10 ലക്ഷം കടന്ന് കുതിപ്പ്; അബുദാബിയിൽ ബസ് ഓൺ ഡിമാൻഡ് സൂപ്പർ ഹിറ്റ്
Mail This Article
അബുദാബി ∙ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ബസ് ഓൺ ഡിമാൻഡ് (അബുദാബി ലിങ്ക്) അബുദാബിയിൽ ഹിറ്റായി. സേവനം ആരംഭിച്ച 2020 മുതൽ ഇന്നലെ വരെ 10 ലക്ഷം പേരാണ് ഉപയോഗപ്പെടുത്തിയത്. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് സേവനം. തുടക്കത്തിൽ യാസ് ഐലൻഡിൽ ആരംഭിച്ച സർവീസ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.
നിലവിൽ ഖലീഫ സിറ്റി, ഷഹാമ, യാസ് ഐലൻഡിലെ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് മാൾ, യാസ് വാട്ടർ വേൾഡ്, അൽസെയ്ന, അൽ മുനീറ, അൽ ബന്ദർ, സാദിയാത് ഐലൻഡിലെ ഹിദ് അൽ സാദിയാത്, സാദിയാത് ബീച്ച് വില്ലാസ്, സാദിയാത് ബീച്ച് റെറസിഡൻസ്, ജുമൈറ റിസോർട്ട്, സാദിയാത് ഐലൻഡ്, സാദിയാത് ബീച്ച് ക്ലബ്, സാദിയാത് ബീച്ച് ഗോൾഫ് ക്ലബ്, സാദിയാത് ഹോട്ടൽ ഏരിയ, സാദിയാത് കൾചറൽ ഡിസ്ട്രിക്ട്, ലൂവ്റ് അബുദാബി മ്യൂസിയം, മംഷ അൽ സാദിയാത് എന്നിവിടങ്ങളിലാണ് ബസ് ഓൺ ഡിമാൻഡ് സേവനം ലഭിക്കുക. ഹാഫിലാത് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം. 2 ദിർഹമാണ് നിരക്ക്.
∙ പുതിയ ലക്ഷ്യം
കഴിഞ്ഞ വർഷം മാത്രം 3.67 ലക്ഷം ട്രിപ്പുകൾ നടത്തി. ഇതിൽ 1.46 ട്രിപ്പുകളും ഷഹാമയിൽ നിന്നായിരുന്നു. 84,000 യാസ് ഐലൻഡ്, 53,000 സാദിയാത് ഐലൻഡ്, 84,000 ഖലീഫ സിറ്റി എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിൽനിന്നുള്ള ട്രിപ്പുകൾ. നിലവാരമുള്ള സേവനം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് സംയോജിത ഗതാഗത കേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. ഈ വർഷം 4 ലക്ഷത്തിലേറെ ട്രിപ്പുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ ബുക്ക് ചെയ്യാൻ Abu Dhabi Links app
സേവനം ആവശ്യമുള്ളവർ അബുദാബി ലിങ്ക്സ് മൊബൈൽ ആപ്പിലൂടെ അറിയിച്ചാൽ കൃത്യസമയത്ത് ബസ് നിശ്ചിത സ്ഥലത്തെത്തും. ഇതിലൂടെ യാത്രക്കാരുടെ കാത്തിരിപ്പു സമയവും ബസ് സ്റ്റോപ് വരെയും തിരിച്ചുമുള്ള നടത്തവും കുറയ്ക്കാൻ സാധിക്കും. ആവശ്യപ്രകാരം ബസ് എത്തിക്കുന്നതിലൂടെ റോഡിൽ അനാവശ്യമായി റോന്തു ചുറ്റുന്ന മറ്റു ബസുകൾ പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.
∙ സ്ഥലവും സമയവും
ബുക്ക് ചെയ്യുമ്പോൾ പുറപ്പെടേണ്ട സ്ഥലവും ലക്ഷ്യസ്ഥാനവും സമയവും വ്യക്തമാക്കണം. അപേക്ഷ ലഭിച്ചാൽ വരുന്ന ബസിന്റെ പ്ലേറ്റ് നമ്പറും എത്തുന്ന സ്ഥലവും സമയവും യാത്രക്കാരനെ സ്മാർട്ട് ഫോണിലൂടെ അറിയിക്കും. ആവശ്യമെങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ഗതാഗത വിഭാഗമായ അബുദാബി മൊബിലിറ്റിക്ക് പദ്ധതിയുണ്ട്.