ADVERTISEMENT

പ്രശാന്ത് നായർ എന്ന കണ്ണൂർകാരൻ 2007 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നേടി കോഴിക്കോട് ജില്ലയിൽ കലക്ടറായി സേവനമനുഷ്ഠിക്കവേയാണ് മലയാളികളുടെ സ്വന്തം ‘കലക്ടർ ബ്രോ’ ആയി മാറിയത്. പൊതുജ​ന സൗഹാർദപദ്ധതികളുമായി ജനമനം കീഴടക്കിയ പ്രശാന്ത് പിന്നീട് ശോഭിച്ചത് സാഹിത്യരംഗത്താണ്. ആദ്യ പുസ്തകമായ കലക്ടർ ബ്രോയ്ക്കും രണ്ടാമത്തെ പുസ്തകം ലൈഫ് ബോയ്ക്കും ശേഷം 'ബ്രോ സ്വാമി കഥകൾ' എന്ന ചെറുകഥാ സമാഹാരവുമായി വീണ്ടും വായനാലോകത്തിലേക്ക് എത്തിരിക്കുന്നു പ്രശാന്ത്. പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ പ്രശാന്ത് നായർ.

പുതിയ പുസ്തകം 'ബ്രോ സ്വാമി കഥകൾ' പുറത്തിറങ്ങിരിക്കുന്നു. എന്താണ് പുസ്തകത്തെ കുറിച്ച് വായനക്കാരോട് പറയാനുള്ളത്?

ആദ്യത്തെ പുസ്തകങ്ങൾ പോലെയല്ല, പൂർണമായും ഫിക്‌ഷനാണിത്. ചെറുകഥകൾ. ഒലീവ് ബുക്സാണ് പ്രസാധകര്‍. അവതാരിക എഴുതിയത് അഷ്ടമൂർത്തി സാറും. കോവിഡ് സമയത്ത് 14 ദിവസം ക്വാറന്റീനിൽ ഇരുന്നപ്പോൾ എഴുതിയതാണ് ഇതിലെ പല കഥകളും. ഞാനും കുറച്ച് സുഹൃത്തുക്കളും ഒരുമിച്ചായിരുന്നു ക്വാറന്റീൻ. ആദ്യത്തെ 4 ദിവസം കഴിഞ്ഞ് ബാക്കിയെല്ലാ ദിവസവും ഞാൻ ഓരോ കഥ വീതം എഴുതുക പതിവായി. അങ്ങനെയാണ് ഇതിലെ എട്ടോളം കഥകൾ ഉണ്ടായത്. പിന്നീട് ബാക്കി കുറച്ചെണ്ണം കൂടി എഴുതി പബ്ലിഷ് ചെയ്തെന്നേ ഉള്ളൂ. 

prasanth-nair-book-bro-swami-kadhakal

ഇതിലെ കഥകൾ നൂറു ശതമാനം ഭാവനയാണ്. വിശുദ്ധന്മാരും ദിവ്യന്മാരും അദ്ഭുത സിദ്ധികളും തുടങ്ങി അവിശ്വസനീയമായ പലതും ഇതിലുണ്ട്. എന്നാൽ വായിക്കുമ്പോൾ ചരിത്രസംഭവങ്ങളുമായിട്ടോ ചിലരുടെ ജീവിതവുമായിട്ടോ ഒക്കെ സാമ്യം തോന്നുമായിരിക്കും. എന്നാൽ ഇത് അതല്ല. അതുകൊണ്ടാണ് നുണക്കഥകൾ എന്ന ടാഗ് ലൈൻ നൽകിയത്.

യാഥാർഥ്യങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട പല സംഭവങ്ങളുമുണ്ട്. പക്ഷേ ഇതൊന്നും യാഥാർഥ്യങ്ങളല്ല താനും. അതാണ് ഇതിന്റെ കവറിലും പറയുന്നത്. സൈനുൽ ആബിദ് ഡിസൈന്‍ ചെയ്ത കവറിലേക്ക് നോക്കുമ്പോള്‍ അത് ഡേവിഡിന്റെ പ്രതിമയാണ്. പക്ഷേ ചിലപ്പോൾ എഴുത്തുകാരന്റെ മുഖത്തിന്റെ ഛായയും ലക്ഷണവും ഒക്കെ തോന്നിയെന്നിരിക്കും. പക്ഷേ അല്ല. 

