യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ ഭാരവാഹികൾ

Mail This Article
ലണ്ടൻ∙ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗീസിനെയും സെക്രട്ടറിയായി ഷാജി തോമസിനെയും നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം അറിയിച്ചത്. യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുക്മയുടെ പോഷക സംഘടനയാണ്. യുക്മ ജനറൽ കൗൺസിലിൽ നിന്നുള്ള അംഗങ്ങളെ യുക്മ ദേശീയ സമിതി യോഗം ചേർന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടർന്ന് ഭാരവാഹികളെ തീരുമാനിക്കുകയുമാണ് ചെയ്യുന്നത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ആദ്യ യോഗത്തിൽ വൈസ് ചെയർമാനെയും സെക്രട്ടറിയെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ബർമിങ്ങാമിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലേക്കും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങൾ അംഗീകരിച്ചിരുന്നു. യുകെ മലയാളി സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അലക്സ് വർഗ്ഗീസിന്റെയും ഷാജി തോമസിന്റെയും പരിചയസമ്പത്ത് ഉപകാരപ്രദമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, അലക്സ് വർഗീസ്, ഷാജി തോമസ്, മനോജ് കുമാർ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ.
യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്സ് വർഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷനൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡന്റുമാരായ മനോജ് കുമാർ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിആർഒയുമായ കുര്യൻ ജോർജ് എന്നിവർ അഭിനന്ദിച്ചു.
വാർത്ത∙ കുര്യൻ ജോർജ്