10 ലക്ഷം നൽകി ബുക്ക് ചെയ്യാം പുതിയ ലാൻഡ് ക്രൂസര്‍
Mail This Article
പുത്തന്‍ ലാന്‍ഡ് ക്രൂസര്‍ മോഡല്‍ എല്‍സി 300ന് ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചു. ആഗോളതലത്തില്‍ വലിയ വരവേല്‍പ് ലഭിച്ച ലാന്‍ഡ് ക്രൂസറിന്റെ പുത്തന്‍ അവതാരത്തിന് പത്ത് ലക്ഷം രൂപയാണ് ഇന്ത്യയില്‍ ബുക്കിങ് തുക. പല രാജ്യങ്ങളിലും വന്‍ ഡിമാന്‍ഡാണ് എല്‍സി 300നുള്ളത്. വാഹനം ബുക്കു ചെയ്യുന്നവര്‍ ഇന്ത്യയില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. 2021ലാണ് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 പുറത്തിറക്കിയത്. ഇതിനകം തന്നെ വലിയ വണ്ടിപ്രേമികള്‍ ഈ സ്വപ്‌ന വാഹനം വിദേശത്തു നിന്നും വാങ്ങി ഇന്ത്യയിലെത്തിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആര്‍ക്കും അധിക കടമ്പകള്‍ ഒഴിവാക്കിക്കൊണ്ട് ഇന്ത്യയില്‍ നിന്നു തന്നെ വാഹനം സ്വന്തമാക്കാനുള്ള അവസരവും ടൊയോട്ട നല്‍കുന്നു.
കിടിലന്‍ ഫീച്ചറുകള്‍
പുതിയ മോഡലിലും ഒറ്റ നോട്ടത്തില്‍ തന്നെ ലാന്‍ഡ് ക്രൂസര്‍ എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിപ്പിക്കുന്ന സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ടൊയോട്ട ശ്രദ്ധിച്ചിട്ടുണ്ട്. വലിയ ലാന്‍ഡ് ക്രൂസര്‍ ടച്ചുള്ള ഗ്രില്ലും ഹെഡ് ലാംപുകളും വാഹനത്തിന് കാഴ്ചയില്‍ എടുപ്പ് നല്‍കുന്നുണ്ട്. ആകെ അഞ്ച് നിറങ്ങളില്‍ ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ ലഭ്യമാണ്.
12.3 ഇഞ്ച് അല്ലെങ്കില്‍ 9 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ലഭ്യമാണ്. ജെബിഎല്ലിന്റെ സ്പീക്കറുകള്‍ ലാന്‍ഡ് ക്രൂസറിന് ശബ്ദഗാംഭീര്യം നല്‍കും. ഇന്ത്യയില്‍ ലഭ്യമാവുന്ന ലാന്‍ഡ് ക്രൂസര്‍ 300 മോഡലുകള്‍ 5 സീറ്ററാണെന്നും സൂചനകളുണ്ട്. 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, സ്റ്റിയറിങ് വീലില്‍ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, ഫിംഗര്‍ പ്രിന്റ് ഓതന്റികേഷന്‍ എന്നിങ്ങനെ പല ഫീച്ചറുകളും പുതിയ വാഹനത്തിനായി ടൊയോട്ട നല്‍കിയിട്ടുണ്ട്.
ഓഫ് റോഡര്‍മാരുടെ സ്വപ്നം
ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300ന് രണ്ട് എൻജിന്‍ ഓപ്ഷനുകളാണ് നല്‍കിയിരുന്നത്. 3.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ വി6 എൻജിനും 3.3 ലിറ്റര്‍ ഡീസല്‍ വി6 എൻജിനുമാണത്. രണ്ട് എൻജിനുകളിലും പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണുള്ളത്. ഇന്ത്യയില്‍ ഡീസല്‍ എൻജിന്‍ മാത്രമായിരിക്കും ടൊയോട്ട നല്‍കുക.
ഓഫ് റോഡര്‍മാരുടെ സ്വപ്‌ന വാഹനമായ ടൊയോട്ട ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡലില്‍ 230 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സുള്ളത്. ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം ടൊയോട്ടയുടെ മള്‍ട്ടി ടെറെയ്ന്‍ സെലക്ട് സിസ്റ്റവും പുതിയ ഡ്രൈവിങ് അനുഭവം സമ്മാനിക്കും. വാഹനത്തിന് അടിയില്‍ വരെ ലാന്‍ഡ് ക്രൂസര്‍ 300ല്‍ ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് യാത്രകളില്‍ വേഗം നിയന്ത്രിക്കുന്ന പുതിയ സംവിധാനവും ടൊയോട്ട ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
കാത്തിരിപ്പ് നാലു വര്‍ഷം വരെ
ടൊയോട്ടയുടെ ഏറ്റവും പുതിയ അഭിമാനമായ ലാന്‍ഡ് ക്രൂസര്‍ 300ന് ആഗോളതലത്തില്‍ വലിയ ആവശ്യക്കാരാണുള്ളത്. പണം നല്‍കി ബുക്കു ചെയ്ത ശേഷം ലാന്‍ഡ് ക്രൂസര്‍ 300 ലഭിക്കാന്‍ ജപ്പാനില്‍ നാലു വര്‍ഷം കാത്തിരിക്കണമെന്ന വാര്‍ത്തകളും ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു.
ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചുവെന്ന് പറയുമ്പോഴും വാഹനത്തിന്റെ അന്തിമ വില ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഏകദേശം രണ്ടു കോടിക്കടുത്തായിരിക്കും ലാന്‍ഡ് ക്രൂസര്‍ 300ന്റെ പ്രതീക്ഷിക്കുന്ന വില. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടിയും ലാന്‍ഡ് ക്രൂസര്‍ നല്‍കുന്നുണ്ട്.
English Summary: Toyota Land Cruiser LC 300 bookings open in India