വ്യാപാര യുദ്ധം യുഎസിന് തിരിച്ചടിയാകുമോ?; ആശങ്കയുണർത്തി ട്രംപിന്റെ മൗനം

Mail This Article
ഹൂസ്റ്റണ്‍∙ വ്യാപാര യുദ്ധം മുറുകുമ്പോൾ അത് യുഎസിന് തന്നെ തിരിച്ചടിയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുഎസ് കാർഷിക ഉൽപന്നങ്ങളെ ലക്ഷ്യം വച്ച് ചൈനയുടെ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. യുഎസ് സ്മ്പദ്വ്യവസ്ഥ മാന്ദ്യത്തെ നേരിടുകയാണോ അതോ വിലക്കയറ്റം നേരിടുകയാണോ എന്ന് പറയാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിസമ്മതിച്ചത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ട്രംപ് ഭരണകൂടം ഏറ്റവും അടുത്ത വ്യാപാര പങ്കാളികൾക്കെതിരെ താരിഫ് ഭീഷണികളിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിന് തിരിച്ചടി നേരിടേണ്ടി വരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കാനഡയും ചൈനയും ശക്തമായി രംഗത്ത് വരികയും മെക്‌സിക്കോ സമാനമായ തിരിച്ചടിക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ അക്ഷരാർഥത്തിൽ വ്യാപാര യുദ്ധത്തിന് തുടക്കമാവുകയാണ്.
ഈ വർഷം മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു 'പരിവർത്തന കാലഘട്ടം' സംഭവിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ സ്മ്പദ്വ്യവസ്ഥയിൽ സങ്കോചം ഉണ്ടാകില്ലെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വാദിച്ചു. അതേസമയം ചില ഉൽപന്നങ്ങളുടെ വില ഉയർന്നേക്കാമെന്നും അദ്ദേഹം സമ്മതിച്ചു.
അമേരിക്കൻ സാമ്പത്തിക വിപണിയിൽ അസ്ഥിരമായ ആഴ്ചയ്ക്ക് ശേഷമാണ് അടുത്ത ഭീഷണി ഉയരുന്നത്. ഭരണകൂടം യു-ടേൺ എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി ചില യുഎസ് കാർഷിക ഉൽപന്നങ്ങളെ ലക്ഷ്യം വെച്ചാണ് ചൈന താരിഫ് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതിക്ക് യുഎസ് പുതിയ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആ സാധനങ്ങളിൽ പലതും ഒഴിവാക്കി. ട്രംപ് ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് മൊത്തത്തിലുള്ള തീരുവ 20 ശതമാനമാക്കി ഇരട്ടിയാക്കി. പ്രതികരണമായി യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില കാർഷിക ഉൽപന്നങ്ങൾക്ക് ബെയ്ജിങ് പ്രതികാര നികുതി പ്രഖ്യാപിക്കുകയും ചെയ്തു.
ചിക്കൻ, ബീഫ്, പന്നിയിറച്ചി, ഗോതമ്പ്, സോയാബീൻ എന്നിവയുൾപ്പെടെ ചൈനയിലേക്ക് പോകുന്ന ചില യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ പുതിയ തീരുവകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. "മുൻപ് ചെയ്തിരുന്നതുപോലെ ജിഡിപി വളർച്ചയിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയില്ലെന്ന് ചൈനയ്ക്ക് മനസ്സിലായി. അതിനാൽ ഇപ്പോൾ ആഭ്യന്തര സ്മ്പദ്വ്യവസ്ഥയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു." കൺസൾട്ടൻസി സ്ഥാപനമായ ദി ഏഷ്യ ഗ്രൂപ്പിന്റെ ചൈന കൺട്രി ഡയറക്ടർ ഹാൻ ഷെൻ ലിൻ ബിബിസിയുടെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു.
നിയമവിരുദ്ധ ലഹരിമരുന്നുകളുടെയും കുടിയേറ്റക്കാരുടെയും യുഎസിലേക്കുള്ള ഒഴുക്ക് അവസാനിപ്പിക്കാൻ ചൈന, മെക്‌സിക്കോ, കാനഡ എന്നിവ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ആരോപിച്ചു. എന്നാൽ മൂന്ന് രാജ്യങ്ങളും ആരോപണങ്ങൾ നിരസിച്ചു. യുഎസിന്റെ മുൻനിര വ്യാപാര പങ്കാളികളുമായി ട്രംപ് വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം വാൾസ്ട്രീറ്റിലെ ഓഹരികളിൽ ഇടിവുണ്ടായി. താരിഫ് വില ഉയരുന്നതിലേക്ക് നയിക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ സ്മ്പദ്വ്യവസ്ഥയുടെ വളർച്ചയെ അത് ബാധിക്കുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു.
"വിദേശ വസ്തുക്കൾ കുറച്ചുകൂടി വില കൂടിയേക്കാം. പക്ഷേ അമേരിക്കൻ സാധനങ്ങൾ വിലകുറഞ്ഞതായിത്തീരും അമേരിക്കയിൽ മാന്ദ്യം ഉണ്ടാകില്ല" എന്നാണ് എൻബിസിയിൽ സംസാരിച്ച ലുട്‌നിക് വാദിക്കുന്നത്. അതേസമയം വ്യാപാര യുദ്ധം നിയന്ത്രണാതീതമാകാൻ സാധ്യതയില്ലെന്ന് കരുതുന്നതായി മുൻ യുഎസ് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥൻ ഫ്രാങ്ക് ലാവിൻ ബിബിസിയോട് പറഞ്ഞു.