പ്രഷർ കുക്കർ ബോംബുമായി യുകെയിലെ ആശുപത്രിയിൽ; ലക്ഷ്യമിട്ടത് കൂട്ടക്കൊല, കാരണം സഹപ്രവർത്തകരോടുള്ള ദേഷ്യമെന്ന് പ്രതി

Mail This Article
ലണ്ടൻ ∙ യുകെയിലെ ലീഡ്‌സ് സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രഷർ കുക്കർ ബോംബുമായി കൂട്ടക്കൊലയ്ക്ക് ശ്രമിച്ച മുഹമ്മദ് സോഹൈൽ ഫാറൂഖിന് (30) 37 വർഷം തടവ് ശിക്ഷ വിധിച്ചു. ആശുപത്രിയിലെ ക്ലിനിക്കൽ സപ്പോർട്ട് വർക്കറായിരുന്ന ഫാറൂഖ്, 2023 ജനുവരിയിൽ വീട്ടിൽ നിർമിച്ച പ്രഷർ കുക്കർ ബോംബുമായാണ് ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിയത്. 2013ലെ ബോസ്റ്റൺ മാരത്തൺ ബോംബിങ്ങിന് സമാനമായ രീതിയിൽ തയ്യാറാക്കിയ ബോംബിൽ ഒട്ടറെ സ്ഫോടകവസ്തുക്കളാണ് പ്രതി നിറച്ചിരുന്നത്.
ആശുപത്രിയിൽ ബോംബുമായി എത്തിയ പ്രതിയെ നഥാൻ ന്യൂബി എന്ന രോഗിയാണ് തടഞ്ഞത്. അയാളെ സമാധാനിപ്പിച്ച് ബോംബ് പൊട്ടാതെ തടയാൻ ന്യൂബിക്ക് കഴിഞ്ഞു. ആശുപത്രിയുടെ കാർ പാർക്കിലേക്ക് പരമാവധി ജീവനക്കാരെ എത്തിച്ച് കൂട്ടക്കൊല നടത്താനായിരുന്നു ഫാറൂഖിന്റെ ലക്ഷ്യം. ഷെഫീൽഡ് ക്രൗൺ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രതിയുടെ ശിക്ഷാ വേളയിൽ, നഥാൻ ന്യൂബിയുടെ ഇടപെടലിനെ ജസ്റ്റിസ് ചീമ ഗ്രബ് പ്രത്യേകം പ്രശംസിച്ചു. ജനുവരി 20ന് പുലർച്ചെയാണ് ഫാറൂഖ് സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയത്. സഹപ്രവർത്തകരോടുള്ള ദേഷ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വിചാരണ വേളയിൽ ഫാറൂഖ് മൊഴി നൽകി. താൻ തീവ്രവാദ ആക്രമണത്തിന് ശ്രമിച്ചതല്ലെന്നാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ, തീവ്രവാദികളുടെ രീതികൾ ഓൺലൈനിലൂടെ പഠിച്ചാണ് കൂട്ടക്കൊലയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്ന് കോടതി കണ്ടെത്തി.