ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ - സൗദി രണ്ടാമത്തെ റെയിൽ റോഡ് പാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. നിലവിലെ കിങ് ഫഹദ് കോസ്‌വേയ്ക്ക് സമാന്തരമായിട്ടായിരിക്കും 'കിങ് ഹമദ്' കോസ്‌വേ എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ പാതയുടെ നിർമാണവും നടക്കുക. 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ വേഗത്തിലുള്ള യാത്രയ്ക്കായി ഒരു റെയിൽവേ ട്രാക്ക് കൂടി ഉണ്ടാകും എന്നതാണ് പ്രത്യേകത.

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൽ വാഹനങ്ങൾക്കുള്ള നാലുവരി പാതകളും റെയിൽവേയുടെ ഭാഗവും കൂടി ഉൾപ്പെടുന്ന തരത്തിലാണ് നിർമ്മാണം നടക്കുക.ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജിസിസിയിലുടനീളം ആളുകളെയും ചരക്കുകളും കൊണ്ടുപോകുന്നതിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ പാത ലക്ഷ്യമിടുന്നു.

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ കോസ്‌വേ 1980ലാണ് പൂർത്തീകരിച്ചത്. അത് ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. രണ്ടാം പാതയിലെ റെയിൽ നിർമാണവും കൂടി പൂർത്തിയാകുന്നതോടു കൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. മാത്രമല്ല ഇതര ജി സി സി രാജ്യങ്ങളെ കൂടി ഭാവിയിൽ ഇത് ബന്ധിക്കപ്പെടുന്നതോടെ മേഖലയിലെ താരതമ്യേന ചെറിയ രാജ്യമായ ബഹ്റൈനാണ് അതിന്‍റെ ഏറ്റവും വലിയ നേട്ടം കൈവരിക്കുവാനാവുക. കൂടാതെ ഈ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും 

നിലവിലുള്ള കിങ് ഫഹദ് കോസ്‌വേയുടെ അതേ അലൈൻമെന്‍റ് തന്നെയായിരിക്കും പുതിയ പാതയും ഉണ്ടാവുക. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) അടിസ്ഥാനത്തിലാണ് ഇതിന്‍റെ നിർമാണം. അതിനായി നിർമാണത്തിനായി കിങ് ഫഹദ് കോസ്‌വേ അതോറിറ്റി ഒരു കൺസോർഷ്യത്തെ നിയമിച്ചിരുന്നു.

നെതർലാൻഡ്സ് ആസ്ഥാനമായ കെപിഎംജി, യുഎസ് ആസ്ഥാനമായ എഇകോം, യുകെ ആസ്ഥാനമായുള്ള സിഎംഎസ് എന്നിവയുടെ കൺസോർഷ്യവുമായാണ് 8.9 മില്യൻ ഡോളർ കൺസൾട്ടൻസി കരാർ ഒപ്പിട്ടത്. ഫിനാൻസിങ് മോഡൽ, ആവശ്യമായ എഞ്ചിനീയറിംഗ് സ്പെസിഫിക്കേഷനുകൾ, ഡിസൈൻ എന്നിവ വികസിപ്പിക്കുന്നതിലും പ്രോജക്റ്റിന്‍റെ ഡെവലപ്പർമാരെ വിലയിരുത്തുന്നതിനും തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നതിന് ടീമിനെ ചുമതലപ്പെടുത്തി. കാനഡ ആസ്ഥാനമായുള്ള എസ്എൻസി ലാവലിനും യുകെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിയുമാണ് 2017-ൽ പ്രോജക്ട്  പഠനം നടത്തിയത്. ഓരോ വർഷവും ഏകദേശം 11.5 ദശലക്ഷം കാറുകളാണ് കോസ്‌വേ മുറിച്ചുകടക്കുന്നത്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ മേഖലയിലെ വളർച്ച 6 ശതമാനമാണ്.

English Summary:

Construction Begins on Causeway Connecting Bahrain and Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com