ADVERTISEMENT

എം.കെ. മാധവൻനായരെ ഞാൻ കാണാൻ തുടങ്ങിയിട്ട് 60 വർഷം കഴിഞ്ഞു. അദ്ദേഹം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ (എസ്പിസിഎസ്) പബ്ലിക്കേഷൻ മാനേജരാകുന്നതിനു മുൻപ് സംഘം സെക്രട്ടറി കാരൂർ നീലകണ്ഠപ്പിള്ളയും പബ്ലിക്കേഷൻ മാനേജർ ഡിസി കിഴക്കേമുറിയുമായിരുന്നു. ഇരുവരുടെയും അടുത്ത് പുസ്തക നിർമാണത്തിൽ സഹായിക്കാനെത്തിയ മാധവൻനായർ പിന്നെ മൂന്നു പതിറ്റാണ്ടിലധികം കാലം മലയാള പുസ്തകങ്ങളുടെ രൂപഭാവങ്ങളൊരുക്കുന്നതിൽ പ്രധാനിയായി.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സമയത്തു തന്നെ എം.കെ. പുസ്തക പ്രസാധന രംഗത്തെത്തിയിരുന്നു. വടക്കാഞ്ചേരിയിലുള്ള അരുണോദയം പ്രസിൽ നിന്ന്, തകഴിയുടെ ‘തോട്ടിയുടെ മകൻ’ പോലെ പല പുസ്തകങ്ങളും പുറത്തുവന്നത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. തൃശൂർ കേരളവർമ കോളജിൽനിന്നു ബിഎ കഴിഞ്ഞ് മാധവൻനായർ തിരിച്ചുവരുമ്പോഴേക്കും അരുണോദയം പ്രസ് പൂർണമായും അസ്തമിച്ചിരുന്നു. അങ്ങനെ, 1956ൽ അദ്ദേഹം കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലെത്തുന്നു. സംഘം ഓഫിസിനു സമീപം സ്റ്റാർ തിയറ്റർ. തിയറ്റർ ഓഫിസിലെ മുറിയിലായിരുന്നു താമസം.

സ്റ്റാറിൽ ശനിയും ഞായറും മോണിങ് ഷോയുണ്ട്. ഒന്നാംതരം ഹോളിവുഡ് ക്ലാസിക്കുകൾ. ചിത്രങ്ങളുടെ കഥാസാരം എഴുതുന്ന ജോലി എം.കെയ്ക്ക് കൊടുത്തു സ്റ്റാർ സ്വാമി. ജോൺ ഏബ്രഹാം, അരവിന്ദൻ, തിരുവല്ലയിൽനിന്നു കെ.ജി ജോർജ് തുടങ്ങിയവരായിരുന്നു സ്ഥിരം കാണികൾ. മോണിങ് ഷോയുടെ ചുവപ്പ്, പച്ച കഥാസാര നോട്ടിസുകൾ നൂറുകണക്കിന് അടുക്കിസൂക്ഷിക്കുന്നുണ്ട്, ഇപ്പോഴും കെ.ജി. ജോർജ്. കുറച്ചുനാൾ മുൻപു കൊച്ചിയിൽ ജോർജും മാധവൻനായരും കണ്ടുമുട്ടിയപ്പോൾ ഞാൻ പരിചയപ്പെടുത്തി– ‘‘ഹോളിവുഡ്‌ സിനിമകളുടെ കഥാസാരമെഴുതിയ മഹാൻ.’’ ജോർജിനു വലിയ ബഹുമാനമായിപ്പോയി.

കാൽനൂറ്റാണ്ടുകാലം മലയാള സാഹിത്യപുസ്തകങ്ങളുടെ ബ്ലർബ് മുഴുവൻ തയാറാക്കിയിരുന്നതു മാധവൻ നായരാണ്. പഴയ എൻബിഎസ് പുസ്തകങ്ങളോർക്കുക. ശാസ്ത്രീയമായ ചിട്ടപ്പെടുത്തൽ ടൈറ്റിൽ പേജുകളെ പൂർണവും വിജ്ഞാനദായകവുമാക്കി. മലയാള പുസ്തകങ്ങൾ തനിമയിലും പൊലിമയിലും ദേശീയ നിലവാരത്തിലെത്തി. കാരൂരിനും ഡിസിക്കും ശേഷം അവരുടെ നല്ല പിൻഗാമിയായി 10 വർഷം സംഘം സെക്രട്ടറിയായി പ്രവർത്തിച്ചു. മലയാള ഗ്രന്ഥങ്ങളുടെ സുവർണ കാലം. തിരഞ്ഞെടുത്ത സമാഹാരങ്ങൾ, നിഘണ്ടുക്കൾ, ക്ലാസിക്കുകളുടെ പരിഭാഷകൾ തുടങ്ങിയവയിലൂടെ പുസ്തക നിർമാണം കല തന്നെയായി മാറി.

മലയാളത്തിലെ എല്ലാ എഴുത്തുകാരുമായും ഇത്രയധികം ആത്മബന്ധം സ്ഥാപിച്ച മറ്റൊരാൾ ഉണ്ടാവില്ല. അവ സ്വന്തം നേട്ടത്തിനോ പ്രശസ്തിക്കോ ഉപയോഗിച്ചുമില്ല. അരങ്ങിലേക്കു വെളിച്ചപ്പെടുകയോ മുൻനിരയിൽ ഇരിപ്പുറപ്പിക്കുകയോ ചെയ്യാത്ത നിശ്ശബ്ദ നേതൃത്വം. നന്നായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആൾ ആരെക്കുറിച്ചും അനുസ്മരണ പ്രഭാഷണം നടത്തുന്നതു കേട്ടിട്ടില്ല. നല്ല പരിഭാഷകനുമായിരുന്നു. അലസത കൊണ്ടാണോ അവഗണന കൊണ്ടാണോ പിൻവാങ്ങിനിന്നതെന്ന് അറിഞ്ഞുകൂടാ. അദ്ദേഹം ഹോം ലൈബ്രറി സൂക്ഷിക്കുന്നതു കണ്ട് അസൂയ തോന്നിയിട്ടുണ്ട്. അപൂർവസുന്ദര ഗ്രന്ഥങ്ങൾക്ക് ഒരു ജന്മം മുഴുവൻ കാവലിരുന്നു.

തൊണ്ണൂറു കഴിയുന്നതു വരെയും ഒരു ക്ഷീണവും ബാധിക്കാത്ത ആറടിപ്പൊക്കക്കാരൻ. മാധവൻ നായർ പോകാത്ത ഇടമില്ല. കൂടാത്ത ഉത്സവമില്ല. ഉണ്ണാത്ത സദ്യയില്ല. അദ്ദേഹം കാറിൽ സഞ്ചരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. കാൽനട വീരനായിരുന്നു. ഞാൻ കളിയാക്കിയിട്ടുണ്ട്, കേരളത്തിൽ ഏറ്റവുമധികം കല്യാണ സദ്യയുണ്ടതു ഡിസി സാറും എംകെയുമാണെന്ന്. കല്യാണത്തിനു വിളിച്ചാൽ എവിടെയായാലും പോകും. അതേസമയം, മരണവീട്ടിൽ പോകാൻ മടിയുമായിരുന്നു. വേണ്ടപ്പെട്ടവരുടെ വിയോഗം നേരിടാനാകാതെ ദുർബലനാകും അപ്പോൾ. ഇപ്പോൾ എംകെയുടെ വിയോഗം എന്നെയും ദുർബലനാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com