യുഎസിലെ ‘കളർഫുൾ പച്ചക്കറി’ ഗൾഫിലും; മരുഭൂമിയിൽ മലയാളിയുടെ വിജയ ജൈവകൃഷി, വെറൈറ്റിക്ക് സൗന്ദര്യം പകർന്ന് പൂന്തോട്ടവും

Mail This Article
ദോഹ ∙ പച്ചക്കറി ഇനങ്ങളിലെ 'വെറൈറ്റി' യാണ് പത്തനംതിട്ട ഇലവുംതിട്ടക്കാരനായ ബെന്നി തോമസിന്റെ ഖത്തറിലെ അൽ വക്രയിലെ വീട്ടിലെ അടുക്കളത്തോട്ടത്തിന്റെ പ്രത്യേകത. പല നിറങ്ങളിലായി ചെറുതും വലുതുമായി കായ്ച്ചു നിൽക്കുന്ന പച്ചക്കറികൾ തന്നെയാണ് ഈ തോട്ടത്തെ 'കളർഫുൾ' ആക്കുന്നത്.
1998 മുതൽ ഖത്തർ പ്രവാസിയാണ് ബെന്നിയെങ്കിലും കൃഷിയിലേക്ക് തിരിഞ്ഞിട്ട് 8 വർഷം. ഖത്തറിലെ ശൈത്യകാല കൃഷി അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. പതിവു പോലെ തന്നെ ഇത്തവണയും സമൃദ്ധമായി തന്നെ വിളവെടുപ്പ് നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബെന്നി. പച്ചക്കറികൾ മാത്രമല്ല റോസ്,ചെത്തി, സൂര്യകാന്തി തുടങ്ങി വൈവിധ്യമായ പൂക്കളുടെ മനോഹരമായ തോട്ടവും ഇവിടെയുണ്ട്.
പയർ, ബിൻസ്, കാരറ്റ്, ബീറ്റ്റൂട്ട്, പാവൽ, പടവലം, കോവൽ, കാപ്സിക്കം, കോളിഫ്ളവർ, ബ്രൊക്കോളി, മല്ലി, മത്തൻ, വെള്ളരി, ചുരക്ക തുടങ്ങി ഒട്ടുമിക്ക നാട്ടു പച്ചക്കറികളും ബെന്നിയുടെ തോട്ടത്തിലുണ്ടെങ്കിലും ഓരോ ഇനങ്ങളിലെയും കൂടുതൽ വെറൈറ്റികളാണ് ഇവിടെയുള്ളത്. തക്കാളിയുടെയും ചീരയുടേയും മാത്രം ഇരുപതോളം വകഭേദങ്ങൾ തന്നെയുണ്ട്.

∙ വെറൈറ്റിക്ക് പിന്നിൽ
തക്കാളിയുടെയും ചീരയുടെയും മാത്രം വകഭേദങ്ങൾ തന്നെയുണ്ട് ഇരുപതിലധികം. പല നിറങ്ങളിലും വലുപ്പത്തിലുമുള്ളവ. തക്കാളി പക്ഷേ ലോക്കൽ അല്ല. ആള് വിദേശിയാണ്. യുഎസിൽ നിന്നുള്ള വിത്തുകളാണ് ദോഹയുടെ മണ്ണിൽ സമൃദ്ധമായി ഫലം നൽകി കൊണ്ടിരിക്കുന്നത്. എല്ലാത്തരം തക്കാളിയ്ക്കും രുചിയേറെയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഇനത്തിന്റെ പലതരം തേടിപിടിച്ചതെന്ന് ചോദിച്ചാൽ ബെന്നി പറയും 'തക്കാളി കൃഷി പാഷന്റെ പുറത്ത് തുടങ്ങിയതാണ്. എല്ലാ വർഷവും മൂന്നോ നാലോ പുതിയ ഇനം തക്കാളികൾ അടുക്കള തോട്ടത്തിലേക്ക് എത്തിക്കാൻ ശ്രമിക്കും. യുഎസിൽ തക്കാളിയുടെ ധാരാളം ഇനങ്ങൾ ലഭ്യമാണ്. അതുകൊണ്ട് യുഎസിൽ നിന്ന് ഓൺലൈൻ ആയാണ് തക്കാളി വിത്തുകൾ വാങ്ങുന്നത്.
സമൃദ്ധമായി വളരുന്നതു കാണുമ്പോഴുള്ള സന്തോഷമാണ് കൂടുതലായി വീണ്ടും പുതിയ ഇനങ്ങളെത്തിക്കാനുള്ള പ്രോത്സാഹനം'. തക്കാളിയും ചീരയും മാത്രമല്ല പലതരം വഴുതനങ്ങയും പച്ചമുളകും കാപ്സിക്കവും എല്ലാം ഇവിടെയുണ്ട്.

∙ ജൈവമാണ് എല്ലാം
ബെന്നിയുടെ തോട്ടത്തിലെ പച്ചക്കറികൾ മുഴുവൻ ജൈവമാണ്. പൂർണമായും ജൈവ വളങ്ങളും കീടനാശിനികളും മാത്രം ഉപയോഗിച്ചുള്ള കൃഷി. പച്ചക്കറി മാലിന്യം, കംപോസ്റ്റ്, ചാണകം, ആട്ടിൻ കാഷ്ടം, കോഴി വളം, ഫിഷ് അമിനോ ആസിഡ്, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയെല്ലാമാണ് മികച്ച കൃഷിക്കായി ബെന്നി ഉപയോഗിക്കുന്നത്.

പ്രവാസത്തിലെ ഇത്തിരി പോന്ന മുറ്റത്ത് കൃഷി ചെയ്യാൻ കഴിയുന്നതിന്റെയും ജോലി തിരക്കിനിടയിലും കൃത്യമായി വെള്ളവും വളവും നൽകി പരിചരിക്കുന്നതിന് മികച്ച ഫലവും ലഭിക്കുന്നതിലുമുള്ള സന്തോഷം അതനുഭവിച്ചു തന്നെ അറിയണമെന്നാണ് ബെന്നിയുടെ അഭിപ്രായം.

∙ ഒറ്റയ്ക്കല്ല, കുടുംബം കൂടെയുണ്ട്
ഖത്തറിൽ പ്രൊജക്ട് മാനേജർ ആയാണ് ബെന്നി ജോലി ചെയ്യുന്നത്. ജോലി തിരക്കിനിടെ ഇത്രയധികം കൃഷികാര്യങ്ങൾ എങ്ങനെ എന്നു ചോദിച്ചാൽ ഞങ്ങളും കൂടെയുണ്ട് കൃഷി ചെയ്യാൻ എന്നു പറഞ്ഞ് ഒപ്പമുണ്ട് ഭാര്യ ഷൈബിയും മക്കളായ റിച്ചാർഡും ആനും അതീനയും എന്നാണ് ബെന്നിയുടെ മറുപടി. ശൈത്യകാല കൃഷി വിളവെടുപ്പിന്റെ അവസാനഘട്ടത്തിലാണ്. അടുത്ത വർഷത്തെ കൃഷിക്കാവശ്യമായ തരത്തിൽ മണ്ണും വിത്തുമെല്ലാം ഒരുക്കിയെടുക്കുന്നതിന്റെ തിരക്കിലേക്കാണ് വരും മാസങ്ങളിൽ ഖത്തറിലെ ബെന്നി ഉൾപ്പെടുന്ന പ്രവാസി മലയാളികളായ കർഷകർ പ്രവേശിക്കുന്നത്.