യുഎസ് ഉൽപന്നങ്ങൾക്ക് ഇയുവിന്റെ തിരിച്ചടി; നീക്കം‘താരിഫ് യുദ്ധത്തിന്’ വഴിതുറക്കുമോ?

Mail This Article
ബ്രസല്‍സ് ∙ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾക്ക് മറുപടിയായി യുഎസ് ഉൽപന്നങ്ങൾക്കെതിരെ താരിഫ് ഉയർത്താൻ നീക്കവുമായി യൂറോപ്യൻ യൂണിയൻ. സ്റ്റീൽ, അലുമിനിയം ഉൾപ്പെടെയുള്ള ഉൽപന്നങ്ങളെ യൂറോപ്യൻ യൂണിയന്റെ (ഇയു) താരിഫുകൾ ബാധിക്കും. പുതിയ യുഎസ് താരിഫുകൾ യുഎസിലേക്കുള്ള ഇയു കയറ്റുമതിയുടെ 5 ശതമാനത്തെ ബാധിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ അറിയിച്ചു.
ഏപ്രിൽ ഒന്നിനകം യുഎസ് ഉൽപന്നങ്ങൾക്കെതിരെ സ്വന്തം താരിഫ് അവതരിപ്പിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ ബുധനാഴ്ച വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം വരെ ചുങ്കം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ 'പ്രതിരോധ നടപടികൾ' പ്രഖ്യാപിച്ചത്.
‘യൂറോപ്യൻ ബിസിനസുകളെയും തൊഴിലാളികളെയും ഉപഭോക്താക്കളെയും ഈ ന്യായീകരിക്കാനാവാത്ത വ്യാപാര നിയന്ത്രണങ്ങളുടെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളാണിത്’ എന്ന് കമ്മീഷൻ പറഞ്ഞു. യുഎസ് താരിഫുകൾ ബാധിക്കുന്ന വ്യാപാരത്തിന്റെ വർധിച്ച മൂല്യവുമായി ഇയു നടപടികളുടെ ആകെ മൂല്യം ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
യുഎസ് 28 ബില്യൻ ഡോളറിന്റെ (26 ബില്യൻ യൂറോ) താരിഫുകൾ നിർദ്ദേശിക്കുന്നതിനാൽ ഇയു 26 ബില്യൻ യൂറോയുടെ പ്രതിരോധ നടപടികളിലൂടെ പ്രതികരിക്കുന്നുവെന്ന് കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രസ്താവനയിൽ പറഞ്ഞു.
ഇയു എപ്പോഴും ചർച്ചകൾക്ക് തയ്യാറാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത് നമ്മുടെ സമ്പദ്വ്യവസ്ഥയെ താരിഫുകൾ കൊണ്ട് ഭാരപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയന്റെ പൊതു താൽപര്യമല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. യൂറോപ്യൻ യൂണിയന്റെ പ്രതിരോധ നടപടികൾ രണ്ട് ഘട്ടങ്ങളായി പ്രാബല്യത്തിൽ വരുമെന്ന് വോൺ ഡെർ ലെയ്ൻ പറഞ്ഞു. എല്ലാ നടപടികളും ഏപ്രിൽ 13നകം പ്രാബല്യത്തിൽ വരുമെന്നും പ്രതീക്ഷിക്കുന്നു.
സ്റ്റീൽ, അലുമിനിയം, തുണിത്തരങ്ങൾ, തുകൽ സാധനങ്ങൾ, വീട്ടുപകരണങ്ങൾ, പ്ലാസ്റ്റിക്കുകൾ, മരം എന്നിവയെ പുതിയ നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴി, ഗോമാംസം, ചില സമുദ്രവിഭവങ്ങൾ, പരിപ്പ്, മുട്ട, പഞ്ചസാര, പച്ചക്കറികൾ എന്നിവയുൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളെയും നീക്കം ബാധിക്കും.