ടൊയോട്ട ലാൻഡ്ക്രൂസർ പ്രാഡോ എത്തുന്നു; ഏഴു വർഷത്തിന് ശേഷം മടങ്ങി വരവ്
Mail This Article
കഴിഞ്ഞ വർഷം രാജ്യാന്തര വിപണിൽ അരങ്ങേറ്റം കുറിച്ച ലാൻഡ് ക്രൂസർ പ്രാഡോ ഇന്ത്യയിലേക്ക്. അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിൽ പുതിയ വാഹനം എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ലാൻഡ് ക്രൂസർ 250 എന്ന പേരിലും മറ്റു വിപണിയിൽ പുറത്തിറങ്ങുന്ന വാഹനം ടൊയോട്ടയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയാണ്.
ലാഡർ ഓൺ ഫ്രെയിം ആർക്കിടെക്ച്ചറിൽ നിർമിക്കുന്ന വാഹനത്തിന്റെ ഓഫ് റോഡ് മികവ് തന്നെയാണ് എടുത്തുപറയേണ്ടത്. 4920 എംഎം നീളവും 1870 എംഎം ഉയരവും 2850 എംഎം വീൽബെയ്സുമുണ്ട് പ്രാഡോയ്ക്ക്. മുൻമോഡലിനെക്കാൾ ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തിയത്. റീ ഡിസൈൻഡ് ക്യാബിൻ, കൂടുതൽ ഫീച്ചറുകളും സാങ്കേതിക വിദ്യയും പുതിയ പ്രാഡോയിലുണ്ട്. മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ലഥർ അപ്ഹോൾസറി, റാപ്എറൗണ്ട് ഡിജിറ്റൽ ഡിസ്പ്ലെ, പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്.
യൂറോപ്, ജപ്പാൻ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയൻ വിപണികളിലുള്ള പ്രാഡോയിൽ 2.8 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സും 48 V MHEV മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും ഈ എൻജിനിലുണ്ട്. ടൊയോട്ട ഫോർച്യൂണറിൽ ഉപയോഗിക്കുന്ന 2.8 ലീറ്റർ ഡീസൽ എൻജിനാണോ ഇന്ത്യൻ മോഡലിൽ ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. ഇതു കൂടാതെ 2.4 ലീറ്റർ പെട്രോൾ എൻജിൻ മോഡലുകളും നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് വിപണിയിൽ വിൽപനയിലുണ്ട്. ലാൻഡ് ക്രൂസർ എൽഎസ് 300 നെപ്പോലെ പൂർണമായും ഇറക്കുമതി ചെയ്തായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനം വിൽക്കുക.