യഥാർഥ ജീവിതാനുഭവങ്ങളാണ് ഇതിനു മുമ്പുള്ള രണ്ട് പുസ്തകങ്ങളിലും എഴുതിയിരുന്നത്. എന്തുകൊണ്ടാണ് ഫിക്‌ഷനിലേക്ക് ഒരു മാറ്റം?

ഫിക്‌ഷൻ എന്നു പറഞ്ഞാൽ ശരിക്കും ഒരു കമേഴ്സ്യൽ സിനിമ പോലെയാണ്. മാസ് ഓഡിയൻസിനു ദഹിക്കണം. നോൺ ഫിക്‌ഷൻ ഏറെക്കുറെ ആർട്ട് സിനിമ പോലെയാണ്. രണ്ട് ആർട്ട് സിനിമകൾ ചെയ്തു കഴിയുമ്പോള്‍ ഒരു കമേഴ്സ്യൽ പടം ചെയ്യുന്നതു പോലെയാണ് ഈ പുസ്തകം. 

ഷെർലക് ഹോംസ് എന്ന കഥാപാത്രമൊരു ഫിക്‌ഷനാണെന്ന് നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്തവിധം അതൊരു യാഥാർഥ്യമായി മാറിയല്ലോ. അതാണ് ഫിക്‌ഷന്റെ പവർ. എനിക്ക് തോന്നിയിട്ടുണ്ട് ഫിക്‌ഷന്റെ കാര്യത്തിൽ മലയാളികള്‍ ലിബറൽ ആണെന്നാണ്. പൊതുവെ വായന ഇഷ്ടമുള്ളവർ ഫിക്‌ഷനിൽ പരീക്ഷണം നടത്താൻ തയാറാണ്. പക്ഷേ നോൺ ഫിക്‌ഷൻ വായന അങ്ങനെയല്ല. അക്കാര്യത്തിൽ വായനക്കാർ വളരെ ചൂസിയാണ്.

എഴുത്തനുഭവം എങ്ങനെ ഉണ്ടായിരുന്നു? വസ്തുതാപരമായ എഴുത്തിൽനിന്നു ഫിക്‌ഷനിലേക്ക് കടന്നപ്പോൾ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടിരുന്നോ?

ഫിക്‌ഷൻ എഴുതുമ്പോൾ ഭാവനയുടെ അതിർവരമ്പ് എങ്ങോട്ടു വേണമെങ്കിലും കൊണ്ടു പോകമെന്നതാണ് ഏറ്റവും രസകരം. മാത്രമല്ല, ഒരു വെല്ലുവിളിയുമുണ്ട്. നമ്മള്‍ കൊടുക്കേണ്ട വിവരണം കൊടുക്കുകയും അതേസമയം കുറച്ച് കൊടുക്കാതെ വിടുകയും വേണം. വിട്ടുകൊടുക്കുന്ന ആ ഭാഗത്തിന് വായനക്കാരന്റെ ഭാവനയാണ് ശക്തി പകരുന്നത്. ഒരാള്‍ സങ്കൽപിച്ചെടുക്കുന്നതായിരിക്കില്ല മറ്റൊരാളുടേത്. കഥയുടെ സാധ്യത അപ്പോൾ ഉയരുന്നു.

prasanth-nair
പ്രശാന്ത് നായർ, Image Credit: https://www.facebook.com/prasanthnair.ias/

