പച്ചക്കറി മാലിന്യത്തിൽനിന്ന് വൈദ്യുതി; മാതൃക അവതരിപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ
![indian-students-submitted-a-project-to-the-uae-to-convert-vegetable-waste-into-electricity മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് വിശദീകരിക്കുന്ന ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ഷയാൻ അലിയും ആയിഷ സെയിനും. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/28/indian-students-submitted-a-project-to-the-uae-to-convert-vegetable-waste-into-electricity.jpg?w=1120&h=583)
Mail This Article
അബുദാബി ∙ പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി രാജ്യത്തിനു പരിചയപ്പെടുത്തിയത്.
അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടന്ന ഇന്ത്യ ഫെസ്റ്റിലെ എക്സിബിഷനിലാണ് പദ്ധതി അവതരിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയും മലയാളിയുമായ ഇ.കെ.ആയിഷ സെയ്ൻ, എട്ടാം ക്ലാസ് വിദ്യാർഥികളായ ഷയാൻ അലി, റോണി, എന്നിവർ സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനത്തിൽ പച്ചക്കറി മാലിന്യത്തെ ഒരു ഓർഗാനിക് ഇലക്ട്രോലൈറ്റാക്കുകയായിരുന്നു ഇവർ.
12 വോൾട്ട് ബൾബുകൾക്കും ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിച്ച് സന്ദർശകർക്ക് ഇതിന്റെ പ്രവർത്തനം വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു ഇവർ. ചെറിയ കുടുംബത്തിന് ആവശ്യമായ വൈദ്യുതി ഇങ്ങനെ ഉൽപാദിപ്പിക്കാനാവും. വ്യാവസായിക അടിസ്ഥാനത്തിൽ ആവിഷ്കരിച്ചു നടപ്പാക്കിയാൽ ഒരേസമയം പരിസ്ഥിതി മലിനീകരണം തടയാനും വൈദ്യുതി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.