ADVERTISEMENT

കില്ലിങ് കമന്റെറ്റോറെ 

ഹാരുകി മുറാകാമി

ഹാര്‍വില്‍ സെക്കര്‍, ലണ്ടന്‍

വില 1000 രൂപ 

 

 

ജപ്പാനിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ എഴുത്തുകാരന്‍ എന്ന പദവി ഉണ്ടെങ്കിലും ഹാരുകി മുറാകാമിയുടെ പുതിയ പുസ്തകം നിരോധിക്കാന്‍ ഹോങ്കോങ്ങിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ലൈംഗിക വര്‍ണനകളുടെ അതിപ്രസരം ചൂണ്ടിക്കാട്ടി അവര്‍ പുസ്തകം 18 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാക്കി നിയന്ത്രിച്ചു; ഒപ്പം  പുറംചട്ടയിയില്‍ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 

 

 

എന്നാല്‍ പുറത്തിറങ്ങിയ ദിവസം ജപ്പാനില്‍ ജനങ്ങള്‍ ക്യു നിന്നാണ് മുറാകാമിയുടെ പുസ്തകം ആവേശ ത്തോടെ വാങ്ങിച്ചതും ആര്‍ത്തിയോടെ വായിച്ചതും. ഹാര്‍വില്‍ സെക്കല്‍ ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ചപ്പോഴും ലഭിച്ചതു വമ്പിച്ച വരവേല്‍പ്. മുറാകാമിയുടെ മുന്‍ നോവലുകള്‍ വായിച്ചവര്‍ അക്ഷമയോടെ കാത്തിരിക്കു കയായിരുന്നു പുതിയ പുസ്തകത്തിനുവേണ്ടി; അതും നോവല്‍. പേര് ‘കില്ലിങ് കമന്റെറ്റോറെ’ 

 

36 വയസ്സുള്ള ഒരു ചിത്രകാരന്റെ വിവാഹബന്ധത്തിന്റെ തകര്‍ച്ചയില്‍ തുടങ്ങുന്ന പുതിയ നോവലിലും പതിവുപോലെ ചരിത്രവും സംഗീതമുണ്ട്. സാഹിത്യവും ചിത്രകലയുണ്ട്. ദാമ്പത്യവും അവിഹിത ബന്ധങ്ങളുമുണ്ട്. വേലിക്കെട്ടുകളില്ലാത്ത പ്രണയവും  നിരുപാധികമായ സ്നേഹവുമുണ്ട്. സര്‍വ്വോപരി രതിയുടെ  സൗന്ദര്യവും. 

 

 

പ്രശസ്തമായ ‘ കാഫ്ക ഓണ്‍ ദ് ഷോര്‍’ പോലെയുള്ള നോവലുകളിലെ തീവ്രതയോ തീക്ഷ്ണതയോ അവകാശപ്പെടാനാവില്ലെങ്കിലും ആസ്വദിച്ചു വായിക്കാം കില്ലിങ് കമന്റെറ്റോറെ . കാഫ്കയും മറ്റും മനസ്സില്‍ അവശേഷിപ്പിക്കുന്ന ഗാംഭീര്യം പുതിയ നോവലിന് ഇല്ല എന്നുതന്നെ പറയാമെങ്കിലും വായനാക്ഷമതയില്‍ മുന്നില്‍ത്തന്നെ. എഴുന്നൂറോളം പേജുകള്‍ ബോറടിക്കാതെ വായിക്കാം. ചില കഥാപാത്രങ്ങളെ മനസ്സിലേറ്റാം. ഓര്‍മിക്കാന്‍ കുറച്ചു കഥാസന്ദര്‍ഭങ്ങള്‍. പിന്നെ, യഥാര്‍ഥമെന്നോ അയഥാര്‍ഥമെന്നോ വേര്‍തിരിച്ചു പറയാനാവാത്ത ജീവിതം എന്ന കടംകഥയും. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും. 

