ജീവിതശൈലി രോഗങ്ങളെ പിടിച്ചുകെട്ടാം; ഭക്ഷണത്തിലെ ഈ മാറ്റങ്ങൾ ജീവിതം മാറ്റിമറിക്കും
Mail This Article
അമിതവണ്ണം, പ്രമേഹം, പിസിഒഎസ്, ഫാറ്റിലിവർ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം എന്നിവയാണ് നിലവിലെ ജീവിതശൈലി രോഗങ്ങളിൽ പ്രധാനം. ഇന്ത്യയിൽ ഏറ്റവുമധികം പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്. നാഷണൽ ഫാമിലി ഹെൽത്ത് കെയറിന്റെ ഒരു സർവേ പ്രകാരം 2021, 2022 ൽ വന്ന റിപ്പോർട്ട് അനുസരിച്ച് കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. എന്തുകൊണ്ടാണ് പ്രമേഹം ഇത്രയധികം കൂടുന്നത്?
അവിടെയാണ് നമ്മുടെ ജീവിതശൈലിയെ പരിശോധിക്കേണ്ട ആവശ്യകത. എന്തുകൊണ്ടാണ് ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നത്? എവിടെയാണ് ഭക്ഷണക്രമം തെറ്റിയത്? ഉറക്കവും സമ്മർദ്ദവും ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കാത്തതെന്ത് എന്നീ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഭൂരിഭാഗം കേസുകളിലും മരുന്നുകൾ മാത്രമെടുക്കുക എന്നുള്ള രീതിയിലാണ് കാര്യങ്ങൾ അവസാനിക്കുക. ജീവിതശൈലി നന്നാക്കാന്‍ നിർദേശിച്ചാലും അതിന് പലർക്കും കഴിയാതെ വരുന്നു. വ്യായാമം ചെയ്യുകയാണ് പലരുടെയും ആദ്യപടി. എന്നാൽ വ്യായാമം കുറഞ്ഞതുകൊണ്ടല്ല പല രോഗങ്ങളും വന്നതെന്ന് ഓർക്കണം. പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾക്കു പിന്നിലെ കാരണങ്ങൾ എന്തെന്നും എങ്ങനെ അവയെ അതിജീവിക്കാമെന്നും സർട്ടിഫൈഡ് ഹെൽത്ത്കെയർ കൺസൽട്ടന്റ് ആയ ഗ്രിന്റോ ഡേവി ചിറകെക്കാരൻ വ്യക്തമാക്കുന്നു.
നമ്മുടെ ജീവിതശീലത്തിലും ഭക്ഷണക്രമത്തിലും വന്നിട്ടുള്ള മാറ്റങ്ങൾ, ഉറക്കത്തിലെ വ്യത്യാസങ്ങൾ, സമ്മർദ്ദം നിയന്ത്രിക്കാൻ കഴിയാതെ വരിക എന്നിവയാണ് പ്രധാനമായും ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകുന്നത്. അതാണ് വയറിനകത്തെ വിസറൽ ഫാറ്റ് കൂട്ടുന്നതും, വയറു ചാടുന്നതും കാലക്രമേണ പ്രീഡയബറ്റിസിലേക്കും പ്രമേഹത്തിലേക്കും ഫാറ്റി ലിവറിലേക്കും പിസിഒഎസിലേക്കുമെല്ലാം നയിക്കുന്നത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കണമെങ്കിൽ ഭക്ഷണശീലത്തെ ശരിയാക്കണം. അതിന് റെഡിമെയ്‍ഡ് ഡയറ്റുകൾ പാടില്ല. വ്യക്തിയുടെ രക്തപരിശോധന അനുസരിച്ച് ശരീരത്തിന്റെ ആരോഗ്യവും ആവശ്യകതകളും കണക്കിലെടുത്താണ് ഡയറ്റ് തീരുമാനിക്കേണ്ടത്. റിയൽ ടൈം മോണിറ്ററിങ്ങിലൂടെ ഏതെല്ലാം ഭക്ഷണത്തിലൂടെയാണ് അവർക്ക് ഗ്ലൂക്കോസ് അളവിൽ വ്യത്യാസം വരുന്നത്, ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് അവരുടെ ഗ്ലൂക്കോസ് വല്ലാതെ കേറിപ്പോകുന്നത്, കഴിക്കാതിരിക്കുമ്പോൾ എന്തു സംഭവിക്കുന്നു ഉറങ്ങുമ്പോഴുള്ള അവസ്ഥ എങ്ങനെയാണ് എന്നിവ കൃത്യമായി മനസ്സിലാക്കി ഒരു റിയല്‍ ടൈം മോണിറ്ററിങ്ങ് നടത്തി അവരുടെ ഭക്ഷണക്രമത്തിൽ ശരിയായ രീതിയില്‍ മാറ്റങ്ങൾ വരുത്തണം. ഇങ്ങനെ അല്ലാതെ, ചോറ് മാറ്റി മില്ലറ്റ് കഴിക്കൂ, ഓട്സ് കഴിക്കൂ എന്നൊന്നും പറയാൻ കഴിയില്ല. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രധാനം. എന്നാൽ മാത്രമേ ആ വ്യക്തിക്ക് അതിനെ മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കുകയുള്ളൂ.
പലരും പട്ടിണി കിടന്നാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്. അതൊരു പരിഹാരം അല്ല. ഏത് അസുഖത്തിനും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ആ മരുന്നുകളുടെ പ്രവർത്തനം വളരെ കൃത്യമായിട്ട് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കണമെങ്കിൽ സമയാസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കണം. കഴിയുന്ന രീതിയിൽ വ്യായാമം ചെയ്താൽ മതിയാകും.
അമിതമായ വണ്ണമുണ്ടെങ്കിൽ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. വ്യായാമങ്ങൾ നല്ലതാണെങ്കിലും ഇത്തരക്കാർക്കും സന്ധി വേദനകൾ ഉള്ളവരും കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ട് ശരീരത്തിന്റെ പ്രവർത്തനം നല്ല ഭക്ഷണശീലങ്ങളിലൂടെ ശരിയാക്കിയതിനു ശേഷം മാത്രം ഏകദേശം 10 ശതമാനം ഭാരം കുറച്ചതിനു ശേഷം വ്യായാമങ്ങൾ കൂട്ടിക്കൊണ്ട് വരണം. അവിടെ വ്യായാമങ്ങൾക്ക് പകരമായി അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി പ്രോഗ്രാമുകൾ ഉപയോഗിക്കാം. ഏത് പ്രായക്കാർക്കും എത്ര ശരീരഭാരം കൂടുതലാണെങ്കിലും എന്ത് അസുഖങ്ങൾ ഉണ്ടെങ്കിലും ഈ ഫിസിയോതെറാപ്പി പ്രോഗ്രാം ചെയ്യാം. മാത്രമല്ല പ്രമേഹം, പിസിഒഡി എന്നിവയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാനും ഈ ഫിസിയോതെറാപ്പി പ്രോഗ്രാം കൊണ്ട് സാധിക്കും. അതല്ലാതെ റെഡ്മെയ്ഡ് ആയിട്ടുള്ള വർക്ഔട്ട് പ്ലാനോ, ഡയറ്റോ ആരിലും അടിച്ചേൽപ്പിക്കാൻ കഴിയില്ല.
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കേണ്ടത് എങ്ങനെയെന്ന് ആരോഗ്യവിദഗ്ധനോട് ചോദിക്കാം