അറിയുമോ ജാതിക്കയുടെ അദ്ഭുത ഗുണങ്ങൾ
Mail This Article
സുഗന്ധവ്യഞ്ജനമായ ജാതിക്കയുടെ സ്വദേശം ഇന്തൊനീഷ്യയാണ്. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ചേർക്കുന്ന ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്.
ജാതിക്കക്കുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കു കഴിയും, പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ജാതിക്കാതൈലത്തിനു കഴിയും.
സന്ധിവാതം ഉള്ളവരിൽ സന്ധികൾക്കുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുവാൻ ജാതിക്കയ്ക്കു കഴിയും. ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത്, ഉറങ്ങാൻ കിടക്കും മുൻപു കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.
നാരുകൾ അടങ്ങിയതിനാൽ ജാതിക്ക ദഹനപ്രശ്നങ്ങൾക്കു പരിഹാരമേകും. പേശിവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കും. ജാതിക്കയിലടങ്ങിയ ഓയിൽ ആയ യൂജെനോൾ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കുന്നു.
100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോ കോക്കസ് പോലുള്ള രോഗാണുക്കളോട് പൊരുതി ദന്തപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാൻ ജാതിക്കയ്ക്കു കഴിയും.
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക് ആണ് ജാതിക്ക. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്.
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു. ജാതിക്ക പൊടിച്ച് പാലിൽ ചാലിച്ച് മുഖത്തു പുരട്ടുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം വേണം ഇത് പുരട്ടാൻ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
അന്നജം, മാംസ്യം, കൊഴുപ്പ്, ഭക്ഷ്യനാരുകൾ ഇവയും വൈറ്റമിൻ എ, സി, റൈബോഫ്ലേവിന്‍, പിരിഡോക്സിൻ, ഫോളേറ്റ്, തയാമിൻ എന്നിവയും സോഡിയം, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നീ ധാതുക്കളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയ ജാതിക്ക ചെറിയ അളവിൽ പതിവായി ഉപയോഗിക്കാം. ജാതിക്ക കൂടിയ അളവിൽ ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.; പ്രത്യേകിച്ചും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും.
English Summary: Amazing health benefits of Nutmeg