ആദ്യ പുസ്തത്തിന്റെ ഒരു ഗുണം ടൈറ്റിലായിരുന്നു. പ്രശാന്ത് നായര്‍ എന്ന പേര് ചിലപ്പോൾ പലർക്കും അറിയണമെന്നില്ല, കലക്ടർ ബ്രോ അങ്ങനെയല്ല. പ്രശാന്ത് എന്നുള്ള പേരിൽ പുസ്തകം വരുമ്പോൾ, ഒരു ബുക്ക് ഷോപ്പിൽ ഇത് ഇന്നയാളാണ് എഴുതിയത് എന്ന് പറഞ്ഞാലേ മനസ്സിലാവൂ. മുന്‍പരിചയത്തിന്റെ ഊന്നുവടിയില്ലാതെ എഴുത്തിന്റെ മാറ്റുരയ്ക്കുന്നത് ഫിക്‌ഷൻ വരുമ്പോഴായിരിക്കും. എന്നിലെ ചെറിയ എഴുത്തുകാരനിലെ വൈവിധ്യം കൂടി തിരയലാണ് ഇതിൽ നടക്കുന്നത്. അല്ലാതെ എഴുത്തുശൈലിയിൽ വലിയ മാറ്റമൊന്നുമില്ല.

രണ്ട് പുസ്തകം എഴുതി, രണ്ടും ജനപ്രിയമായി. ജനപ്രിയമാകുക എത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. എന്തു തോന്നുന്നു?

രണ്ട് കൊല്ലത്തിനിടയിൽ രണ്ട് പുസ്തകമെഴുതി. ഒന്ന് 11 എഡിഷൻ കഴിഞ്ഞു, രണ്ടാമത്തേത് മൂന്നും. എങ്കിലും കഥാകൃത്ത് എന്ന രീതിയിൽ ഞാന്‍ തുടക്കക്കാരൻ തന്നെയാണ്. കുറെ മുൻപ് മാഗസിനിലൊക്കെ ഇടയ്ക്ക് ചെറുകഥകളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനസ്സിലെ ഒരു പുസ്തകരൂപത്തിലാക്കാം എന്നു കരുതി.

രണ്ടാമത്തെ പുസ്തകം ആദ്യ പുസ്തകത്തെക്കാൾ ഗൗരവമുള്ള വിഷയമായിരുന്നു കൈകാര്യം ചെയ്തത്. കോവിഡിനുശേഷം നമുക്കിടയിൽ എത്രയോ പേര്‍ മാനസിക പ്രശ്നങ്ങള്‍ ചർച്ച ചെയ്യുവാൻ തയാറായി എന്നതിന് തെളിവാണ് അതിന്റെ വിജയം. ഗൗരവമുള്ള പുസ്തകം പോലും സാധാരണക്കാരന് രസിക്കുന്ന രീതിയിലാക്കാൻ വേണ്ടി മനപ്പൂർവം ശ്രമിച്ചിട്ടുണ്ട്. കാലഘട്ടത്തിനും വായനക്കാരനും അനുസരിച്ചാണല്ലോ ഭാഷ. കമ്യൂണിക്കേറ്റ് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന കഥയുടെ തീവ്രത അതുപോലെ വായനക്കാരനും കിട്ടുക എന്നുള്ളതാണ് പ്രധാനം. 

ബ്രോ സ്വാമി കഥകൾ റിലീസ് ചെയ്യുന്നു എന്ന് പറഞ്ഞ് ഒരു പരസ്യവും ചെയ്തിട്ടില്ല. എന്റെ ഫെയ്സ്ബുക് പേജിൽ ഒരു പോസ്റ്റർ മാത്രമേ ഇട്ടിട്ടുള്ളു. ആകെ ഒറ്റ പോസ്റ്ററേ ഡിസൈൻ ചെയ്തിട്ടുള്ളൂ. കഥകളെക്കുറിച്ച് ഇനി വായനക്കാർ പറഞ്ഞാണ് അറിയേണ്ടത്. ഇപ്പോൾ ലഭിക്കുന്ന പോസിറ്റീവ് പ്രതികരണം വായനക്കാരുടെ അഭിപ്രായത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. വളരെ സന്തോഷമുണ്ട്. നന്ദിയും.

സാധാരണ പുസ്തക പ്രമോഷന് ആളുകൾ ഉപയോഗിക്കുന്ന പദങ്ങൾ അല്ലല്ലോ തള്ള്, നുണ പോലുള്ളവ. സ്വയം ട്രോളുകയാണോ?