 

 

ജപ്പാനിലെ അറിയപ്പെടുന്ന ടൊമോഹികോ അമഡ എന്ന ചിത്രകാരന്റെ ഒരു ചിത്രമാണ് നോവലിന്റെ കേന്ദ്രപ്രമേയം. അമഡയുടെ മാസ്റ്റര്‍പീസ്. എന്നാല്‍ ആരെയും കാണിക്കാതെ, അറിയിക്കാതെ രഹസ്യമായി കാത്തുസൂക്ഷിച്ച ചിത്രം. ചിത്രത്തിന് അമഡയുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ടാം ലോക മഹായുദ്ധം തുടങ്ങുമ്പോള്‍ അദ്ദേഹം വിയന്നയിലായിരുന്നു. ഹിറ്റ്ലര്‍ പിടിച്ചടിക്കയ പ്രദേശങ്ങളിലൊന്നില്‍.

 

അമഡയ്ക്ക് ഒരു കാമുകിയുണ്ടായിരുന്നു. അവരിരുവരും ഹിറ്റ്ലറിനെതിരെ പ്രവര്‍ത്തിക്കുന്ന വിപ്ലവ സംഘടനയില്‍ അംഗങ്ങളുമായിരുരുന്നു. നാസി ജനറലിനെ കൊല്ലാന്‍ ആ സംഘം ഗൂഡാലോചന നടത്തുന്നു. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതിനുമുന്‍പ് അവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. അമഡയുടെ കാമുകിക്ക് പീഡനത്തിനൊടുവില്‍ ലഭിച്ചത് അകാല വധശിക്ഷ. അമഡയും പിടിക്കപ്പെട്ടു. എന്നാല്‍ പീഡനത്തിന്റെ നാളുകള്‍ക്കൊടുവില്‍ രക്ഷപ്പെട്ടു. 

 

 

ജപ്പാനിലേക്ക് തിരിച്ചയക്കപ്പെടുകയും ചെയ്തു. പരാജയപ്പെട്ട വിപ്ലവത്തിന്റെ കനലുമായി സ്വന്തം രാജ്യത്തു തിരിച്ചെത്തിയ അദ്ദേഹം വീണ്ടും ചിത്രങ്ങള്‍ വരച്ചു. അതുവരെ പാശ്ചാത്യ ചിത്ര രചനാ സമ്പ്രദായ ങ്ങളായിരുന്നെങ്കില്‍ ജപ്പാന്റെ പാരമ്പര്യത്തിലേക്ക് അദ്ദേഹം പിന്നീട് മടങ്ങിപ്പോയി. പ്രശസ്തനാകുകയും ചെയ്തു. എന്നാല്‍ സ്വന്തം ജീവിതത്തെ ആസ്പദമാക്കി വരച്ച ചിത്രം ആരെയും കാണിച്ചുമില്ല. 

 

 

വിപ്ലവസംഘം കൊല്ലാന്‍ പദ്ധതിയിട്ട ജനറലിന്റെ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു യുവാവ് ജനറലിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുന്നു. രക്തം ചിതറിത്തെറിക്കുന്നു. അടുത്തുതന്നെ മുഖത്ത് അദ്ഭുത ഭാവവുമായി കാമുകിയും. 

 

 

നോവല്‍ തുടങ്ങുമ്പോള്‍ അമഡ വാര്‍ധക്യത്തിലാണ്. ആശുപത്രിയില്‍ മരണം കാത്തുകഴിയുന്നു. അദ്ദേഹം ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ചിരുന്ന മലമുകളിലെ വീട് ഒഴിഞ്ഞുകിടക്കുന്നു.  അമഡയുടെ മകന്‍ ആ വീട് തന്റെ കൂടെ പഠിച്ച ഒരു ചിത്രകാരന് നല്‍കുന്നു. താല്‍ക്കാലികമായി താമസിക്കാന്‍. വിവാഹം തകര്‍ന്ന തിനെത്തുടര്‍ന്ന് അയാളിപ്പോള്‍ ഒറ്റയ്ക്കാണ്. കയറിക്കിടക്കാന്‍ ഒരിടമില്ലാത്ത അവസ്ഥ. 

