കാലുകൾക്കു ബലക്ഷയം, മുട്ടുകൾക്കു വേദന, ഉറക്കക്കുറവ്; പരിശോധനയും ചികിത്സയും വേണം
Mail This Article
കുട്ടികളുടെയും പ്രായമേറിയവരുടെയും ആരോഗ്യസംരക്ഷണത്തിന്, ആയുർവേദത്തിൽ പ്രത്യേകമായൊരു പരിഗണന നൽകിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ ആരോഗ്യകരമായൊരു ജീവിതരീതി ശീലിക്കുന്നവർക്ക് പ്രായമേറിയാലും ആരോഗ്യവാനായി ജീവിക്കാൻ സാധിക്കാറുണ്ട്.
70 വയസ്സിനുശേഷം ശരീരത്തിലെ അപചയാത്മക മാറ്റങ്ങൾ മൂലം, ചില ശാരീരികപ്രശ്നങ്ങൾ കാണാനിടയുണ്ട്. രാത്രിയിൽ പല തവണ എഴുന്നേറ്റു മൂത്രമൊഴിക്കുക (പുരുഷന്മാരിൽ) സ്ഥിരമായ മലബന്ധം, പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലചുറ്റൽ അനുഭവപ്പെടുക, നടക്കുമ്പോൾ വേച്ചു പോവുക, ഉറക്കക്കുറവ്, ഓർമക്കുറവ്, കാലുകൾക്കു ബലക്ഷയം, മുട്ടുകൾക്കു വേദന, കാഴ്ചയ്ക്കു മങ്ങൽ, കേൾവിക്കുറവ് എന്നിങ്ങനെ ഒട്ടനവധി പ്രയാസങ്ങൾ പ്രായമേറിയവരിൽ കാണാറുണ്ട്. ഈ രോഗങ്ങൾക്കെല്ലാം അതതു ലക്ഷണങ്ങൾക്കനുസരിച്ചുള്ള പരിശോധനകൾ നടത്തി ചികിത്സിക്കണം. പ്രായമേറിയവരിൽ ദഹനശക്തിയും രോഗപ്രതിരോധശേഷിയും കുറയാം.
ദഹനശക്തിയെ വർധിപ്പിക്കുന്നതും ദഹിക്കാനെളുപ്പവുമുള്ളതും രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്നതും ശരീരബലത്തെ വർധിപ്പിക്കുന്നതുമായ ആഹാരസാധനങ്ങൾക്കും ഔഷധങ്ങൾക്കും പ്രാധാന്യം നൽകണം. ഔഷധീകരിച്ച പാലും നെയ്യും ഉപയോഗപ്പെടുത്താറുണ്ട്. മൂത്രസംബന്ധമായ രോഗങ്ങളിൽ ബൃഹത്യാദി പാൽക്കഷായവും നേത്രരോഗങ്ങളിൽ ത്രൈഫലഘൃതവും ചികിത്സയിൽ ആവശ്യാനുസരണം പ്രയോജനപ്പെടുത്താറുണ്ട്. നെല്ലിക്ക, അമുക്കുരം തുടങ്ങിയ അനേകം രസായന ഔഷധങ്ങൾ വാർധക്യകാലത്ത് ഉപയോഗിക്കാറുണ്ട്. വാർധക്യത്തിൽ ശരീരത്തിൽ രൂക്ഷതയേറുന്നു. അതിനാൽ, ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ശരീരത്തിൽ എണ്ണ തേച്ചു കുളിക്കുന്നത് ത്വക്കിന്റെ ആരോഗ്യം നിലനിർത്തും. കൂടാതെ, ശരീരത്തിലെ രക്തസഞ്ചാരം വർധിപ്പിക്കാനും ഇതു സഹായിക്കുന്നു. മിതമായ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, വേണ്ടതായ വിശ്രമം, ശരിയായ ഉറക്കം, യോജിച്ചതായ മാനസികോല്ലാസം ഇവയെല്ലാം ശീലിച്ചാൽ വാർധക്യകാലം ആനന്ദകരമാക്കാൻ കഴിയും.