ADVERTISEMENT

അഭയാർഥി ക്യാംപിലെ തടവറയിൽ, ഇരുട്ടു താവളമടിച്ച മുറിയിൽ, മൊബൈൽ ഫോണിൽ എഴുതി, വാട്സാപ്പിൽ അയച്ചുകൊടുത്ത പുസ്തകത്തിന് അരക്കോടിയുടെ പുരസ്കാരം നേടി യുവാവ്. ഓസ്ട്രേലിയയിൽ അഭയം തേടിയെത്തി, തടവിൽ പാർപ്പിക്കപ്പെട്ട ഇറാനിയൻ യുവാവിനാണ് ഓസ്ട്രേലിയയിലെ ഉന്നതമായ വിക്ടോറിയൻ സാഹിത്യ പുരസ്കാരം ലഭിച്ചിരിക്കുന്നത്. മൊബൈൽഫോണിൽ എഴുതി വാട്സാപ്പിൽ ഒരോ അധ്യായമായി എഴുതി പരിഭാഷകന് അയച്ചുകൊടുത്താണ് നോവൽ വെളിച്ചം കണ്ടത്. 

ഇറാനിയൻ വംശജനായ ബെഹ്റൂസ് ബൂചാനി എന്ന കുർദിഷ് മാധ്യമപ്രവർത്തകനായ യുവാവാണ് ഫോണിലെഴുതിയ നോവലിലൂടെ പുരസ്കാരം നേടി സാഹിത്യലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നത്. പാപ്പുവ ന്യൂഗിനി ദ്വീപുകളിലൊന്നിൽ കഴിയുന്ന ബുചാനിക്ക് പുരസ്കാരം നേടിക്കൊടുത്തത് ‘നോ ഫ്രണ്ട്സ് ബട് മൗണ്ടൻസ്–റൈറ്റിങ് ഫ്രം മാനൂസ് പ്രിസൻ’  എന്ന പുസ്തകം. തടവിലാക്കിയ രാജ്യം തന്നെ പുരസ്കാരം കൊടുത്ത് ആദരിച്ചു എന്ന അപൂർവതയും ബൂചാനിക്കു സ്വന്തം. 

ആറുവർഷം മുമ്പ് ഓസ്ട്രേലിയയിൽ അഭയം തേടിയെത്തിയവരുടെ കൂട്ടത്തിൽ ഒരു ബോട്ടിൽനിന്നാണ് ബൂചാനി പിടിയിലാകുന്നത്. ബൂഖാനി ഉൾപ്പെടെ ആയിരത്തോളം പേർ അഭയാർഥി ക്യാപുകളിൽ നരകതുല്യമായ ജീവിതം നയിക്കുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിയാൻ പുരസ്കാരത്തിനു കഴിഞ്ഞെങ്കിൽ‌ അതായിരിക്കും തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമെന്നു പറയുന്നു എഴുത്തുകാരൻ. വാട്സാപ് സന്ദേശങ്ങളിലൂടെയാണ് പുരസ്കാരത്തെക്കുറിച്ച് എഴുത്തുകാരൻ പ്രതികരിച്ചതും. 

ഈ നേട്ടം ആഘോഷിക്കാനുള്ളതല്ല. നൂറുകണക്കിനുപേർ എനിക്കു ചുറ്റും ദുരിതജീവിതം നയിക്കുന്നത് ഞാൻ കാണുന്നു. ആ നിരപരാധികൾക്ക് മോചനം ലഭിക്കണം– ബൂചാനി പ്രത്യാശ പ്രകടിപ്പിച്ചു. അഭയാർഥികളോടുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ കരുണയില്ലാത്ത സമീപനത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്നയാളാണ് ബൂചാനി. അനധികൃതമായി രാജ്യത്തേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന ആളുകളെ പ്രോസസിങ് ക്യാംപുകൾ എന്നു പേരിട്ട അഭയാർഥി ക്യാംപുകളിൽ തടവിൽ വയ്ക്കുകയാണ് ഓസ്ട്രേലിയ വർഷങ്ങളായി ചെയ്യുന്നത്. വിദൂരമായ ദ്വീപുകളിലാണ് അഭയാർഥി ക്യാപുകൾ. ഓസ്ട്രേലിയയിൽ‌ കാൽ കുത്താൻ അവർക്ക് അവകാശവുമല്ല. 

പുസ്തകം എഴുതുന്നത് ആസ്വദിച്ചെങ്കിലും നിരന്തരം ഭയത്തിന്റെ തടവറയിലായിരുന്നുവെന്ന് പറയുന്നു ബൂചാനി. മൊബൈൽ ഫോൺ അധികാരികൾ പിടിച്ചെടുക്കുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആശങ്ക. അങ്ങനെ സംഭവിച്ചാൽ ആ നിമിഷം പുസ്തകം അവസാനിക്കും. 

2013– മുതൽ പാപുവ ന്യൂഗിനിയിലെ മാനൂസ് ദ്വീപിൽ തടവുകരാനാണ് ബൂചാനി. നോവലിതര വിഭാഗത്തിലും മികച്ച കൃതിയായി തിരഞ്ഞെടുത്തതിനാൽ മറ്റൊരു 25,000 ഡോളറും ഇദ്ദേഹത്തിനു ലഭിക്കും. ബൂചാനിയെ താമസിപ്പിച്ചിരുന്ന ക്യാംപ് കോടതിയുത്തരവിനെത്തുടർന്ന് കഴിഞ്ഞവർഷം അടച്ചുപൂട്ടൂകയും അഭയാർഥികൾക്ക് ദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ജൻമനാടിന്റെ ഭാഷയായ ഫാർസിയിലാണ് ബൂഖാനി പുസ്തകം എഴുതിയത്. അതും ആദ്യ കൃതി. വാട്സാപ്പിലൂടെ നോവൽ പരിഭാഷകന് അയച്ചുകൊടുത്തു. മൊഴിമാറ്റത്തിലൂടെയാണ് നോവൽ പുറത്തുവന്നതെങ്കിലും അതിന്റെ കരുത്തും കാരുണ്യവും കാണാതിരിക്കാനായില്ല പുരസ്കാര കമ്മിറ്റിക്ക്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com