ADVERTISEMENT

വിദേശത്തെ കോര്‍പ്പറേറ്റ് ജീവിതം മടുത്തു തുടങ്ങിയപ്പോഴാണ് എൻജിനിയർമാരായ കാസർകോട് മടിക്കെ സ്വദേശിയായ ദേവകുമാറും ഭാര്യ ശരണ്യയും പാളയെ സ്‌നേഹിച്ചു തുടങ്ങിയത്. അങ്ങനെ സ്വന്തം നാട്ടില്‍ സമൃദ്ധമായി കാണപ്പെടുന്ന പാളയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു സംരംഭം തുടങ്ങുന്നതിന്റെ എല്ലാ  നൂലാമാലകളും തരണം ചെയ്ത്  2018ല്‍ മടിക്കെയില്‍ പാപ്‌ല പിറന്നു. പാളയില്‍നിന്നു പാത്രം മാത്രമേ നിര്‍മിക്കാൻ കഴിയൂ എന്ന ധാരണ തിരുത്തുകയാണിവര്‍. 

അത്ര എളുമപ്പല്ല 

പാള കൊണ്ട് പാത്രം നിർമിക്കുകയെന്നാല്‍ കേള്‍ക്കുന്നതു പോലെ അത്ര എളുപ്പമല്ല. പാളയുടെ തിരഞ്ഞെടുപ്പ് മുതല്‍ ശ്രദ്ധിക്കണം. തോട്ടങ്ങളില്‍ എപ്പോഴും നേരിട്ട് പോയി പാള തിരഞ്ഞെടുക്കുക സാധ്യമല്ല. അതിനാല്‍ തോട്ടമുടമയോട് പ്രത്യേകം പറയണം പാള പറമ്പില്‍ വീണതും എടുത്തുവയ്ക്കാന്‍. പച്ചപ്പാളയാണ് പാത്രങ്ങളും മറ്റും നിര്‍മിക്കുന്നതിന്  ഉപയോഗിക്കുക. കഴുകിയെടുക്കുന്ന പാള വെള്ളം വാര്‍ന്നതിനു ശേഷമാണ് ഉപയോഗിക്കുക.

മെഷീനിലെ താപ നിയന്ത്രണം ശ്രദ്ധിക്കേണ്ട കാര്യമാണ്. പാപ്‌ലയില്‍ ഉപയോഗിക്കുന്നത് സെമി-ഓട്ടോമാറ്റിക് മെഷീനാണ്. ഇതില്‍ 80 മുതല്‍ 90 ഡിഗ്രി വരെയാണ് താപത്തിന്റെ ശരാശരി തോത്. പ്ലേറ്റിന്റെ മുകള്‍ ഭാഗത്ത് താപം കുറവായിരിക്കണം. ചൂട് കൂടിയാല്‍ ബ്രൗണ്‍ നിറമുണ്ടാകും. ഇത് വില്‍പനയെ ബാധിക്കും. മെഷിനിന്റെ ചൂട് ഇടയ്ക്കിടെ പരിശോധിച്ച് ആവശ്യത്തിനനുസരിച്ച് താപം നിയന്ത്രിക്കണം. ഇങ്ങനെ ചൂടില്‍ നിർമിക്കപ്പെടുന്നതിനാല്‍ ഫംഗസുണ്ടാവില്ല. മെഷീനില്‍ പല രൂപത്തിലുള്ള മോഡ്യൂളുകളുണ്ടാകും. എന്ത് ഉൽപന്നമാണോ വേണ്ടത് ആ മോഡ്യൂള്‍ മെഷീനില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. 

പാത്രം മാത്രമല്ല

കല്യാണ പത്രിക പാളയില്‍ നിര്‍മിച്ചാണ് പാപ്‌ലയുടെ ഇപ്പോഴത്തെ പുതിയ ചുവടുവയ്പ്പ്. സമ്മേളനങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവര്‍ക്കായി ബാഡ്ജുകള്‍ നിര്‍മിക്കുന്നുണ്ട്. മനോഹരമായി രീതിയില്‍ മുറിച്ചെടുക്കുന്ന ബാഡ്ജുകളില്‍ ആദ്യം പേപ്പറാണ് ഒട്ടിച്ചതെങ്കിലും കൂടുതല്‍ പ്രകൃതി സൗഹൃദമാക്കുന്നതിനായി ഇപ്പോള്‍ യുവി പ്രിന്റിങാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതു കൂടുതല്‍ ഭംഗി ബാഡ്ജിന് നല്‍കുന്നതിനാല്‍ വലിയ റിസോര്‍ട്ടുകളില്‍ ഇപ്പോഴിതിനാണ് ആവശ്യം. കൂടാതെ പാര്‍സല്‍ ബോക്‌സുകള്‍, ചെറിയ ഡ്രോയിങ് പാഡുകള്‍, ക്ലോക്കുകള്‍, സ്പൂണുകള്‍ എന്നിങ്ങനെ പലതരം വസ്തുക്കളും ഇവര്‍ നിർമിക്കുന്നു. 

