ലാൻഡ് ക്രൂസർ മറിച്ച് വിൽക്കാനാവില്ല, വിറ്റാൽ പിന്നെ ടൊയോട്ട വാഹനങ്ങൾ ലഭിക്കില്ല!
Mail This Article
അടുത്തിടെയാണ് ടൊയോട്ടയുടെ ഏറ്റവും പുതിയ ലാൻഡ് ക്രൂസര്‍ മോഡല്‍ രാജ്യാന്തര വിപണിയിലെത്തിയത്. എല്‍സി 300 എന്നു പേരിട്ടിരിക്കുന്ന ഈ വാഹനം വാങ്ങുന്നവര്‍ക്ക് നല്കുന്ന കരാറില്‍ വിചിത്രമായ ഒരു ഭാഗം ടൊയോട്ട കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ജപ്പാൻ വിപണിയിൽ മാത്രം 24000 പ്രീ ഓര്‍ഡറുകള്‍ ലഭിച്ച വാഹനം വാങ്ങുന്നവര്‍ക്ക് നിശ്ചിതകാലത്തേക്ക് വില്ക്കാന് പാടില്ലെന്നതാണ് ടൊയോട്ടയുടെ നിബന്ധന. നിലവിൽ ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു നിബന്ധനയുള്ളത് എന്നാണ് റിപ്പോർട്ടുകൾ. സല്പേര് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇത്തരമൊരു വിചിത്ര നിബന്ധന ഉടമകള്‍ക്ക് നല്കാന് ജാപ്പനീസ് വാഹന നിർമാതാക്കളെ പ്രേരിപ്പിച്ചത്.
എത്ര ബുദ്ധിമുട്ടേറിയ കാടും മേടും ഒരുപോലെ മറികടക്കാന്‍ കഴിയുന്ന വാഹനങ്ങളാണ് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസര്‍ ശ്രേണിയിലുള്ളത്. സുരക്ഷയുടെ കാര്യത്തിലായാലും സൗകര്യത്തിന്റെ കാര്യത്തിലായാലുമുള്ള മേല്‍ക്കോയ്മ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഭീകര സംഘങ്ങളുടേയും ഇഷ്ട വാഹനമാക്കി വൈകാതെ ലാന്‍ഡ് ക്രൂസറെ മാറ്റി. തങ്ങളുടെ പുതിയ മോഡലും ഭീകരര്‍ വാങ്ങിക്കൂട്ടുമോ എന്ന ആശങ്കയാണ് വിചിത്രമായ നിബന്ധന വാഹനം വാങ്ങുന്നവര്‍ക്ക് നല്കാന് ടൊയോട്ടയെ പ്രേരിപ്പിച്ചത്.
എല്‍സി 300 വാങ്ങുന്നതിന് മുമ്പായി എല്ലാ ഉപഭോക്താക്കളും ഒരു കരാറില്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. ഈ കരാര്‍ പ്രകാരം 12 മാസത്തേക്ക് ഈ വാഹനം കൈമാറ്റം ചെയ്യാന്‍ പാടില്ല. ഈ കരാര്‍ ലംഘിക്കുന്നവരെ ആജീവനാന്തം ടൊയോട്ട വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നു കമ്പനി വിലക്കുകയും ചെയ്യും. ആഗോള സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുമോ എന്ന ആശങ്കയാണ് ഇത്തരമൊരു നിബന്ധനക്ക് പ്രേരിപ്പിച്ചതെന്നാണ് ടൊയോട്ട വിശദീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു എല്‍സി 300 വാഹനം മാത്രമേ വാങ്ങാന്‍ സാധിക്കൂ എന്ന നിബന്ധനയും ടൊയോട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മോഡലിന്റെ വാഹനഭാരത്തില് ടൊയോട്ട 200 കിലോഗ്രാമിന്റെ കുറവ് വരുത്തിയിട്ടുണ്ട്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൈനറ്റിക് ഡൈനാമിക് സസ്പെന്ഷന് സ്റ്റെബിലൈസേഷന്‍ സംവിധാനവും ഓഫ് റോഡ് ഫീച്ചറുകളായ മള്‍ട്ടി ടെറൈന്‍ മോണിറ്ററും മള്‍ട്ടി ടറൈന്‍ സെലക്ടും ഇതിലുണ്ട്. പെട്രോള്‍ മോഡലിന് 3.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എൻജിനും ഡീസലിന് 3.3 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എൻജിനുമാണുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയ്യുന്ന 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് രണ്ട് എഞ്ചിനുമുള്ളത്. വിലയില്‍ കുറവുള്ള വി6 പെട്രോള്‍ എൻജിനുള്ള മോഡലും വൈകാതെ വിപണിയിലെത്തുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഇതിനുണ്ടാവുക 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്.
ഇന്റീരിയറിലാണ് പുതിയ മോഡലില്‍ ടൊയോട്ട വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കറുപ്പും ഇളം തവിട്ടു നിറവുമാണ് ഉള്‍ഭാഗത്തിന് നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, ക്രാഷ് അവോയ്ഡന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോള്, അഡാപ്റ്റീവ് ഹൈ ബീം തുടങ്ങിയ ആധുനിക ഫീച്ചറുകളും ടൊയോട്ട വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ടച്ച് സ്ക്രീനുകളുള്ള(9 ഇഞ്ച്, 12.3 ഇഞ്ച്) എല്‍സി 300ല്‍ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും വഴിയാണ് വിവരങ്ങള്‍ ലഭ്യമാവുക. 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, സ്റ്റിയറിംങ് വീലിന് ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, ഹെഡ്സ് അപ് ഡിസ്പ്ലേ, ഫിംഗര്‍പ്രിന്റ് ഓതന്റികേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളും പുത്തന്‍ മോഡലില്‍ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.
Source: Autocar
English Summary: Toyota bans Land Cruiser LC300 resale in some markets