യുകെയിൽ അനധികൃത കുടിയേറ്റവും തൊഴിലും തടയും; രാജ്യാന്തര വിദ്യാർഥികൾക്കും തിരിച്ചടി

Mail This Article
ലണ്ടൻ ∙ യുകെയിലെ തൊഴിൽ സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ. ഇത്തരം പരിശോധനകളിലൂടെ അനധികൃതമായി ജോലി ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്. പരിശോധനകളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ തൊഴിൽ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ക്രിമിനൽ സംഘങ്ങൾ ജോലി സാധ്യതകളെപ്പറ്റിയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ആളുകളെ അനധികൃതമായി യുകെയിലേയ്ക്ക് കടത്താൻ ശ്രമിക്കുന്നതെന്ന് യെവറ്റ് കൂപ്പർ പറഞ്ഞു. ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ന് ആരംഭിക്കുന്ന രാജ്യാന്തര ഉച്ചകോടിക്ക് മുൻപായാണ് യെവെറ്റ് കൂപ്പർ മാധ്യമങ്ങളോട് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. നൽപ്പതോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്.
രാജ്യത്തിന് പുറത്തുനിന്നും എത്തുന്ന ആളുകൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ഒരു അനധികൃത തൊഴിലാളിക്ക് 60,000 പൗണ്ട് വീതം പിഴ ഈടാക്കാനുള്ള നിർദ്ദേശങ്ങൾ ആണ് പുതിയതായി യുകെ നടപ്പിലാക്കാൻ പോകുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനായി തൊഴിൽ ഉടമകൾ തന്നെ കർശനമായ നടപടി എടുക്കണം എന്നതാണ് സർക്കാർ നിലപാട്. തൊഴിലിടങ്ങളിൽ സർക്കാർ പരിശോധന ശക്തമാക്കുന്ന സാഹചര്യത്തിൽ വിദ്യാർഥി വീസകളിൽ ഉൾപ്പെടെ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന നിരവധി ആളുകളെ പ്രതികൂലമായി ബാധിച്ചേക്കാം. വിദ്യാർഥികളിൽ പലരും അനുവദനീയമായതിലും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.