papla-1
പാളകൊണ്ടുള്ള ഗ്രോബാഗുകളും ബാ‍ഡ്‌ജുകളും

പാളയിൽ ഗ്രോ ബാഗും

പ്രകൃതി സ്‌നേഹം പ്രകടിപ്പിക്കാന്‍  തൈകള്‍ നടുന്നവരാണ് നാം. എന്നാല്‍, തൈ നടുന്നതോ പ്ലാസ്റ്റിക് ഗ്രോ ബാഗിലും. ഇതു തന്നെ പരസ്പര വിരുദ്ധം എന്നു തോന്നാറില്ലേ. ഇതിനൊരു പരിഹാരമാണ് പാപ്‌ലയുടെ പാളകൊണ്ടുള്ള ഗ്രോബാഗ്. 

അത്ര എളുപ്പമല്ല

പാള കിട്ടാക്കനിയല്ലാത്തതുകൊണ്ട് അനായാസം തുടങ്ങാമെന്ന സംരംഭമാണെന്നു കരുതി പലരും ഇതിലേക്ക് ഇറങ്ങാറുണ്ട്. കൂടിയാല്‍ ഒന്നൊര വര്‍ഷം, അതിനപ്പുറം ഈ പരിപാടി പച്ചപിടിക്കാറില്ല. കാരണം, പാള വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ മാത്രമേ ഗുണമേന്മയുള്ള പാത്രങ്ങളും മറ്റും  നിര്‍മിക്കാന്‍ കഴിയൂ. പരാജയത്തിന്റെ ആദ്യ കാരണം വിപണിയെക്കുറിച്ച് ക്യത്യമായ  പഠനമില്ലാത്തതു തന്നെ. ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ചായിരിക്കണം നിര്‍മാണം. ഉയര്‍ന്ന നിലവാരത്തിലുള്ള ഉപയോക്താക്കളെയാണ്  ലക്ഷ്യമെങ്കില്‍ അതിനനുസരിച്ച ഗുണമേന്മയുണ്ടാകണം. 

papla-2
പാപ്‌ലയുടെ വിവിധ പാളയുൽപന്നങ്ങൾ

കപ്പല്‍ കയറി വിദേശത്തേക്ക് 

പാപ്‌ല വിദേശത്തേയ്ക്ക് പാള കയറ്റി അയയ്ക്കുന്നുണ്ട്. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ മികച്ച വിദേശ വിപണി നേടിത്തരും എന്നാണിവരുടെ അനുഭവം. പലതരം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇതിനെ വിദേശ വിപണിയില്‍ പരിഗണിക്കുക. ഉദാഹരണമായി പാളയുടെ നിറം മുതല്‍ പായ്ക്കിംഗ് വരെ ശ്രദ്ധിക്കണം.  

കാലിത്തീറ്റയും

പ്ലേറ്റുകളും മറ്റും നിർമിക്കുമ്പോള്‍ ബാക്കി വരുന്ന  ഭാഗങ്ങള്‍ എന്തു ചെയ്യുന്നമറിയാത്ത അവസ്ഥ വന്നപ്പോഴാണ് പാള പശുക്കള്‍ക്കും മറ്റും തീറ്റയായി കൊടുക്കാറുണ്ട് എന്ന കാര്യം ചിന്തിച്ചത്. ബാക്കി വരുന്ന ഭാഗങ്ങള്‍ കാലിത്തീറ്റയാക്കിയാലോ എന്ന ആശയവുമായി കാസർകോട്ടെ തോട്ടവിള ഗവേഷണ കേന്ദ്രത്തെ സമീപിച്ചു. ഗവേഷണഫലം വരുന്ന മുറയ്ക്ക് പുതിയ ചുവടുവയ്പ്പ് ഉണ്ടാകും.

ഫോൺ: 6235726264

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com