രാവുകളെ നിറമണിയിക്കുന്ന കൂട്ടികളുടെ ആഘോഷം

Mail This Article
അൽകോബാർ ∙ നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾ റമസാൻ മാസത്തിൽ പൊതു പാരമ്പര്യങ്ങൾ പങ്കുവയ്ക്കുന്നു. പകൽ വ്രതം അവസാനിപ്പിച്ചു കഴിഞ്ഞ് ഇസ്‌ലാമിക ആചാരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വ്യത്യസ്തമായ ചില പ്രാദേശിക പാരമ്പര്യങ്ങൾ, പുണ്യമാസത്തെ അടയാളപ്പെടുത്തുന്ന ദിനചര്യകളിലും, വിരുന്നുകളിലും, ആഘോഷങ്ങളിലും ഇടം നേടിയിട്ടുണ്ട്. വൈവിധ്യമാർന്ന നിരവധി പ്രദേശങ്ങളുള്ള സൗദി അറേബ്യയും ഇതിൽ നിന്ന് വ്യത്യസ്തമല്ല.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും ഇതര ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങളിലും പുണ്യമാസത്തിന്റെ മധ്യത്തിൽ, കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് കൂട്ടം കൂടി കൊട്ടുംപാട്ടുമായി വീടുതോറും എത്തുന്ന പരമ്പരാഗത ആഘോഷമാണ് ഗിർഗിയാൻ. നോമ്പിന്റെ പകുതി പിന്നിടുന്നെവെന്ന സന്ദേശമുണർത്തുന്നതൊടൊപ്പം കൂട്ടികളുടെ ആഘോഷവുമാണ് ഈ രാവുകളെ നിറമണിയിക്കുന്നത്.
റമസാൻ മാസത്തിന്റെ മധ്യത്തിൽ, പ്രത്യേകിച്ച് 15 തീയതി രാത്രിയാണ് പ്രധാനമെങ്കിലും 13, 14 രാത്രികളിലും ഇതിന്റെ ആഘോഷം കാലേക്കൂട്ടി തുടങ്ങും. കുട്ടികൾ വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നു. ആൺകുട്ടികൾ സുവർണ്ണവർണ്ണ നൂലുകളാൽ ചിത്രതുന്നലുകൾ നടത്തിയ പാരമ്പര്യ കുപ്പായങ്ങളും മേൽവസ്ത്രങ്ങളും ശിരോവസ്ത്രവുമൊക്കെ ധരിക്കുന്നു, പെൺകുട്ടികൾ എംബ്രോയിഡറി ചെയ്ത മിന്നിതിളങ്ങുന്ന വസ്ത്രങ്ങളും സ്വർണ്ണംപോലുള്ളവയുടെ കരകൗശല, ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച അലങ്കാരങ്ങളും തലയിൽ അണിയും. ഇഫ്താറൊക്കെ കഴിയുന്നോതൊടെ അയൽപക്കങ്ങളിലുള്ള കുട്ടിക്കൂട്ടങ്ങൾ ആഘോഷത്തോടെ റമസാൻ സന്ദേശമുണർത്തുന്ന വായ്ത്താരികളും കൊട്ടും പാട്ടുമായി വാദ്യതാളങ്ങളുടെ അകമ്പടിയോടെ കടന്നു ചെല്ലും.

വീടുകളിൽ മധുരപലഹാരങ്ങളും, മിഠായികളും പലതരം നട്സുകളും കേക്കുകളും സമ്മാനപൊതികളുമൊക്കെ കുട്ടിസംഘങ്ങൾക്ക് കൈനിറയെ നൽകാൻ കാത്തുവച്ചിട്ടുണ്ടാവും. ഗർഗിയൻ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല, കുടുംബങ്ങളും സ്ഥാപനങ്ങളുമൊക്കെ പങ്കെടുക്കുന്നു. സമ്മാനങ്ങൾ വിതരണം ചെയ്യുക, മത്സരങ്ങൾ നടത്തുക, പരമ്പരാഗത പ്രകടനങ്ങൾ പ്രദർശിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി ചാരിറ്റബിൾ സംഘടനകളും കമ്പനികളും ഈ അവസരത്തിനായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിൽ, ലുലു പോലുള്ള പ്രധാന മാളുകളിലും നെസ്റ്റോ അടക്കമുള്ള ഹൈപ്പർമാർക്കറ്റുകളിലുമൊക്കെ ഓഫറുകളുമായി ഗിർഗിയാൻ ആഘോഷിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നു.ടെലിവിഷൻ ചാനലുകളും ഗിർഗിയാൻ ദിനത്തിനു വേണ്ടി പ്രത്യേക പരിപാടികൾ ടെലികാസ്റ്റ് ചെയ്യാറുണ്ട്.
പരമ്പരാഗത ഗാനങ്ങൾ അവതരിപ്പിക്കുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ഈ ആചാരത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്ന പ്രശസ്ത വ്യക്തികളെ അവതരിപ്പിക്കാറുമുണ്ട്. അയൽക്കാർക്കും ബന്ധുക്കൾക്കും ഇടയിലുള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായി ഗർഗിയാൻ മാറുന്നു. കുടുംബങ്ങൾ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വാതിലുകൾ തുറക്കുന്നു, അതിലൂടെ സമൂഹത്തിനുള്ളിൽ സ്നേഹവും വാത്സല്യവും വളർത്തുന്നു. ഇത് ഉദാരത, ദാനം, സമൂഹ സന്തോഷം എന്നിവയുടെ ഇസ്‌ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.