അയർലൻഡിൽ മലയാളി യുവതിയുടെ കൊലപാതകം: പ്രതിയായ ഭർത്താവിന്റെ വിചാരണ മാർച്ച് 24 ന്

Mail This Article
ഡബ്ലിൻ ∙ അയർലൻഡിലെ കോർക്കിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കുറ്റം ചുമത്തി. ദീപ ദിനമണി (38)യെ കോർക്കിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയിലിൽ കഴിയുന്ന പ്രതിയായ ഭർത്താവ് റെജിൻ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയത്.
2023 ജൂലൈ 14 ന് വിൽട്ടണിലെ കാര്‍ഡിനാൾ കോര്‍ട്ടിലെ വീട്ടിൽ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ബെംഗ്ളൂരിൽ സ്ഥിര താമസമാക്കിയിരുന്ന തൃശൂർ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ താമസമായിരുന്ന മലയാളിയാണ് റെജിൻ രാജൻ.
പ്രതിയായ റെജിൻ രാജൻ ചോദ്യം ചെയ്യലിലും കോർക്ക് ജില്ലാ കോടതിയിൽ നടന്ന പ്രത്യേക സിറ്റിങിലും കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല. കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയിൽ മാർച്ച് 24 ന് ആരംഭിക്കും. കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് പുതിയ വിചാരണ തീയതി നിശ്ചയിച്ചത്.

വിചാരണ ഏകദേശം മൂന്നാഴ്ച നീണ്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്. സാക്ഷികളിൽ പലരും ഇന്ത്യയിലായതിനാൽ അയർലൻഡിൽ നടക്കുന്ന തെളിവെടുപ്പിന് എത്താൻ കഴിയുമോയെന്ന് വ്യക്തമല്ല എന്നതാണ് കേസിൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. എന്നാൽ സാക്ഷികൾക്ക് ഓൺലൈനായി തെളിവ് നൽകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

8,50,000 പേജുള്ള കുറ്റപത്രവും ഫോറൻസിക് തെളിവുകളും 110 മൊഴികളും ഉൾപ്പെടുന്ന രാജ്യാന്തര തലത്തിൽ നടന്ന അന്വേഷണം വളരെ സങ്കീർണ്ണമായ ഒന്നായിരുന്നുവെന്ന് ആംഗ്ലീസിയ സ്ട്രീറ്റ് ഗാർഡ (പൊലീസ്) സ്റ്റേഷനിലെ ഇൻസ്പെക്ടർ ജേസൺ ലിഞ്ച് പറഞ്ഞു.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസ്സുകാരനായ മകന്‍ റെയാൻ ഷാ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്റെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തിരുന്നു. ഇപ്പോൾ മകൻ ഇന്ത്യയിൽ ദീപയുടെ ബന്ധുക്കൾക്ക് ഒപ്പമാണ്.

കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഭര്‍ത്താവിനെയും മകനെയും ദീപ അയർലൻഡിൽ ആശ്രിത വീസയിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യയിൽ പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു ദീപ ദിനമണി. ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലായി ഇന്‍ഫോസിസ്, അമികോര്‍പ്പ്, അപ്പക്‌സ് ഫണ്ട് സര്‍വീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.