 

 

അമഡയുടെ വീട്ടില്‍ ചിത്രകാരന്‍ താമസം തുടങ്ങുന്നു. അപ്രതീക്ഷിതമായി ബന്ധം വിച്ഛേദിച്ച ഭാര്യയെ ക്കുറിച്ചുള്ള ഓര്‍മകള്‍ അയാളുടെ മനസ്സിലുണ്ട്. ഇതിനിടെ, പുതുതായി പരിചയപ്പെട്ട കാമുകി ഇടയ്ക്കിടെ അയാളെ കാണാനെത്തുന്നു;  ഇരുവരും സന്തോഷം പങ്കിടുന്നു.  ഇതിനിടെ, അയാള്‍ ആ വീട്ടില്‍ ആരുമറി യാതെ അമഡ സൂക്ഷിച്ചുവച്ച ചിത്രം കണ്ടെത്തുന്നു. അതോടെ, ആ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍വയ്ക്കുന്നു. അവര്‍ ചിത്രകാരന്റെ ജീവിതത്തില്‍ ഇടപെടുന്നു. അയാളുടെ പ്രണയത്തിലും ജീവിതത്തിലും. 

 

 

ഒരു ഞായറാഴ്ച മഴ പെയ്യുമ്പോഴാണ് വിവാഹ ജീവിതം മതിയാക്കാമെന്ന് ഭാര്യ ചിത്രകാരനോട് പറയുന്നത്. അതയാള്‍ക്ക് ഒരു ഷോക്കായിരുന്നു. തന്റെ ഭാര്യ മറ്റൊരാളുമായി പ്രണയ ബന്ധം തുടങ്ങിയെന്ന അറിവ്. അന്നുതന്നെ വീട്ടില്‍നിന്നിറങ്ങുന്ന അയാള്‍ നീണ്ട യാത്ര പോകുന്നു. ഭാര്യയെക്കുറിച്ചുള്ള ഓര്‍മകളാണ് അയാളുടെ മനസ്സില്‍. ഓര്‍മകളില്‍നിന്ന് അകലാന്‍ ശ്രമിക്കുന്തോറും അയാള്‍ അവളിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു; വിട്ടുപോകാനാവാത്ത അടുപ്പത്തില്‍ തളച്ചിടപ്പെടുന്നു. 

 

 

ഭൂമിശാസ്ത്രപരമായി ദൂരെയായിരിക്കുമ്പോള്‍   അയാള്‍ മനസ്സുകൊണ്ട് ഭാര്യയുമായി രതിയില്‍ ഏര്‍പ്പെടുന്നു. അവര്‍ ഗര്‍ഭിണിയാകുന്നതിന്റെ കാരണം ആ ബന്ധമാണെന്ന കണ്ടെത്തലും മുറാകാമി നടത്തുന്നുണ്ട്. ചില രാജ്യങ്ങളില്‍ നോവല്‍ നിരോധിക്കപ്പെടാന്‍ ഇടയാക്കിയതും നോവലിലെ ഈ രതിവര്‍ണനയാണ്. 

 

എന്നാല്‍, നിഷ്കളങ്കതയ്ക്കും നോവലില്‍ സ്ഥാനമുണ്ട്. അതാകട്ടെ 13 വയസ്സുള്ള മരിയ അക്കിക്കാവ എന്ന പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണ്. അമ്മയെ നഷ്ടപ്പെട്ട സുന്ദരിയായ ഈ പെണ്‍കുട്ടി ചിത്രകാരനുമായി പരിചയപ്പെടുന്നു. അവരുടെ ബന്ധം അസാധാരണായ തലത്തിലേക്ക് ഉയരുന്നു. 

 

കാഫ്ക ഓണ്‍ ദ് ഷോര്‍ പോലെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന നോവലല്ല കില്ലിങ് കമന്റെറ്റോറെ . എന്നാല്‍ ചവറുമല്ല. ശരാശരിയിലും ഉയര്‍ന്ന നിലവാരമുണ്ട്. എന്നാല്‍ അതിനപ്പുറം ഉയരുന്നുമില്ല. പ്രത്യേകിച്ചും അവസാന ഭാഗങ്ങള്‍ വാനയക്കാരെ നിരാശപ്പെടുത്തുന്നു. 

 

മുറാകാമി എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള വൈഭവവും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുമാണ് നോവലിന്റെ ഏറ്റവും  പ്രത്യേകത. അതാകട്ടെ ഒരു വായനയ്ക്ക് ധാരാളവും. 

 

English Summary : Killing Commendatore By  Haruki Murakami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com