ടെലിവിഷൻ അവതാരകയിൽ നിന്നും ഫെഡറൽ ജഡ്ജിയിലേക്ക്; മരിയാനെയെ ലോകം അറിഞ്ഞത് അനുജനായ ഡോണൾഡ് ട്രംപിന്റെ വിമർശകയായി
Mail This Article
ന്യൂയോർക്ക്∙ ടെലിവിഷൻ അവതാരകയിൽ നിന്നും ഫെഡറൽ ജഡ്ജിയായി മാറിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ മരിയാനെ ട്രംപ് ബാരി. പക്ഷെ മരിയാനെ ട്രംപ് ബാരി ലോകശ്രദ്ധ നേടിയത് അനുജനായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകയെന്ന നിലയിലാണ്. ആദ്യകാലഘട്ടത്തിൽ ടെലിവിഷൻ അവതാരകയായി പ്രവർത്തിച്ചിരുന്ന മരിയാനെ പിന്നീട് ബിസിനസിലേക്ക് ചുവട്വച്ചു. ബിസിനസുകാരിയായി പ്രവർത്തിക്കുന്നതിനിടെ 1983ൽ അന്നത്തെ യുഎസ് പ്രസിഡന്റ് റോണാൾഡ് റീഗനാണു ന്യൂജഴ്സിയിലെ ജില്ലാ കോടതിയിൽ ഇവരെ നിയമിച്ചത്. ഫെഡറൽ അപ്പീൽസ് കോടതി ജഡ്ജിയായി ഉയർന്ന മരിയാനെ 2019ൽ വിരമിച്ചു.
ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനമാണ് മരിയാനെ ഉയർത്തിയിരുന്നത്. സഹോദരനായ ഡോണൾഡ് ട്രംപ് നുണയനും ക്രൂരനുമാണെന്ന് മരിയാനെ വിമർശിക്കുന്നതായി വന്ന ഓഡിയോ വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. ഡോണൾഡ് ട്രംപും എലിസബത്ത് ട്രംപ് ഗ്രൗവുമാണ് മരിയാനെയുടെ ജീവിച്ചിരിക്കുന്ന സഹോദരങ്ങൾ. ഇവരെ കൂടാതെ പരേതരായ ഫ്രെഡ് ട്രംപ് ജൂനിയർ, റോബർട്ട് ട്രംപ് എന്നിവരും മരിയാനെയുടെ സഹോദരങ്ങളാണ്.