ഷേ മനുഷ്യനും നായയും തമ്മിലുള്ള ഈ ആത്മബന്ധം എന്നാണ് തുടങ്ങിയത്? അൽപം പരിഷ്കൃതമായി ജീവിച്ചു തുടങ്ങിയതിനു ശേഷമാണെന്നാവും പൊതുവെയുള്ള ധാരണ. എന്നാൽ പതിനായിര കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ നായകളെ മനുഷ്യർ ഇന്നത്തേതു പോലെ തന്നെ ഓമനിച്ചു വളർത്തിയിരുന്നു എന്ന് ഉറപ്പിച്ചു പറയുകയാണ് ശാസ്ത്രലോകം.
30000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ നായകൾക്ക് പാകം ചെയ്ത ഭക്ഷണം നൽകിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നവീന ശിലായുഗത്തിലെ മനുഷ്യവാസ മേഖലയായിരുന്ന ചൈനയിലെ കാങ്ജിയയിൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ദന്ത ഫോസിലുകൾ പരിശോധിച്ചതിൽ നിന്നും നായകൾ വേവിച്ച ധാന്യങ്ങൾ ഭക്ഷിച്ചിരുന്നതായി കണ്ടെത്തി. പഠനത്തിന്റെ വിശദവിവരങ്ങൾ പിയർ റിവ്യൂഡ് ജേർണലായ ആന്റിക്വിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാചീന മനുഷ്യർ നായകൾക്ക് ഇന്നത്തേതുപോലെ പാകം ചെയ്ത ധാന്യങ്ങൾ നൽകിയിരുന്നു എന്നത് തികച്ചും പുതിയ അറിവാണ്. മുപ്പതിനായിരം വർഷം മുൻപത്തെ സാഹചര്യങ്ങളെക്കുറിച്ച് തെളിവുകൾ ലഭിച്ചെങ്കിലും ചൈനയിൽ നായകളെ വളർത്തി തുടങ്ങിയത് ഏത് കാലഘട്ടം മുതലാണെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 6000 വർഷത്തിനും 10000 വർഷത്തിനും ഇടയിൽ കാലപ്പഴക്കം ചെന്ന പുരാവസ്തു സൈറ്റുകളിൽ നിന്നും നായകളെ വളർത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
നിലവിൽ ഗവേഷണം നടക്കുന്ന കാങ്ജിയ മേഖലയിൽ ലോംഗ്ഷാൻ സംസ്കാരം നിലനിന്നിരുന്നു. ഈ സമൂഹത്തിൽ ജീവിച്ചിരുന്ന ജനങ്ങൾ വനമേഖലകളിൽ വേട്ടയാടിയിരുന്നതിനൊപ്പംതന്നെ ചെറു ധാന്യങ്ങളും അരിയും കൃഷി ചെയ്തിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനയിലും മിഡിൽ ഈസ്റ്റിലും നായകളെ മാത്രമല്ല പന്നികളെയും ഇത്തരത്തിൽ മനുഷ്യന്‍ വളർത്തിയിരുന്നു എന്ന് അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളജിലെ നരവംശശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറും പഠന സംഘാംഗവുമായ ജിയാജിംഗ് വാങ് പറയുന്നു.
ഇതിനുള്ള തെളിവുകളും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. നായകൾക്ക് പുറമെ പുരാവസ്തു സൈറ്റിൽ നിന്നും ലഭിച്ച പന്നികളുടെയും ചെമ്മരിയാടുകളുടെയും ആടുകളുടെയും മാനുകളുടെയും ഫോസിലുകളിൽ നടത്തിയ പരിശോധനയിൽ ചെറു ധാന്യങ്ങളും ഗോതമ്പും അരിയും എല്ലാം അവ ഭക്ഷിച്ചിരുന്നതായി കണ്ടെത്തി. നായകൾ കഴിഞ്ഞാൽ പന്നികളാണ് കൂടുതലായും ധാന്യങ്ങൾ ഭക്ഷിച്ചിരുന്നത് എന്നാണ് ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
എന്നാൽ പാകം ചെയ്ത ധാന്യങ്ങൾ ഭക്ഷിച്ചിരുന്നതിന്റെ തെളിവുകൾ കൂടുതലായി കണ്ടെത്തിയത് നായകളുടെ ഫോസിലുകളിൽ തന്നെയാണ്. പന്നികളുടെ മാംസം അക്കാലത്ത് മനുഷ്യർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രധാനമായും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള ജനങ്ങളാണ് പന്നികളെ വലിയതോതിൽ വളർത്തി ഭക്ഷിച്ചിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നായകളുടെ കാര്യമെടുത്താൽ നായകളെ കാവലിനും കൂട്ടിനുമായാണ് പ്രധാനമായും അവയെ വളർത്തിയിരുന്നത് എന്നും ഗവേഷകർ പറയുന്നു.