ഇന്ത്യൻ വംശജൻ കശ്യപ് പട്ടേൽ പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി സെനറ്റ് സ്ഥിരീകരിച്ചു

Mail This Article
വാഷിങ്ടൻ ഡി സി ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച കശ്യപ് പ്രമോദ് വിനോദ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 51 അംഗങ്ങൾ പട്ടേലിന് പിന്തുണ നൽകി, 49 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. 1980 ഫെബ്രുവരി 25ന് ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ ഇന്ത്യൻ ഗുജറാത്തി കുടിയേറ്റക്കാരുടെ മകനായിട്ടാണ് കശ്യപ് പട്ടേൽ ജനിച്ചത്.
പട്ടേലിന്റെ നാമനിർദ്ദേശം ഏറെ വിവാദമായിരുന്നു. എഫ്ബിഐയുടെ പ്രവർത്തനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാൽ ശക്തമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വാദിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഭൂരിഭാഗവും അദ്ദേഹത്തെ പിന്തുണച്ചു. അതേസമയം, റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസ്, ലിസ മുർക്കോവ്‌സ്‌കി എന്നിവർ പട്ടേലിനെതിരെ വോട്ട് ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി പട്ടേലിനെ എതിർത്തു.