ADVERTISEMENT

ടൊയോട്ട ലാൻഡ് ക്രൂസർ ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ കാത്തിരിക്കേണ്ടത് 4 വർഷം. വാഹനം ബുക്ക് ചെയ്താൽ ഏറ്റവും അടുത്ത ദിവസം തന്നെ ഡെലിവറി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന‌‌‌‌വരുടെ ഇടയിൽ വ്യത്യസ്തരാകുകയാണ് ലാൻഡ് ക്രൂസർ ഉപഭോക്താക്കൾ. ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിലാണ് ലാൻഡ് ക്രൂസറിന് ഇത്രയധികം കാത്തിരിപ്പ് സമയം. 

 

വാഹനത്തിന് ജപ്പാനിൽ ലഭിച്ച ജനപ്രീതി തന്നെയാണ് ഇതിന് കാരണം. നിലവിലെ ബുക്കിങ് കണക്കുകൾ വച്ച് വാഹനം കൊടുത്തു തീർക്കാൻ 4 വർഷമെങ്കിലും വേണ്ടിവരുമെന്നും കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് കമ്പനിയെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് പുതിയ ലാൻഡ് ക്രൂസർ വിപണിയിലെത്തിയത്. 

 

കാത്തിരിപ്പ് പരിധി മാത്രമല്ല എൽസി 300 എന്നു പേരിട്ടിരിക്കുന്ന ഈ വാഹനം വാങ്ങുന്നവര്‍ക്ക് നല്‍കുന്ന കരാറില്‍ വിചിത്രമായ ഒരു ഭാഗം ടൊയോട്ട കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വാഹനം വാങ്ങുന്നവര്‍ക്ക് നിശ്ചിതകാലത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നതാണ് ടൊയോട്ടയുടെ നിബന്ധന. നിലവിൽ ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു നിബന്ധനയുള്ളത് എന്നാണ് റിപ്പോർട്ടുകൾ. സല്‍പേര് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇത്തരമൊരു വിചിത്ര നിബന്ധന ഉടമകള്‍ക്ക് നല്‍കാന്‍ ജാപ്പനീസ് വാഹന നിർമാതാക്കളെ പ്രേരിപ്പിച്ചത്.

 

എത്ര ബുദ്ധിമുട്ടേറിയ കാടും മേടും ഒരുപോലെ മറികടക്കാന്‍ കഴിയുന്ന വാഹനങ്ങളാണ് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസര്‍ ശ്രേണിയിലുള്ളത്. സുരക്ഷയുടെ കാര്യത്തിലായാലും സൗകര്യത്തിന്റെ കാര്യത്തിലായാലുമുള്ള മേല്‍ക്കോയ്മ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഭീകര സംഘങ്ങളുടേയും ഇഷ്ട വാഹനമാക്കി വൈകാതെ ലാന്‍ഡ് ക്രൂസറെ മാറ്റി. തങ്ങളുടെ പുതിയ മോഡലും ഭീകരര്‍ വാങ്ങിക്കൂട്ടുമോ എന്ന ആശങ്കയാണ് വിചിത്രമായ നിബന്ധന വാഹനം വാങ്ങുന്നവര്‍ക്ക് നല്‍കാന്‍ ടൊയോട്ടയെ പ്രേരിപ്പിച്ചത്.

 

എല്‍സി 300 വാങ്ങുന്നതിന് മുമ്പായി എല്ലാ ഉപഭോക്താക്കളും ഒരു കരാറില്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. ഈ കരാര്‍ പ്രകാരം 12 മാസത്തേക്ക് ഈ വാഹനം കൈമാറ്റം ചെയ്യാന്‍ പാടില്ല. ഈ കരാര്‍ ലംഘിക്കുന്നവരെ ആജീവനാന്തം ടൊയോട്ട വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നു കമ്പനി വിലക്കുകയും ചെയ്യും. ആഗോള സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുമോ എന്ന ആശങ്കയാണ് ഇത്തരമൊരു നിബന്ധനക്ക് പ്രേരിപ്പിച്ചതെന്നാണ് ടൊയോട്ട വിശദീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു എല്‍സി 300 വാഹനം മാത്രമേ വാങ്ങാന്‍ സാധിക്കൂ എന്ന നിബന്ധനയും ടൊയോട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

പെട്രോൾ, ഡീസൽ എൻജിനുകളുമായാണ് പുതിയ ലാൻഡ് ക്രൂസർ വിപണിയിലെത്തിയത്. പെട്രോള്‍ മോഡലിന് 3.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എൻജിനും ഡീസലിന് 3.3 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എൻജിനുമാണുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയ്യുന്ന 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എഞ്ചിനുമുള്ളത്. വിലയില്‍ കുറവുള്ള വി6 പെട്രോള്‍ എൻജിനുള്ള മോഡലും വൈകാതെ വിപണിയിലെത്തുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഇതിനുണ്ടാവുക 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. 

 

കറുപ്പും ഇളം തവിട്ടു നിറവുമാണ് ഉള്‍ഭാഗത്തിന് നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, ക്രാഷ് അവോയ്ഡന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോള്‍, അഡാപ്റ്റീവ് ഹൈ ബീം തുടങ്ങിയ ആധുനിക ഫീച്ചറുകളും ടൊയോട്ട വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ടച്ച് സ്‌ക്രീനുകളുള്ള(9 ഇഞ്ച്, 12.3 ഇഞ്ച്) എല്‍സി 300ല്‍ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും വഴിയാണ് വിവരങ്ങള്‍ ലഭ്യമാവുക. 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, സ്റ്റിയറിംങ് വീലിന് ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്റ് ഓതന്റികേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളും പുത്തന്‍ മോഡലില്‍ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

 

English Summary: Toyota confirms 4-year waiting period for Land Cruiser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com