സൈക്കളോജിക്കൽ മൂവ് അല്ലെ.! മറ്റുള്ളവർ എന്നെ ട്രോളുമോ എന്ന ഭയം കൊണ്ട് ഞാൻ തന്നെ ട്രോളുന്നതാണ്. അപ്പോൾ എന്നെ വെറുതെ വിടുമല്ലോ എന്ന് വിചാരിച്ചുള്ള ഒരു ഡിഫെൻസിവ് മെക്കാനിസം. പിന്നെ ഞാൻ എഴുതുന്നതും സംസാരിക്കുന്നതും സാധാരണക്കാരുടെ ഭാഷയാണല്ലോ. പ്രസംഗത്തിനായാലും സ്റ്റേജിലായാലും ഈ രീതിയിൽ തന്നെയാണ് സംസാരിക്കുന്നത്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ബഷീറാണ്. ബഷീർ ഭാഷയുടെ പരമ്പാരഗതരീതി തന്നെ ബ്രേക്ക് ചെയ്തിട്ടല്ലേ എഴുതുന്നത്. പുതിയ വാക്കുകൾ വരെയുണ്ടാകും. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും മാത്രമേ ഞാനും എഴുതാൻ ഉദ്ദേശിച്ചിട്ടുള്ളൂ. എഴുത്തിൽ എനിക്ക് ബോറടിക്കുന്ന ഒരു സാധനവും ഞാൻ എഴുതില്ല. വായിച്ചു പോകുമ്പോൾ എനിക്ക് ബോറടിക്കുകയാണെങ്കിൽ ഇതെന്ത് വൃത്തികേടാ എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ എന്നോടു തന്നെ ചോദിക്കും. 

prasanth-nair-book
പ്രശാന്ത് നായർ, Image Credit: https://www.facebook.com/prasanthnair.ias/

എഴുതുമ്പോൾ മറ്റൊരാളായി മാറാൻ സാധിക്കില്ലല്ലോ. എന്നെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്നത് വായിക്കുവാനിഷ്ടം. അത്തരത്തിലുളളതാണ് എഴുതാനും താൽപര്യം. ഞാൻ എഴുതിയതിൽ ശരിക്കും സീരിയസ് രണ്ടാമത്തെ പുസ്തകം ആയിരുന്നു. അതിൽ പരമാവധി വെള്ളം ചേർക്കാന്‍ ഞാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിഷയം വളരെ ഗൗരവമുള്ളതായിരുന്നു. ആദ്യത്തെ പുസ്തകം യാഥാർഥ്യങ്ങളാണല്ലോ. ജീവിതത്തിൽ കാണുന്ന തമാശ എന്നതിൽ കവിഞ്ഞ് ഒരു പരിധിക്കപ്പുറം നമുക്ക് തമാശ കലർത്താനോ നമുക്കവിടെ പറ്റില്ല.  

ഇനി കഥകളിൽനിന്നു നോവലുകളിലേക്ക് യാത്ര ഉണ്ടാവുമോ? അടുത്തതിന്റെ പണിപ്പുരയിലാണോ?

ഞാൻ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവുമധികം എഴുതാറ്. പിന്നെ തേച്ചു മിനുക്കലാണ് നടക്കുക. ‘ബ്രോ സ്വാമി കഥകൾ’ 2020ൽ എഴുതിയ 8 കഥകളും അതിന്റെ കൂടെ വേറെയും ചേർത്താണ് ഇറക്കിയത്. അതിനിടയിൽ പെട്ടെന്ന് എഴുതിയതാണ് ലൈഫ്ബോയ്. ആദ്യത്തെ പുസ്തകമായ 'കലക്ടർ ബ്രോ' ആദ്യത്തെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയപ്പോഴാണ് കറക്റ്റ് ചെയ്ത് വർക്ക് തീർത്തത്. എഴുതി തീർത്ത കഥകൾ കൈയിലുണ്ട്. നോവല്‍ എഴുതുന്നതിന് കുറച്ച് ഹോംവർക്കുണ്ട്. വലിയ കാത്തിരിപ്പില്ലാതെ അടുത്ത പുസ്തകമുണ്ടാകും എന്നതാണ് എന്റെ ഭീഷണി.

English Summary:

Kerala's 'Collector Bro' Prashant Nair Launches New Book of Short Stories Bro Swamy Kadhakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com