പ്ലഗുകൾ അമിതമായാൽ പോക്കറ്റ് ചോരും

Mail This Article
എല്ലാ മുറികളിലും രണ്ട്, മൂന്ന് പ്ലഗ് പോയിന്റുകളെങ്കിലും ഇരിക്കട്ടെ എന്നു ചിന്തിച്ച് പ്ലഗുകൾ നൽകാൻ പോയാൽ അധികച്ചെലവാകും. നാം ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും പ്ലഗുകളെ ലോഡ് ആയാണ് കണക്കാക്കുന്നത്. എല്ലാ ബോർഡിലും പ്ലഗ് സ്ഥാപിക്കുന്നതിന് മുൻപ് ഇതോർക്കുക.
100 വാട്ടോളം പവർ എടുക്കുന്ന അനുമാനത്തിലാണ് ഓരോ പ്ലഗിന്റെയും ലോഡ് കണക്കാക്കപ്പെടുന്നത്. പവർ പ്ലഗാണെങ്കിൽ 500 വാട്ട്! രണ്ടു പവർ പ്ലഗ് സ്ഥാപിച്ചാൽ ഒരു കിലോവാട്ടാണ് കണക്റ്റഡ് വാട്ട് എന്ന കണക്കിൽ കൂട്ടുക! ഇതുമതി, വൈദ്യുതി സ്ലാബ് മാറാനും ബില്ല് കൂടാനും. കണക്റ്റഡ് വാട്ട് 5000 കവിഞ്ഞാൽ ത്രീഫെയ്സ് കണക്ഷൻ വേണ്ടി വരും. 3000 വാട്ടിനു മുകളിൽ കണക്റ്റഡ് ലോഡ് വരികയോ ഏതെങ്കിലും ത്രീഫേസ് ഉപകരണം ഉണ്ടായിരിക്കുകയോ ചെയ്താൽ ത്രീഫേസിന് അപേക്ഷിക്കാം.
അതേസമയം പ്ലഗുകൾ ഒഴിവാക്കിയേക്കാം എന്നു കരുതി പവർ പ്ലഗുകൾ വേണ്ടെന്നു വയ്ക്കുന്നതും മണ്ടത്തരമാണ്. കാരണം അയൺ ബോക്സ്, ഗ്രൈൻഡർ, മിക്സി, ഫ്രിഡ്ജ്, ഓട്ടോമാറ്റിക് വാഷിങ് മെഷീൻ, ഹീറ്റർ, ഗീസർ, പമ്പ് എന്നിവയ്ക്കെല്ലാം പവര്‍ പ്ലഗ് കൂടിയേ തീരൂ. ഇവയിൽ മിക്സി, ഗ്രൈൻഡർ, വാഷിങ് മെഷീൻ എന്നിവയെല്ലാം ഒരിടത്തു നിന്നു തന്നെ പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്താൽ ചെലവ് കുറയ്ക്കാൻ സാധിക്കും.

വീടിന്റെ സുരക്ഷയ്ക്ക് എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കേഴ്സ് (ഇഎൽ സിബി) നിർബന്ധമായും നൽകണം. വൈദ്യുതിചോർച്ചമൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ഇത് സഹായിക്കും. പുതിയ ഇലക്ട്രോണിക് മീറ്ററാണെങ്കിൽ ചെറിയ കറന്റ് ലീക്ക് പോലും റീഡിങ്ങിൽ പ്രതിഫലിക്കും. 30 മില്ലി ആംപിയർ ചോർച്ചപോലും കണ്ടുപിടിക്കാൻ ഇഎൽസിബി കൊണ്ടു കഴിയും.