ADVERTISEMENT

ദുബായ് ∙ മഴനനഞ്ഞ് തീർത്ത കളിചിരി തമാശകൾക്ക് ശേഷം കൊച്ചുകൂട്ടുകാർ ഇന്ന് യുഎഇയിലെ സ്കൂളുകളിലെത്തി. സ്കൂളുകളിലെയും കോളജുകളിലെയും 12 ദശലക്ഷത്തിലേറെ വിദ്യാർഥികൾ രണ്ട് മാസത്തെ വേനലവധിക്ക് ശേഷമാണ് ഇന്ന് സ്‌കൂളുകളിലേക്ക് മടങ്ങിയത്. അറബിക് സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ, ഇന്ത്യൻ സ്കൂളുകളടക്കം സ്വകാര്യവിദ്യാലയങ്ങൾ വേനലവധിക്ക് ശേഷം വീണ്ടും തുറക്കുകയായിരുന്നു.

രാവിലെ അച്ഛനോ അമ്മയോ വിളിക്കാതെ തന്നെ ഉറക്കമെണീറ്റ് കുളിച്ചൊരുങ്ങി പുത്തന്‍ യൂണിഫോമിട്ട്, പഠനോപകരണങ്ങളും ബാഗുമായി സ്കൂളിലെത്തി കൂട്ടുകാരെ കണ്ടപ്പോൾ എല്ലാവര്‍ക്കും വേനലവധിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആവേശമായിരുന്നു. രാവിലെ യുഎഇയിലെ നിരത്തുകളിൽ മഞ്ഞബസുകള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും നല്ല ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്ന് അപകടരഹിത ദിനാചരണവും നടക്കുന്നുണ്ട്.

ചിത്രം: ആർടിഎ.
ചിത്രം: ആർടിഎ.

അതേസമയം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശംസകൾ നേർന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ എന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. 

വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിയുടെ മൂലക്കല്ലായി തുടരുന്നു. പഠനം പരമാവധി ശക്തമാക്കുകയും സ്കൂളുകളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും അറിവ്, മൂല്യങ്ങൾ, മികച്ച സ്വഭാവം എന്നിവ സമന്വയിപ്പിക്കുകയും ചെയ്യുന്നു. എെഎയുടെയും പുതിയ സാങ്കേതികവിദ്യയുടെയും ഉത്തരവാദിത്തമുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകന്ന സമഗ്രവും നൂതനവുമായ ഒരു സംവിധാനത്തിന്റെ പിന്തുണയോടെയാണ് വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തിക്കുന്നുതെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.  

ചിത്രം: ആർടിഎ.
ചിത്രം: ആർടിഎ.

∙ ബാക് ടു പ്രമോഷൻ ഉഷാർ
വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ബാക് ടു സ്കൂൾ പ്രമോഷനുമായി മിക്ക സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളും ആഴ്ചകൾക്ക് മുൻപേ രംഗത്തിറങ്ങിയിരുന്നു. പലയിടത്തും വൻ ഒാഫറുകളാണ് നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, ഡിമാൻഡ് കൂടുന്നതിനനുസരിച്ച് സ്റ്റേഷനറി സാധനങ്ങള്‍ക്ക് അമിത വില ഇൗടാക്കുന്നുണ്ടോ എന്ന് സാമ്പത്തിക വിഭാഗവും മറ്റും പരിശോധനയും നടത്തിവരുന്നു. വിദ്യാലയങ്ങൾ വീണ്ടും സജീവമാകുന്നതോടെ റോഡുകളില്‍ തിരക്കു കൂടും എന്നതിനാൽ അധികൃതർ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

UAE Back to School: UAE President Extend Wishes to Students Returning to Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com