ADVERTISEMENT

മട്ടുപ്പാവിന്റെ സമ്മർദ്ദം കുറയ്ക്കുക എന്നത് മട്ടുപ്പാവ് കൃഷിയിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. കൃഷി ചെയ്യുമ്പോൾ വെള്ളം ചോർന്നു പോകാനുള്ള സാധ്യത കുറയ്ക്കണം. കൂടാതെ ചെടി വളർന്നു വരുമ്പോൾ ഉണ്ടാകുന്ന ഭാരം താങ്ങാനുള്ള ശേഷി വീടിന്റെ മേൽക്കൂരയ്ക്ക് ഉണ്ട് എന്നതും ഉറപ്പാക്കണം. ഗ്രോ ബാഗുകളിലോ  മൺചട്ടികളിലോ കൃഷി ചെയ്യാം. ഇവ നേരിട്ട് ടെറസിന്റെ പ്രതലത്തിൽ വരാതെ ചെറിയ സ്റ്റാൻഡുകളും ഓടിൻകഷണങ്ങളും ചിരട്ടകളും  ഉപയോഗിച്ച് അൽപം ഉയർത്തി വയ്ക്കാം. 

മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ സമം ചേർത്തിളക്കിയ മിശ്രിതം ഗ്രോബാഗിൽ നിറച്ച് അതിൽ വിത്തുകൾ പാകാവുന്നതാണ്. ബാഗുകൾ തമ്മിൽ രണ്ടടി ദൂരം ഉണ്ടാവണം. ചെടികളിൽനിന്നും കൊഴിഞ്ഞുവീഴുന്ന ഇലകൾ ഉണക്കി കൈകൊണ്ട് പൊടിച്ച് തിരികെ ചെടികളുടെ വളർച്ചയ്ക്കായി തന്നെ ഉപയോഗിക്കാൻ കഴിയും. കൃഷി ചെയ്യുമ്പോൾ പരമാവധി ജൈവവളങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രാസവളങ്ങൾ ചെടികളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം രാസപദാർഥങ്ങളുടെ ചോർച്ച മട്ടുപ്പാവിന്റെ പ്രതലത്തിന്റെ ശോഷണത്തിന് കാരണമായേക്കാം. ചെടികളുടെ ചുവട്ടിൽ പുതയിടുന്നത് അവയുടെ ആരോഗ്യം വർധിപ്പിക്കും, ഒപ്പം ജലാംശം നിലനിർത്തുന്നതിനുള്ള  ഒരു മികച്ച മാർഗ്ഗവുമാണ്. ചെടികളിൽനിന്ന് കീടങ്ങളെ അകറ്റി നിർത്താനും മണ്ണിൽ ഈർപ്പം നിലനിർത്താനും ചവറുകൾ സഹായിക്കും.

terrace-farming-punnoose1

മണ്ണില്ലാ കൃഷി

മട്ടുപ്പാവുകൃഷിയുടെ മുന്നേറ്റത്തിൽ മണ്ണില്ലാക്കൃഷിക്കും പ്രാധാന്യമുണ്ട്. മണ്ണിനു പകരം ചകിരിച്ചോറ് കംപോസ്റ്റും ചേർത്താണ് നടീൽ മിശ്രിതം തയാറാക്കേണ്ടത്. ഇതിലേക്ക് വിത്തുകൾ പാകാം. ഇതുവഴി മട്ടുപ്പാവിലേക്കുള്ള ഭാരസമ്മർദം കുറയ്ക്കാൻ കഴിയും. മണ്ണില്ലാത്ത കൃഷിയിലൂടെ മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ചെടുത്ത റിട്ട. അധ്യാപിക രമ ഭായിയുടെ കൃഷിരീതിയും ശ്രദ്ധേയമാണ്. പ്ലാസ്റ്റിക് ബാരലിലാണ് ടീച്ചറുടെ കൃഷി. ബാരലിന്റെ അടിത്തട്ടിലായി കരിയിലകൾ നിരത്തി. അതിന മുകളിലായി അറക്കപ്പൊടിയും അതിനുമുകളിൽ തവിടും ഏറ്റവും മുകളിൽ കംപോസ്റ്റും നിറച്ചു. ഈ മിശ്രിതം ചെടിക്കു വേണ്ടുന്ന പോഷകങ്ങളും ഒപ്പം വേരുവളർച്ചയ്ക്കു വേണ്ടിയുള്ള മതിയായ വായു സഞ്ചാരവും ലഭ്യമാക്കുന്നുവെന്നാണ് അനുഭവം.

terrace-farming-punnoose-2

മട്ടുപ്പാവിൽ വളരുന്ന എല്ലാ ചെടികളും അവിടെ ഒരു സൂക്ഷ്മ പരിസ്ഥിതി സൃഷ്ടിക്കുകയും താപനില കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും. നഗരവൽകരണവും ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കലും വളരെ വേഗത്തിൽ മുന്നേറുന്ന ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പച്ചപ്പ് ഉൾപ്പെടുത്തി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ കൃഷിരീതിയായി മാറുന്നു മട്ടുപ്പാവ്കൃഷി. ഭൂമിയിലെ തുറസ്സായ സ്ഥലങ്ങൾ കെട്ടിടങ്ങളുടെയും മറ്റും നിർമാണത്തിനായി ഉപയോഗിക്കുമ്പോൾ ഈ കെട്ടിടങ്ങൾക്ക് മുകളിൽ ലഭ്യമായ തുറസ്സായ സ്ഥലങ്ങൾ എങ്കിലും പാരിസ്ഥിതിക അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന് കൃഷിക്കുവേണ്ടി ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com