അനധികൃത കുടിയേറ്റക്കാരെ യുകെയിൽ നിന്ന് നാടുകടത്തും; 'റുവാണ്ട ബില്ലിന്' അംഗീകാരം
Mail This Article
ലണ്ടൻ∙ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള 'റുവാണ്ട' നാടുകടത്തല്‍ നിയമത്തിന് ബ്രിട്ടിഷ് പാർലമെന്‍റിലെ ഇരു സഭകളുടെയും അംഗീകാരം. ഹൗസ് ഓഫ് കോമൺസിന്‍റെ അംഗീകാരം നേരത്തെ നേടിയെടുത്തിരുന്ന 'റുവാണ്ട ബിൽ' മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം കഴിഞ്ഞ ദിവസം ഹൗസ് ഓഫ് ലോഡ്‌സിന്‍റെ കൂടി അംഗീകാരം ലഭിച്ചതോടെയാണ് 'റുവാണ്ട പദ്ധതി' ഒടുവിൽ നിയമമാകുന്നത്. കോമണ്‍സും ലോര്‍ഡ്സും തമ്മിലുള്ള ബിൽ സംബന്ധമായ തര്‍ക്കങ്ങള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷം തിങ്കളാഴ്ച രാത്രി പ്രതിപക്ഷവും ക്രോസ്‌ബെഞ്ച് പീര്‍സും വഴിമാറിയപ്പോള്‍ ബില്‍ പാസാവുകയായിരുന്നു.
ബില്ലിന് ചാൾസ് രാജാവിന്‍റെ അനുമതി ലഭിക്കുമ്പോൾ അനധികൃത കുടിയേറ്റം പൂർണ്ണമായും നിയമ വിരുദ്ധമാകും. അനധികൃതമായ മാര്‍ഗങ്ങളിലൂടെ യുകെയിലെത്തുന്ന അഭയാര്‍ഥികളെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്തുന്ന ബില്ലാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. റുവാണ്ടയിലേക്കുള്ള വിമാനങ്ങള്‍ 10 മുതല്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ പുറപ്പെടുമെന്നും ആദ്യ ഘട്ടത്തിൽ 350 പേരെയാണ് നാട് കടത്തുകയെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു. ബിൽ പാസാക്കിയത് അനധികൃത കുടിയേറ്റം നിർത്താനുള്ള പദ്ധതികളിലെ പ്രധാന നാഴികക്കല്ലാണെന്ന് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു.
പ്രധാനമായും ചെറു ബോട്ടുകളിലും മറ്റും ഇംഗ്ലിഷ് ചാനൽ കടന്നാണ് അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തുന്നത്. ഇവരെ തടയുന്ന പദ്ധതി നിയമവിരുദ്ധമാണെന്ന് യുകെയിലെ സുപ്രീം കോടതി ഏകകണ്ഠമായി വിധിച്ച 2023 നവംബറിൽ വിധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ നിയമ പരിരക്ഷ നൽകി ബിൽ വീണ്ടും പാർലമെന്‍റിന് മുന്നിൽ എത്തുന്നതും മാസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്നതതും. പദ്ധതി നടപ്പിലാക്കാനായി 500 ജീവനക്കാരെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. എന്നാൽ ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നത്. സുരക്ഷിതമായി ജീവിക്കാനും ഏറ്റവും ആവശ്യമുള്ളപ്പോൾ സംരക്ഷണം തേടാനുമുള്ള അവസരത്തിന് നാമെല്ലാവരും അർഹരാണ് എന്നാണ് പ്രതിഷേധക്കാരുടെ വാദം.