യാഗി ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ 141 പേർ മരിച്ചു, 59 പേരെ കാണാതായി
Mail This Article
ഹനോയ് ∙ വടക്കൻ വിയറ്റ്‌നാമിൽ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും 141 പേർ മരിക്കുകയും 59 പേരെ കാണാതാകയും ചെയ്തു. ക്വിയറ്റ് താങ് പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിയിലെ അണക്കെട്ട് തകർന്നതായി അധികൃതർ സ്ഥിരീകരിച്ചു. തലസ്ഥാനമായ ഹനോയിലെ ഹോങ് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താവോ നദിയിലെ ജലനിരപ്പിൽ ഗണ്യമായ വർധനയുണ്ടായതായി കേന്ദ്രം മുന്നറിയിപ്പ് നൽകുകയും, തീരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് വ്യക്തമാക്കുകയു ചെയ്തു. ചുഴലിക്കാറ്റുകൾ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ 2024 ന്‍റെ തുടക്കം മുതൽ ഓഗസ്റ്റ് 5 വരെ വിയറ്റ്‌നാമിൽ 111 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ദേശീയ പ്രകൃതി ദുരന്ത പ്രതിരോധ നിയന്ത്രണ കമ്മിറ്റി അറിയിച്ചു.
30 വര്‍ഷത്തിനിടയില്‍ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് യാഗി. നിരവധി പേർക്ക് യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരുക്കേറ്റിട്ടുണ്ട്. മണിക്കൂറില്‍ 203 കിമീ വേഗതയിലായിരുന്നു യാഗി വിയറ്റ്നാമില്‍ വീശിയടിച്ചത്. ഏഷ്യയില്‍ ഈ വര്‍ഷം ഉണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് യാഗി.